പഠനത്തിലെ കണ്ടെത്തലുകള്‍ പ്രകാരം എഐ അസിസ്റ്റന്റുകള്‍ നല്‍കിയ 45 ശതമാനം മറുപടികളിലും ഗുരുതരമായ ഒരു പിഴവെങ്കിലും ഉണ്ടായിരുന്നു. 81 ശതമാനത്തിലും ഏതെങ്കിലും തരത്തിലുള്ള പിഴവുണ്ടായിരുന്നു.
ലണ്ടന്‍: എഐ അസിസ്റ്റന്റുകള്‍ നല്‍കുന്ന മറുപടികളില്‍ പകുതിയോളവും വാര്‍ത്തകളെ തെറ്റായി ചിത്രീകരിക്കുന്നവയെന്ന് കണ്ടെത്തല്‍. യൂറോപ്യന്‍ ബ്രോഡ് കാസ്റ്റിങ് യൂണിയനും (ഇബിയു) ബിബിസിയും നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. വിശ്വാസ്യത, കൃത്യത, ജനാധിപത്യ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടാക്കാവുന്ന സ്വാധീനം എന്നിവയെക്കുറിച്ച് ആശങ്കകള്‍ ഉയര്‍ത്തുന്നതാണ് പഠനത്തിലെ കണ്ടെത്തലുകള്‍.
യുവജനങ്ങള്‍ അടക്കം അധികം പേരും വാര്‍ത്തകള്‍ക്കായി എഐ അസിസ്റ്റന്റുകളെയാണ് ഇപ്പോള്‍ ആശ്രയിക്കുന്നതെന്നാണ് റോയിട്ടേഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡിജിറ്റല്‍ ന്യൂസ് റിപ്പോര്‍ട്ട് 2025 വ്യക്തമാക്കുന്നത്.
ഈ സമയത്തു തന്നെ പുറത്തു വന്ന പഠനത്തിലെ കണ്ടെത്തലുകള്‍ എഐ കമ്പനികള്‍ സ്വന്തം ഉല്‍പന്നങ്ങളുടെ കൃത്യത ഉറപ്പാക്കണമെന്നും വാര്‍ത്തകള്‍ക്കായി എഐയെ ആശ്രയിക്കുന്ന ഉപയോക്താക്കള്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണമെന്നും മുന്നറിയിപ്പ് നല്‍കുന്നു.
വാര്‍ത്താ സംബന്ധമായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതില്‍ എഐ അസിസ്റ്റന്റുകളുടെ പ്രകടനം വിശദമായി വിലയിരുത്തിയാണ് പഠനം നടത്തിയത്. കൃത്യത, ഉറവിടം, വസ്തുതയും അഭിപ്രായവും തമ്മില്‍ വേര്‍തിരിച്ചറിയാനുള്ള കഴിവ് എന്നിവയില്‍ പഠനം ശ്രദ്ധ കേന്ദ്രീകരിച്ചു.
ചാറ്റ്ജിപിടി, കോപ്പൈലറ്റ്, ജെമിനി, പെര്‍പ്ലെക്സിറ്റി തുടങ്ങിയ വ്യാപകമായി ഉപയോഗിക്കുന്ന അസിസ്റ്റന്റുകളെ വിലയിരുത്തി 14 ഭാഷകളില്‍ ഗവേഷണം നടത്തി. അമേരിക്ക, ഫ്രാന്‍സ്, ജര്‍മ്മനി, സ്പെയിന്‍, ഉക്രെയ്ന്‍, ബ്രിട്ടന്‍ എന്നിവയുള്‍പ്പെടെ 18 രാജ്യങ്ങളില്‍ നിന്നുള്ള 22 മാധ്യമ സ്ഥാപനങ്ങള്‍ ഇതില്‍ പങ്കാളികളായി.
കണ്ടെത്തലുകള്‍ പ്രകാരം എഐ അസിസ്റ്റന്റുകള്‍ നല്‍കിയ 45 ശതമാനം മറുപടികളിലും ഗുരുതരമായ ഒരു പിഴവെങ്കിലും ഉണ്ടായിരുന്നു. 81 ശതമാനത്തിലും ഏതെങ്കിലും തരത്തിലുള്ള പിഴവുണ്ടായിരുന്നു.
വാര്‍ത്താ ഉറവിടവുമായി ബന്ധപ്പെട്ട പിഴവുകള്‍ ആശങ്ക ഉയര്‍ത്തുന്നതായിരുന്നു. എഐ അസിസ്റ്റന്റുകളുടെ മൂന്നിലൊന്ന് മറുപടികളിലും അവ ദൃശ്യമായിരുന്നു. മറ്റ് പ്രമുഖ അസിസ്റ്റന്റുകളില്‍ നിന്ന് വ്യത്യസ്തമായി ഗൂഗിളിന്റെ ജെമിനി നല്‍കിയ മറുപടികളില്‍ ഇത്തരം പിഴവുകള്‍ വളരെ കൂടുതലായിരുന്നു.
എല്ലാ മറുപടികളിലും കൃത്യതയുമായി ബന്ധപ്പെട്ട 20 ശതമാനം പ്രശ്നങ്ങള്‍ കണ്ടെത്തി. കാലഹരണപ്പെട്ട വിവരങ്ങളും വസ്തുതാപരമായ തെറ്റുകളും ഉള്‍പ്പെടെയാണിത്. ഫ്രാന്‍സിസ് മാര്‍പാപ്പ മരിച്ച് മാസങ്ങള്‍ക്ക് ശേഷവും അദേഹമാണ് നിലവിലെ മാര്‍പാപ്പയെന്ന് ചാറ്റ്ജിപിടി മറുപടി നല്‍കിയതടക്കം ഇതില്‍ ഉള്‍പ്പെടുന്നു.
'എന്തിനെയാണ് വിശ്വസിക്കേണ്ടതെന്ന് അറിയാതെ വരുമ്പോള്‍, ജനം ഒന്നിനെയും വിശ്വസിക്കാതെയാവും. അത് ജനാധിപത്യ പ്രവര്‍ത്തനങ്ങളെപ്പോലും തടസപ്പെടുത്തും'- യൂറോപ്യന്‍ ബ്രോഡ് കാസ്റ്റിങ് യൂണിയന്‍ (ഇബിയു) മീഡിയ ഡയറക്ടര്‍ ജീന്‍ ഫിലിപ്പ് ഡി ടെന്‍ഡര്‍ അഭിപ്രായപ്പെട്ടു.
എഐ കമ്പനികള്‍ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും വാര്‍ത്താ സംബന്ധമായ ചോദ്യങ്ങളോട് പ്രതികരിക്കുന്ന രീതി മെച്ചപ്പെടുത്തണമെന്നും ഇബിയു റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
അതിനിടെ, എഐ മോഡലുകള്‍ക്ക് തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങള്‍ സൃഷ്ടിക്കുന്ന ഹാലൂസിനേഷന്‍ എന്ന പ്രശ്നമുണ്ടെന്ന് പ്രമുഖ എഐ കമ്പനികളെല്ലാം സമ്മതിച്ചിട്ടുണ്ട്. അപര്യാപ്തമായ ഡാറ്റ പോലുള്ള ഘടകങ്ങള്‍ കാരണം ഉണ്ടാകുന്ന ഹാലൂസിനേഷന്‍ എന്ന പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്ന് ഓപ്പണ്‍ എഐയും മൈക്രോസോഫ്റ്റും മുന്‍പ് പറഞ്ഞിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.