കിട്ടിയത് സാദാ ബ്ലേഡും ഫ്രൂട്ടി സ്ട്രോയും; അപകടത്തില്‍പ്പെട്ട യുവാവിന് റോഡില്‍ തന്നെ ശസ്ത്രക്രിയ നടത്തി ജീവന്‍ രക്ഷിച്ച് മൂന്ന് ഡോക്ടര്‍മാര്‍

കിട്ടിയത് സാദാ ബ്ലേഡും ഫ്രൂട്ടി സ്ട്രോയും; അപകടത്തില്‍പ്പെട്ട യുവാവിന് റോഡില്‍ തന്നെ ശസ്ത്രക്രിയ നടത്തി ജീവന്‍ രക്ഷിച്ച് മൂന്ന് ഡോക്ടര്‍മാര്‍

ഡോ. തോമസ് പീറ്റര്‍, ഭാര്യ ഡോ. ദിദിയ, ഡോ. മനൂപ് എന്നിവര്‍.

കൊച്ചി: വാഹനാപകടത്തില്‍പ്പെട്ട് ഗുരുതര പരിക്കുകളോടെ റോഡില്‍ കിടന്ന യുവാവിന് വഴിവക്കില്‍ അടിയന്തര ശസ്ത്രക്രിയ നടത്തി ജീവന്‍ രക്ഷിച്ച് മൂന്ന് ഡോക്ടര്‍മാര്‍.

എറണാകുളം ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയിലെ ഡോ. തോമസ് പീറ്റര്‍, ഭാര്യ ഡോ. ദിദിയ, കോട്ടയം മെഡിക്കല്‍ കോളജിലെ കാര്‍ഡിയോവാസ്‌കുലര്‍ തൊറാസിക് സര്‍ജന്‍ ഡോ. മനൂപ് എന്നിവര്‍ ചേര്‍ന്നാണ് റോഡില്‍ യുവാവിന് അടിയന്തര ശസ്ത്രക്രിയ നടത്തിയത്.

ആ സമയം ലഭ്യമായ റേസര്‍ ബ്ലേഡും സ്ട്രോയും ഉപയോഗിച്ച് ശ്വാസനാളം തുറന്നാണ് ഡോക്ടര്‍മാരുടെ സംഘം യുവാവിന്റെ ജീവന്‍ രക്ഷിച്ചത്. തുടര്‍ന്ന് യുവാവിനെ വൈറ്റില വെല്‍കെയര്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.

ഞായറാഴ്ച രാത്രി എട്ടരയോടെ എറണാകുളം ഉദയംപേരൂര്‍ വലിയംകുളത്താണ് ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റത്. ഇതില്‍ ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രക്കാരനായ ലിനീഷിനാണ് ഡോക്ടര്‍മാര്‍ അടിയന്തര വൈദ്യസഹായം നല്‍കിയത്.

സാധാരണയായി ആശുപത്രികളിലെ എമര്‍ജന്‍സി റൂമുകളില്‍ ജീവന്‍ രക്ഷിക്കാനായി ചെയ്യുന്ന ' സര്‍ജിക്കല്‍ ക്രിക്കോതൈറോട്ടോമി' എന്ന അടിയന്തര ചികിത്സയാണ് ഡോക്ടര്‍മാര്‍ നാട്ടുകാരുടെയും പൊലീസിന്റെയും സഹായത്തോടെ ചെയ്തത്.

അപകടത്തില്‍പ്പെട്ട യുവാവിന്റെ മൂക്കും പല്ലും തകര്‍ന്ന് രക്തം കട്ടപിടിച്ച് ശ്വാസനാളം അടഞ്ഞ നിലയിലായിരുന്നു. ശ്വാസം എടുക്കാന്‍ കഴിയാതെ 'റെസ്പിറേറ്ററി അറസ്റ്റ്' എന്ന അവസ്ഥയിലേക്ക് നീങ്ങുകയായിരുന്നു യുവാവ്.

തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കാന്‍ സമയം ഇല്ലാത്തതിനാല്‍ ലഭ്യമായ സാധനങ്ങള്‍ ഉപയോഗിച്ച് ശ്വാസനാളം തുറക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. നാട്ടുകാരും പൊലീസും വാങ്ങി നല്‍കിയ ഒരു റേസര്‍ ബ്ലേഡും ശീതള പാനീയങ്ങള്‍ കുടിക്കാനുപയോഗിക്കുന്ന സ്ട്രോയും ഉപയോഗിച്ചായിരുന്നു ശസ്ത്രക്രിയ നടത്തിയത്.

സംഭവത്തെക്കുറിച്ച് ഡോക്ടര്‍മാരായ തോമസ് പീറ്ററും ദിദിയയും പറയുന്നത് ഇങ്ങനെ:

'കുടുംബത്തോടൊപ്പം അമ്മയുടെ വീട്ടില്‍ പോയിട്ട് വരുന്ന വഴിക്കാണ് ഒരു ബ്ലോക്ക് കണ്ടത്. വണ്ടി നിര്‍ത്തി നോക്കുമ്പോഴേക്കും മേജര്‍ ആക്സിഡന്റാണെന്ന് മനസിലായി. ആള്‍ക്കൂട്ടം കണ്ട് പോയി നോക്കുമ്പോള്‍ അപകടത്തില്‍പ്പെട്ട ഒരാള്‍ റോഡരികില്‍ കിടപ്പുണ്ടായിരുന്നു.

