ചിക്കാഗോ സീറോ മലബാർ രജത ജൂബിലി കൺവൻഷൻ : ഹൂസ്റ്റൺ സെൻ്റ് ജോസഫ് ഫൊറോനായിൽ കിക്കോഫ്

ചിക്കാഗോ സീറോ മലബാർ രജത ജൂബിലി കൺവൻഷൻ : ഹൂസ്റ്റൺ സെൻ്റ് ജോസഫ് ഫൊറോനായിൽ കിക്കോഫ്

ഹൂസ്റ്റൺ: അമേരിക്കയിലെ സീറോ മലബാർ രൂപതയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2026 ജൂലൈയിൽ ചിക്കാഗോയിൽ നടക്കാനിരിക്കുന്ന ദേശീയ കൺവെൻഷൻ്റെ രജിസ്ട്രേഷൻ നടപടികൾക്ക് ഹൂസ്റ്റണിൽ തുടക്കമായി. ഹൂസ്റ്റൺ സെൻ്റ് ജോസഫ് സീറോ മലബാർ കാത്തലിക് ഫൊറോനാ ദേവാലയത്തിലാണ് രജിസ്ട്രേഷൻ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം വിപുലമായ പരിപാടികളോടെ നടന്നത്.

രൂപതയുടെ ഇരുപത്തഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഈ മഹാസംഗമം വിശ്വാസികൾക്ക് ഒത്തുചേരാനുള്ള വലിയൊരു വേദിയായിരിക്കും. കൺവെൻഷനെക്കുറിച്ചുള്ള വിശദാംശങ്ങൾ പങ്കുവെക്കാനും രജിസ്ട്രേഷൻ ഏകോപിപ്പിക്കാനുമായി എത്തിയ പ്രതിനിധി സംഘത്തിന് ഇടവക സമൂഹം ഉജ്ജ്വല സ്വീകരണമാണ് നൽകിയത്.



വിപുലമായ ഒരുക്കങ്ങളുമായി കൺവെൻഷൻ ടീം:

രൂപതാ പ്രോക്യുറേറ്ററും ഇടവകയുടെ മുൻ വികാരിയുമായ ഫാ. കുര്യൻ നെടുവേലിചാലുങ്കലിൻ്റെ നേതൃത്വത്തിലുള്ള കൺവെൻഷൻ ടീമിന് ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ വലിയപറമ്പിൽ, അസിസ്റ്റൻ്റ് വികാരി ഫാ. ജോർജ് പാറയിൽ എന്നിവർ ചേർന്ന് വരവേൽപ്പ് നൽകി.

2019 ൽ ഹൂസ്റ്റണിൽ വിജയകരമായി നടന്ന കൺവെൻഷൻ്റെ കൺവീനറും വിജയശില്പിയും കൂടിയായിരുന്ന ഫാ. കുര്യൻ നെടുവേലിചാലുങ്കൽ ചിക്കാഗോ കൺവെൻഷൻ്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിക്കുകയും എല്ലാവരെയും ഈ ആത്മീയ സംഗമത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു.

കൺവെൻഷൻ സെക്രട്ടറി ബീന വള്ളിക്കളം, ഐടി നാഷണൽ ചീഫ് കോർഡിനേറ്റർ ജോർജ് നെല്ലിക്കുന്നേൽ, രജിസ്ട്രേഷൻ കോർഡിനേറ്റർ സണ്ണി വള്ളിക്കളം എന്നിവർ കൺവെൻഷൻ്റെ രൂപരേഖ അവതരിപ്പിച്ചു. ട്രസ്റ്റിമാരായ പ്രിൻസ് ജേക്കബ്, സിജോ ജോസ്, ജോജോ തുണ്ടിയിൽ, വർഗീസ് കുര്യൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ചടങ്ങിനിടെ തന്നെ അൻപതോളം കുടുംബങ്ങൾ രജിസ്ട്രേഷൻ പൂർത്തിയാക്കിയത് ഇടവകാംഗങ്ങളുടെ വലിയ താല്പര്യത്തിന് തെളിവായി.



മക്കോർമിക് പ്ലേസിൽ വിശ്വാസ സംഗമം:

2026 ജൂലൈ ഒമ്പത് മുതൽ 12 വരെ ഷിക്കാഗോയിലെ വിഖ്യാതമായ മക്കോർമിക് പ്ലേസ് കൺവെൻഷൻ സെൻ്ററിലാണ് സഭാ സംഗമം അരങ്ങേറുന്നത്. നോർത്ത് അമേരിക്കയിലെ ഏറ്റവും കൺവൻഷൻ സെന്ററാണിത്.

രൂപതയുടെ പ്രഥമ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്തിൻ്റെ മെത്രാഭിഷേക ജൂബിലി ആഘോഷങ്ങളും ഇതോടൊപ്പം നടക്കും. ആത്മീയ വളർച്ച ലക്ഷ്യമിട്ടുള്ള ക്ലാസുകൾ, ബിസിനസ് മീറ്റുകൾ, യുവജനങ്ങൾക്കും മുതിർന്നവർക്കുമായി പ്രത്യേകം തയ്യാറാക്കിയ ട്രാക്കുകൾ, കലാപരിപാടികൾ, മത്സരങ്ങൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് അണിയറയിൽ ഒരുങ്ങുന്നത്.

അമേരിക്കയിലെ സീറോ മലബാർ വിശ്വാസികൾക്ക് ഒത്തുചേരാനും ആശയവിനിമയം നടത്താനും പ്രവാസി സഭയുടെ വളർച്ചയ്ക്ക് പുതിയ ദിശാബോധം നൽകാനും ഈ കൺവെൻഷൻ വേദിയാകുമെന്ന് രൂപതാ അധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് സന്ദേശത്തിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി www.syroConvention.org എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.