കേക്ക് ഇല്ലാതെ എന്ത് ക്രിസ്മസ് ആഘോഷം അല്ലെ ? സാധാരണ ക്രിസ്മസ് കേക്കുകളില്‍ പഞ്ചസാരയും ബട്ടറും ധാരാളം അടങ്ങിയിട്ടുണ്ടാവും. ഇത് ആരോഗ്യത്തിന് അത്ര സുരക്ഷിതമായിരിക്കില്ല. അതുകൊണ്ട് തന്നെ ഫിറ്റ്‌നസ് ഫ്രീക്കുകള്‍ക്കായി ഇപ്പോള്‍ ഫിറ്റ്‌നസ് കേക്കുകളാണ് ട്രെന്‍ഡ്.
ജിമ്മില്‍ പോകുന്നവര്‍ക്കും ഡയറ്റ് ശ്രദ്ധിക്കുന്നവര്‍ക്കുമെല്ലാം സന്തോഷത്തോടെ ക്രിസ്മസിന് കേക്ക് കഴിക്കാന്‍ ഫിറ്റ്‌നസ് കേക്ക് റെസിപ്പികള്‍ നോക്കാം.
പ്രോട്ടീന്‍ പ്ലം കേക്ക്
പ്ലം കേക്കുകളുടെ രുചിയില്‍ ആരോഗ്യകരമായ ചേരുവകള്‍ ചേര്‍ത്തുണ്ടാക്കുന്നതാണ് പ്രോട്ടീന്‍ പ്ലം കേക്കുകള്‍.
ചേരുവകള്‍
ഗോതമ്പ് പൊടി- ഒരു കപ്പ്
വാനില/ബദാം ഫ്‌ലേവറുള്ള പ്രോട്ടീന്‍ പൗഡര്‍- അര കപ്പ്
കട്ടി കുറഞ്ഞ തേങ്ങാപ്പാല്‍-അര കപ്പ്
ശര്‍ക്കര പാനി/ ബ്രൗണ്‍ ഷുഗര്‍-രണ്ട് ടേബിള്‍ സ്പൂണ്‍
രണ്ട് മുട്ടയുടെ വെള്ള
ഈന്തപ്പഴം, ഉണക്കമുന്തിരി, അണ്ടിപ്പരിപ്പ്- മിതമായ അളവില്‍
ബേക്കിംഗ് പൗഡര്‍- ആവശ്യത്തിന്
ഉപ്പ്-ആവശ്യത്തിന്
തയ്യാറാക്കേണ്ട വിധം
ഒരു കപ്പ് ഗോതമ്പ് പൊടിയില്‍ അര കപ്പ് വാനില/ബദാം ഫ്‌ലേവറുള്ള പ്രോട്ടീന്‍ പൗഡര്‍ തേങ്ങാപ്പാല്‍ ഉപയോഗിച്ച് മാവ് കുഴച്ചെടുക്കാം. മധുരത്തിനായി രണ്ട് ടേബിള്‍ സ്പൂണ്‍ ശര്‍ക്കര പാനി അല്ലെങ്കില്‍ ബ്രൗണ്‍ ഷുഗര്‍ ഉപയോഗിക്കുക. രണ്ട് മുട്ടയുടെ വെള്ള ചേര്‍ക്കുന്നത് കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും. പിന്നീട് ഈന്തപ്പഴം, ഉണക്കമുന്തിരി, അണ്ടിപ്പരിപ്പ് എന്നിവ ചെറിയ അളവില്‍ ചേര്‍ക്കുക. ആവശ്യത്തിന് ബേക്കിങ് പൗഡറും ഉപ്പും ചേര്‍ത്ത് ബേക്ക് ചെയ്‌തെടുക്കാം.