ആളുടെ തലയിടിച്ചിട്ട് ചോര വരുന്നുണ്ട്. പക്ഷേ, അയാള്‍ സംസാരിക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആളുടെ ശ്വാസകോശത്തിന് പ്രശ്നം ഉണ്ടാവാനുള്ള സാധ്യത കുറവാണെന്ന് മനസിലായി. അപ്പോഴാണ് തൊട്ടടുത്ത് മറ്റൊരു ആള്‍ക്കൂട്ടം കണ്ടത്. നോക്കുമ്പോള്‍ അയാളുടെ മുഖത്തിന് നല്ല രീതിയില്‍ പരിക്ക് പറ്റുകയും ചോരയും മണ്ണുമൊക്കെ ആയ അവസ്ഥയിലായിരുന്നു.

അയാളുടെ കഴുത്ത് വേറൊരാള്‍ പിടിച്ചിട്ടുണ്ടായിരുന്നു. ഒരു മെഡിക്കല്‍ പ്രൊഫഷണല്‍ ചെയ്യുന്ന രീതിയിലാണ് അദേഹം പരിക്കേറ്റയാളുടെ കഴുത്ത് ഹോള്‍ഡ് ചെയ്തിരുന്നത്. അത് കണ്ടപ്പോള്‍ അദേഹത്തോട് വിവരം തിരക്കി. അപ്പോഴാണ് അദേഹവും ഡോക്ടറാണെന്നും മനൂപ് എന്നാണ് പേരെന്നും കോട്ടയം മെഡിക്കല്‍ കോളജിലാണ് ജോലി ചെയ്യുന്നതെന്നും അറിഞ്ഞത്.

അദേഹവും ഞങ്ങളെപ്പോലെ ആള്‍ക്കൂട്ടം കണ്ട് വണ്ടി നിര്‍ത്തി ഇറങ്ങിയതായിരുന്നു. അപ്പോഴേക്കും പരിക്കേറ്റയാള്‍ക്ക് ശ്വാസമെടുക്കാന്‍ കഴിയാത്ത സ്ഥിതിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഞങ്ങളും ഡോക്ടര്‍മാര്‍ ആണെന്ന് അറിഞ്ഞതോടെ ആളെ ഇങ്ങനെ വെച്ചുകൊണ്ടിരുന്നാല്‍ കിട്ടില്ല, നമുക്കൊന്ന് ട്രൈ ചെയ്തു നോക്കാമെന്ന് ആ ഡോക്ടര്‍ പറയുകയായിരുന്നു.

ശ്വാസകോശത്തിന് ഉള്ളിലേക്ക് ഒരു സ്ട്രോ വെച്ച് നമുക്ക് ട്രൈ ചെയ്തു നോക്കാം എന്ന് അദേഹമാണ് പറഞ്ഞത്. അങ്ങനെ അടുത്തുള്ള ആള്‍ക്കാരോട് ബ്ലേഡ് കിട്ടുമോയെന്ന് ചോദിച്ചു. ഒരു സാദാ റേസറും പേപ്പര്‍ സ്ട്രോയുമാണ് കിട്ടിയത്. അത് വെച്ച് ഒന്ന് ശ്രമിച്ച് നോക്കാമെന്ന് തീരുമാനിച്ചു.

പേപ്പര്‍ സ്ട്രോ ഇത്തിരി പാടാണ്. അപ്പോഴേക്കും അവിടെ ഉണ്ടായിരുന്ന ആരോ ഫ്രൂട്ടിയുടെ സ്ട്രോ കൊണ്ട് വന്നു. അത് വെച്ച് നമ്മള്‍ അത് റീപ്ലേസ് ചെയ്തു. ജീവന്‍ നിലനിര്‍ത്താന്‍ എന്താണോ ചെയ്യാന്‍ പറ്റുന്നത് അത് ചെയ്തോളാന്‍ പൊലീസുകാര്‍ പറഞ്ഞിരുന്നു.

അവിടെ ഉണ്ടായിരുന്ന നാട്ടുകാരും നന്നായി സഹകരിച്ചു. അടിയന്തര ശസ്ത്രക്രിയ നടത്താമെന്ന തീരുമാനത്തിലേക്ക് എത്തിയപ്പോഴേക്കും ആരും ഫോട്ടോയോ വീഡിയോ എടുക്കരുതെന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു. ഫ്ളാഷ് ലൈറ്റ് മാത്രം ഓണാക്കി നന്നായി ലൈറ്റ് തരണമെന്ന് പറഞ്ഞു.

അങ്ങനെ നാട്ടുകാരും പൊലീസും ആ സമയത്ത് എല്ലാ പിന്തുണയും നല്‍കുകയായിരുന്നു. ബ്ലേഡും സ്ട്രോയുമെല്ലാം ഒരു ജീവന്‍ രക്ഷിക്കാനായി അവര്‍ എവിടുന്നൊക്കെയോ കൊണ്ട് തരുകയായിരുന്നു. അപ്പോഴേക്കും ആംബുലന്‍സ് വരുകയും അയാളോടൊപ്പം ഡോക്ടര്‍ മനൂപ് തന്നെ ആംബുലന്‍സില്‍ കയറി പോവുകയും ചെയ്തു'.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.