ബുഷ് വെളിപ്പെടുത്താതിരുന്ന ആ രഹസ്യം ട്രംപ് ലോകത്തോട് പറയുമോ?.. എറിക് ഡേവിസിന്റെ അവകാശവാദം ശരിയോ?

ബുഷ് വെളിപ്പെടുത്താതിരുന്ന ആ രഹസ്യം ട്രംപ് ലോകത്തോട് പറയുമോ?.. എറിക് ഡേവിസിന്റെ അവകാശവാദം ശരിയോ?

അന്യഗ്രഹ ജീവികളെപ്പറ്റിയുള്ള ഡോക്യുമെന്ററിയുടെ ചുവടു പിടിച്ച് ചൂടേറിയ ചര്‍ച്ച.

വാഷിങ്ടണ്‍: അന്യഗ്രഹ ജീവികളെപ്പറ്റിയുള്ള ചര്‍ച്ച അമേരിക്കയില്‍ വീണ്ടും ശക്തമാകുന്നു. ആമസോണ്‍ പ്രൈമില്‍ അടുത്തയിടെ റിലീസ് ചെയ്ത 'ദി ഏജ് ഓഫ് ഡിസ്‌ക്ലോഷര്‍' എന്ന ഡോക്യുമെന്ററിയാണ് ചൂടേറിയ പുതിയ ചര്‍ച്ചകള്‍ക്ക് വഴി വച്ചത്.

മുന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച്.ഡബ്ല്യു. ബുഷിന് 1964 ല്‍ ന്യൂ മെക്‌സിക്കോയിലെ ഹോളോമാന്‍ എയര്‍ഫോഴ്‌സ് ബേസില്‍ നടന്ന അന്യഗ്രഹ ജീവികളുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് അറിയാമായിരുന്നു എന്നാണ് ഡോക്യുമെന്ററി അവകാശപ്പെടുന്നതെന്നും എന്നാല്‍ ഇതിനെ സാധൂകരിക്കുന്നതിനാവശ്യമായ തെളിവുകളൊന്നും ഡോക്യുമെന്ററിയില്‍ ഇല്ലെന്നും ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ജ്യോതി ശാസ്ത്രജ്ഞനായ എറിക് ഡേവിസിന്റെ അഭിമുഖത്തില്‍ ജോര്‍ജ് ബുഷ് 2003 ല്‍ തന്നോട് നടത്തിയ സ്വകാര്യ സംഭാഷണങ്ങളില്‍ ഹോളോമാന്‍ സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയെന്നാണ് എറിക് ഡേവിസ് അവകാശപ്പെടുന്നത്.

മൂന്ന് ബഹിരാകാശ വാഹനങ്ങള്‍ ബേസിനെ സമീപിക്കുകയും അവയിലൊന്ന് നിലത്തിറങ്ങി അതില്‍ നിന്ന് ഇറങ്ങിയ ഒരു അന്യഗ്രഹ ജീവി വ്യോമസേനാംഗങ്ങളുമായും സിഐഎ ഉദ്യോഗസ്ഥരുമായും ഇടപഴകിയെന്നും ബുഷ് അവകാശപ്പെട്ടുവെന്നാണ് എറിക് ഡേവിസിന്റെ വാദം.

കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ നിങ്ങള്‍ അത് അറിയേണ്ട ആവശ്യമില്ലെന്ന മറുപടിയാണ് ബുഷില്‍ നിന്ന് ലഭിച്ചതെന്നും എറിക് പറയുന്നു. അന്യഗ്രഹ ജീവികളെ കണ്ടെടുത്തിട്ടുണ്ടെന്ന് അവകാശപ്പെടുന്ന ഭൗതികശാസ്ത്രജ്ഞനും മുന്‍ എഎടിഐപി അംഗവുമായ ഹാല്‍ പുത്തോഫിന്റെ പരമാര്‍ശങ്ങളും ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അജ്ഞാത അസാധാരണ പ്രതിഭാസങ്ങള്‍ യാഥാര്‍ത്ഥ്യമാണെന്നും, അവ ഭൂമിയില്‍ തകര്‍ന്നു വീഴുകയും നോണ്‍ഹ്യൂമന്‍ ശരീരങ്ങള്‍ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ടെന്നും ഡോക്യുമെന്ററിയില്‍ പറയുന്നതായി സംവിധായകന്‍ ഡാന്‍ ഫറയെ ഉദ്ധരിച്ച് സിഎന്‍എനും റിപ്പോര്‍ട്ട് ചെയ്തു.

പതിറ്റാണ്ടുകളായി അമേരിക്കന്‍ ഭരണകൂടങ്ങള്‍ ഈ വിവരങ്ങളെല്ലാം മറച്ചു വെക്കുകയായിരുന്നുവെന്നും ഡോക്യുമെന്ററി ആരോപിക്കുന്നു. യു.എസ് സര്‍ക്കാര്‍, സൈന്യം, ഇന്റലിജന്‍സ് കമ്യൂണിറ്റികള്‍ എന്നിവയിലെ 34 മുതിര്‍ന്ന അംഗങ്ങളെ ഡോക്യുമെന്ററിയില്‍ അഭിമുഖം ചെയ്യുന്നുണ്ട്. പ്രസിഡന്റുമാര്‍ പോലും ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ അറിയേണ്ടതില്ല എന്ന തരത്തിലാണ് പലപ്പോഴും കാര്യങ്ങള്‍ നടന്നതെന്നും ഡോക്യുമെന്ററി വ്യക്തമാക്കുന്നു.

ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ ഭരണ കാലത്ത്, അദേഹം ഈ വിഷയവുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ സത്യങ്ങള്‍ പരസ്യമായി പ്രഖ്യാപിക്കാന്‍ ആലോചിച്ചിരുന്നു എന്നും ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തുന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ആലോചിച്ച ഈ വെളിപ്പെടുത്തലിന് ഡോക്യുമെന്ററിയുടെ റിലീസോടെ പ്രസിഡന്റിന് കൂടുതല്‍ അനുകൂലമായ സാഹചര്യം ഉണ്ടാകുമെന്നും മനുഷ്യരാശി പ്രപഞ്ചത്തില്‍ ഒറ്റക്കല്ലെന്ന് ലോകത്തോട് പറയുന്ന നേതാവായി അദേഹം മാറുമെന്നും ഫറ എബിസി ന്യൂസിനോട് പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.