റാഗി ചോക്ലേറ്റ് ലാവാ കേക്ക്
ചേരുവ
റാഗി പൊടി-മുക്കാല്‍ കപ്പ്
കൊക്കോ പൗഡര്‍-കാല്‍ കപ്പ്
ഒലിവ് ഓയില്‍-രണ്ട് ടേബിള്‍ സ്പൂണ്‍
ഈന്തപ്പഴത്തിന്റെ പള്‍പ്പ്/മേപ്പിള്‍ സിറപ്പ്-മധുരത്തിന് ആവശ്യത്തിന്
ബദാം പാല്‍-അര കപ്പ്
ഷുഗര്‍-ഫ്രീ ഡാര്‍ക്ക് ചോക്ലേറ്റ് ചിപ്സ്-രണ്ട് ടേബിള്‍ സ്പൂണ്‍
തയ്യാറാക്കേണ്ട വിധം
റാഗി പൊടിയില്‍ കാല്‍ കപ്പ് കൊക്കോ പൗഡര്‍ ചേര്‍ത്ത് മിക്‌സ് ചെയ്യുക. രണ്ട് ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയില്‍ അല്ലെങ്കില്‍ ബദാം ബട്ടര്‍ ചേര്‍ക്കാം ഈ മിക്‌സിലേക്ക് ചേര്‍ത്ത് നന്നായി യോജിപ്പിക്കാം. മധുരത്തിനായി ഈന്തപ്പഴത്തിന്റെ പള്‍പ്പോ അല്ലെങ്കില്‍ മേപ്പിള്‍ സിറപ്പോ ഉപയോഗിക്കുന്നതാണ് നല്ലത്. അര കപ്പ് ബദാം പാല്‍ കൂടി ചേര്‍ത്ത് മാവ് തയ്യാറാക്കിയ ശേഷം, കേക്കിന്റെ ഉള്ളിലെ ലാവാ ഫില്ലിങിനായി രണ്ട് ടേബിള്‍ സ്പൂണ്‍ ഷുഗര്‍-ഫ്രീ ഡാര്‍ക്ക് ചോക്ലേറ്റ് ചിപ്സ് ഉള്‍പ്പെടുത്തുക. ശേഷം ഇത് ബേക്ക് ചെയ്‌തെടുക്കാം.
ഓട്സ് ആന്‍ഡ് ഫ്രൂട്ട്‌സ് മഗ് കേക്ക്
ചേരുവ
ഓട്സ് പൊടി-നാല് ടേബിള്‍ സ്പൂണ്‍
മുട്ട-ഒന്ന്
ഗ്രീക്ക് യോഗര്‍ട്ട്-രണ്ട് ടേബിള്‍ സ്പൂണ്‍
തേന്‍ അല്ലെങ്കില്‍ സ്റ്റീവിയ- ആവശ്യത്തിന്
ബേക്കിംഗ് പൗഡര്‍- അര ടീസ്പൂണ്‍
തയ്യാറാക്കേണ്ട വിധം
വളരെ പെട്ടെന്ന് തയ്യാറാക്കിയെടുക്കാവുന്ന ഒരു ഹെല്‍ത്തി ഓപ്ഷനാണ് മഗ് കേക്ക്. ഓട്സ് പൊടിയാണ് പ്രധാനമായി വേണ്ടത്. ഒരു മുട്ടയും രണ്ട് ടേബിള്‍ സ്പൂണ്‍ ഗ്രീക്ക് യോഗര്‍ട്ടും ചേര്‍ക്കുന്നത് പ്രോട്ടീന്‍ അളവ് കൂട്ടാന്‍ സഹായിക്കും. മധുരത്തിനായി ആവശ്യത്തിന് തേന്‍ ഉപയോഗിക്കുക. അര ടീസ്പൂണ്‍ ബേക്കിങ് പൗഡര്‍ ചേര്‍ത്ത് നന്നായി ഇളക്കിയ ശേഷം ഒരു കപ്പില്‍ മൈക്രോവേവില്‍ വെച്ച് പെട്ടെന്ന് ബേക്ക് ചെയ്യാം. കേക്കിന്റെ മുകളില്‍ സ്‌ട്രോബെറി, കിവി, ബ്ലൂബെറി തുടങ്ങിയ പഴങ്ങള്‍ ഉപയോഗിച്ച് അലങ്കരിക്കുന്നത് രുചിക്ക് നല്ലതാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.