അവസാന ലാപ്പില്‍ ദീപ്തി ഔട്ട്: കൊച്ചി മേയറായി ആദ്യം വി.കെ. മിനിമോള്‍; രണ്ടാം ടേമില്‍ ഷൈനി മാത്യു

അവസാന ലാപ്പില്‍ ദീപ്തി ഔട്ട്: കൊച്ചി മേയറായി ആദ്യം വി.കെ. മിനിമോള്‍; രണ്ടാം ടേമില്‍ ഷൈനി മാത്യു

ദീപ്തി മേരി വര്‍ഗീസ്,                            ഷൈനി മാത്യു,                                               വി.കെ. മിനിമോള്‍

കൊച്ചി: മഹിള കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ. മിനിമോള്‍ കൊച്ചി മേയറാകും. ടേം വ്യവസ്ഥ പ്രകാരം ആദ്യ രണ്ടരക്കൊല്ലമാണ് പാലാരിവട്ടം ഡിവിഷനില്‍ നിന്നുള്ള മിനിമോള്‍ മേയറാവുക. അയ്യപ്പന്‍കാവ് ഡിവിഷനെ പ്രതിനിധീകരിക്കുന്ന ദീപക് ജോയ് ഇക്കാലയളവില്‍ ഡെപ്യൂട്ടി മേയറാകും.

അവസാനത്തെ രണ്ടരക്കൊല്ലം ഫോര്‍ട്ട് കൊച്ചിയില്‍ നിന്നുള്ള ഷൈനി മാത്യുവിനാണ് മേയര്‍ പദവി. എറണാകുളം സൗത്തില്‍ നിന്ന് വിജയിച്ച കെ.വി.പി കൃഷ്ണകുമാര്‍ ഇക്കാലയളവില്‍ ഡെപ്യൂട്ടി മേയറാകും.

കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗത്തിന് ശേഷം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് പ്രഖ്യാപനം നടത്തിയത്. തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് തന്നെ കെപിസിസി ജനറല്‍ സെക്രട്ടറിയായ ദീപ്തി മേരി വര്‍ഗീസിനെ കൊച്ചി മേയര്‍ സ്ഥാനത്തേക്ക് യുഡിഎഫ് ഉയര്‍ത്തിക്കാണിച്ചിരുന്നു.

എന്നാല്‍ ഫല പ്രഖ്യാപനത്തിന് പിന്നാലെ എ,ഐ ഗ്രൂപ്പുകള്‍ സംയുക്തമായി ദീപ്തിയെ മേയര്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കുകയായിരുന്നു എന്നാണ് അവരെ അനുകൂലിക്കുന്നവര്‍ പറയുന്നത്.

പാര്‍ലമെന്റെറി പാര്‍ട്ടി യോഗത്തില്‍ ഷൈനി മാത്യുവിനാണ് കൂടുതല്‍ പിന്തുണ ലഭിച്ചത്. വി.കെ. മിനിമോള്‍ക്ക് 17 പേരുടെ പിന്തുണ ലഭിച്ചപ്പോള്‍ ഷൈനി മാത്യുവിനെ 19 പേരാണ് പിന്തുണച്ചത്. ദീപ്തിക്ക് നാലുപേരുടെ പിന്തുണ മാത്രമാണ് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്.

പാര്‍ട്ടിയുടെ ഔദ്യോഗിക പദവി വഹിക്കുന്ന വ്യക്തിക്ക് കൂടുതല്‍ പരിഗണന നല്‍കണമെന്ന് കെപിസിസി ഇറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതും തള്ളിക്കൊണ്ടാണ് തീരുമാനം വന്നിരിക്കുന്നത്. കൊച്ചി കോര്‍പറേഷനിലെ സ്റ്റേഡിയം വാര്‍ഡില്‍ നിന്നുള്ള പ്രതിനിധിയാണ് ദീപ്തി.

പാര്‍ട്ടിയില്‍ ദീപ്തിക്കുള്ള സീനിയോറിറ്റി പരിഗണിക്കണം എന്ന നിലപാടിലായിരുന്നു മുതിര്‍ന്ന നേതാക്കള്‍. ലത്തീന്‍ വിഭാഗത്തില്‍ നിന്നൊരാളെ മേയറാക്കണമെന്ന ആവശ്യം പാര്‍ട്ടിയിലെ ഒരു വിഭാഗം ഉയര്‍ത്തിയിരുന്നു.

അതേസമയം ദീപ്തി അനുകൂലിക്കുന്നവര്‍ കടുത്ത നിരാശയിലാണ്. മറ്റ് കോര്‍പറേഷനുകളിലൊന്നും ഇല്ലാത്ത രീതിയിലാണ് കൊച്ചിയിലെ മേയറെ തിരഞ്ഞെടുക്കാന്‍ എ, ഐ ഗ്രൂപ്പുകളും ഡിസിസിയും പ്രവര്‍ത്തിക്കുന്നതെന്നാണ് ആരോപണം.

കൗണ്‍സിലര്‍മാരെ നേരിട്ട് കണ്ട് അഭിപ്രായം ചോദിച്ചും രഹസ്യബാലറ്റ് തടഞ്ഞും ദീപ്തി മേരി വര്‍ഗീസിനെ വെട്ടാനുള്ള ശ്രമമാണ് നടത്തിയതെന്നും ഇവര്‍ ആരോപിക്കുന്നു.

കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് സൗമിനി ജെയിന്‍ മേയറായിരിക്കെ സമാനമായ രീതിയില്‍ ടേം വ്യവസ്ഥയില്‍ മേയര്‍ സ്ഥാനം പങ്കു വെക്കാനുള്ള ധാരണയുണ്ടാക്കുകയും പിന്നീട് സ്ഥാനമൊഴിയാതിരിക്കുകയും ചെയ്തത് വലിയ വിഭാഗീയതയ്ക്ക് വഴി വെച്ചിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.