കൊച്ചി: ജിഎസ്ടി പരിഷ്‌കരണം പ്രാബല്യത്തില്‍ വരുന്നതോടെ മലയാളിയുടെ ഇഷ്ടവിഭവമായ പഴംപൊരിയുടെ വില കുറയും. സംസ്ഥാനത്തെ ബേക്കറികളില്‍ വിലയില്‍ പത്ത് ശതമാനത്തിന്റെ കുറവ് ഉണ്ടാകാനാണ് സാധ്യത.
പഴംപൊരി, വട, അട, കൊഴുക്കട്ട തുടങ്ങിയ ലഘു ഭക്ഷണങ്ങള്‍ക്ക് നേരത്തെ ചുമത്തിയിരുന്നത് 18 ശതമാനം ജിഎസ്ടി ആയിരുന്നു. കഴിഞ്ഞ ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് ഇവയുടെ നികുതി അഞ്ച് ശതമാനം സ്ലാബിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. മുമ്പ് 12 ശതമാനം സ്ലാബില്‍ ഉണ്ടായിരുന്ന മിക്സ്ചര്‍, വേഫറുകള്‍ തുടങ്ങിയ ഉല്‍പന്നങ്ങളുടെയും വില കുറയും. ഇവയെയും അഞ്ച് ശതമാനം സ്ലാബിലേക്ക് മാറ്റിയിട്ടുണ്ട്.
സംസ്ഥാനത്തെ ബേക്കറികള്‍ ഏഴ് ശതമാനം മുതല്‍ പത്ത് ശമാനം വരെ വില കുറയ്ക്കാന്‍ പദ്ധതിയിടുന്നുവെന്നാണ് എറണാകുളത്തും നഗരത്തിന് പുറത്തുമായി 50 ഓളം റീട്ടെയില്‍ ഔട്ട്ലെറ്റുകളുള്ള ബേക്കറി ബിയുടെ സിഇഒ വിജേഷ് വിശ്വനാഥ് പറഞ്ഞത്.
ഏകദേശം 10 രൂപ വിലയുള്ള പഴംപൊരിക്ക് ഒരു രൂപ കുറയും. വന്‍കിട ലഘുഭക്ഷണ നിര്‍മാതാക്കളും ബേക്കറികളും തത്വത്തില്‍ വില്‍പന വില കുറയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദേഹം പറഞ്ഞു.
18 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി നികുതി കുറയ്ക്കുമ്പോള്‍ ഫലത്തില്‍ തങ്ങള്‍ക്ക് നികുതി ഭാരം കുറയുക 11 ശതമാനമാണ്. പക്ഷേ ബേക്കറികള്‍ക്ക് യഥാര്‍ത്ഥത്തില്‍ നേട്ടം പൂജ്യമാണ്. വനസ്പതി പോലുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് തങ്ങള്‍ അഞ്ച് ശതമാനം നികുതി നല്‍കുകയും അതിന് ഇന്‍പുട്ട് ക്രെഡിറ്റ് നേടുകയും വേണമെന്ന് അദേഹം പറയുന്നു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഘടക ഉല്‍പന്നങ്ങളുടെ വിലയിലെ വര്‍ധന അസാധാരണമാണെന്നും ഗുണനിലവാരമുള്ള ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന ഉല്‍പാദകരുടെ ഭാരം വര്‍ധിക്കാന്‍ ഇത് കാരണമാകുന്നതായും വിജേഷ് ചൂണ്ടിക്കാട്ടി. നികുതി യുക്തി സഹമാക്കിയതിനെ കണ്ണൂര്‍ ആസ്ഥാനമായുള്ള ബേക്ക് സ്റ്റോറി ലൈവ് ബേക്കറിയുടെ മാനേജിങ് പാര്‍ട്ണര്‍ നൗഷാദ് എം സ്വാഗതം ചെയ്തു.
എല്ലാ ലഘു ഭക്ഷണങ്ങള്‍ക്കും രുചികരമായ വിഭവങ്ങള്‍ക്കും അഞ്ച് ശതമാനം നികുതി നിരക്ക് തങ്ങള്‍ക്ക് ആശ്വാസം നല്‍കി. വര്‍ഗീകരണ പ്രശ്നങ്ങള്‍ കാരണം പരമ്പരാഗത ലഘു ഭക്ഷണങ്ങള്‍ക്ക് വ്യത്യസ്ത പരിഗണനകളാണ് ലഭിച്ചിരുന്നത്. ഉദാഹരണത്തിന് പഴംപൊരിക്ക് 18 ശതമാനം നികുതി ചുമത്തിയപ്പോള്‍ ഉണ്ണിയപ്പത്തിന് അഞ്ച് ശതമാനമാണ് നികുതി. സെപ്റ്റംബര്‍ 22 മുതല്‍ തന്റെ ഔട്ട്ലെറ്റുകളില്‍ ഉല്‍പ്പന്നങ്ങള്‍ ഏഴ് മുതല്‍ 10 ശതമാനം വരെ വിലക്കുറവില്‍ വില്‍ക്കുമെന്നും നൗഷാദ് വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.