ബെയ്ജിങ്: ഹ്രസ്വകാല ബഹിരാകാശ യാത്ര സസ്തനികളുടെ പ്രത്യുത്പാദന ശേഷിയെ പ്രതികൂലമായി ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ചൈന നടത്തിയ പരീക്ഷണം വിജയം.
ചൈനയുടെ ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്ത ഒരു പെണ്‍ എലി ഭൂമിയില്‍ തിരിച്ചെത്തിയ ശേഷം ഒമ്പത് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. ചൈനയുടെ ഷെന്‍ഷോ 21 ദൗത്യത്തിന്റെ ഭാഗമായിരുന്നു ഈ പരീക്ഷണം.
കഴിഞ്ഞ ഒക്ടോബര്‍ 31 നായിരുന്നു ചൈന നാല് എലികളെ ഷെന്‍ഷോ 21 ബഹിരാകാശ പേടകത്തില്‍ അവരുടെ ബഹിരാകാശ നിലയത്തിലേക്ക് അയച്ചത്. ഭൂമിയില്‍ നിന്ന് ഏകദേശം 400 കിലോ മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സ്റ്റേഷനില്‍ ഈ എലികള്‍ രണ്ടാഴ്ച ചെലവഴിച്ചു.
മൈക്രോഗ്രാവിറ്റി, ബഹിരാകാശ വികിരണം, ബഹിരാകാശത്തിന്റെ അതുല്യമായ അവസ്ഥകള്‍ എന്നിവ അവ അനുഭവിച്ചു. അതിനിടെ എലികളില്‍ ഒന്ന് ഗര്‍ഭിണിയായി. നവംബര്‍ 14 ന് അവര്‍ സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചെത്തി. തുടര്‍ന്ന് ഡിസംബര്‍ 10 ന് എലി ഒമ്പത് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി.
ഇതില്‍ ആറ് കുഞ്ഞുങ്ങള്‍ അതിജീവിച്ചു. അമ്മ നന്നായി മുലയൂട്ടുന്നു... കുഞ്ഞുങ്ങള്‍ നന്നായി വളരുന്നു. ഹ്രസ്വ ബഹിരാകാശ യാത്ര എലികളുടെ പ്രത്യുല്‍പാദന ക്ഷമതയെ ബാധിക്കില്ലെന്ന് ഇത് തെളിയിക്കുന്നുവെന്ന് ചൈനീസ് അക്കാദമി ഓഫ് സയന്‍സസിലെ ഗവേഷകന്‍ വാങ് ഹോങ്മെയ് പറഞ്ഞു.
മുന്‍ പരീക്ഷണങ്ങളില്‍ ബഹിരാകാശത്ത് നിന്ന് തിരിച്ചെത്തിയ എലികളുടെ ബീജം ബീജസങ്കലനം ചെയ്യാന്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ ഇത്തവണ പൂര്‍ണ വളര്‍ച്ചയെത്തിയ പെണ്‍ എലി ബഹിരാകാശത്തേക്ക് പോയി ഗര്‍ഭിണിയായി ഭൂമിയില്‍ തിരിച്ചെത്തി പ്രസവിച്ചു.
ബഹിരാകാശത്ത് എലികളുടെ ആവാസ വ്യവസ്ഥയില്‍ ഭൂമിയുടേതിന് സമാനമായ ഒരു പകല്‍-രാത്രി ചക്രം നിലനിര്‍ത്താന്‍ രാവിലെ ഏഴ് മണിക്ക് ലൈറ്റുകള്‍ ഓണാക്കുകയും വൈകുന്നേരം ഏഴിന് ഓഫ് ചെയ്യുകയും ചെയ്തു. ഭക്ഷണം പോഷക സമൃദ്ധമായിരുന്നു. എലികളുടെ ചലനങ്ങള്‍, ഭക്ഷണം കഴിക്കല്‍, ഉറക്ക രീതികള്‍ എന്നിവ ശാസ്ത്രജ്ഞര്‍ ക്യാമറ വഴി പ്രത്യേകം നിരീക്ഷിച്ചിച്ചിരുന്നു.
എലികള്‍ ജനിതകപരമായി മനുഷ്യരുമായി വളരെ സാമ്യമുള്ളവയാണ്. അവ മനുഷ്യരെപ്പോലെ വേഗത്തില്‍ സമ്മര്‍ദങ്ങളോട് പ്രതികരിക്കുമെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.
എന്നാല്‍ ഒരു എലി അമ്മയാകുന്നത് എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കുന്നില്ല. പക്ഷേ, ബഹിരാകാശത്ത് മനുഷ്യ പ്രത്യുത്പാദനം സാധ്യമാകുമെന്ന പ്രതീക്ഷ അത് നല്‍കുന്നുവെന്നും ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.