ഐഡ പ്രിയതമന് നല്‍കിയ പ്രണയ സമ്മാനം; 137 വര്‍ഷം പഴക്കമുള്ള ആ സ്വര്‍ണ പോക്കറ്റ് വാച്ച് ലേലത്തില്‍ വിറ്റത് 20.9 കോടി രൂപയ്ക്ക്!

ഐഡ പ്രിയതമന് നല്‍കിയ പ്രണയ സമ്മാനം; 137 വര്‍ഷം പഴക്കമുള്ള ആ സ്വര്‍ണ പോക്കറ്റ് വാച്ച് ലേലത്തില്‍ വിറ്റത് 20.9 കോടി രൂപയ്ക്ക്!

ലണ്ടന്‍: ഏതാണ്ട് ഒന്നര നൂറ്റാണ്ട് (137 വര്‍ഷം) പഴക്കമുള്ള 18 കാരറ്റിന്റെ സ്വര്‍ണ പോക്കറ്റ് വാച്ച് കഴിഞ്ഞ ദിവസം ലേലത്തില്‍ പോയത് 17.8 ലക്ഷം പൗണ്ടിന് (ഏകദേശം 20.9 കോടി രൂപ)! ഇസിഡോര്‍ സ്ട്രോസ് എന്ന അമേരിക്കന്‍ വ്യവസായിക്ക് ഭാര്യ ഐഡയുടെ പ്രണയ സമ്മാനമായിരുന്നു ആ വാച്ച്.

സ്വര്‍ണത്തിന്റെ തൂക്കം കൊണ്ടോ, വ്യവസായിയുടെ കൈയ്യില്‍ കെട്ടിയതു കൊണ്ടോ അല്ല വാച്ചിന് ഇത്രയും വില ലഭിച്ചത്. മറിച്ച്, ജൂള്‍ ജുര്‍ഗെന്‍സന്‍ കമ്പനി 18 കാരറ്റില്‍ നിര്‍മിച്ച ആ വാച്ചിന് കണ്ണീരിന്റെ നനവുള്ള വലിയൊരു ചരിത്രം പറയാനുണ്ട്... ഒരുപറ്റം മനുഷ്യരുടെ സ്വപ്‌നങ്ങളത്രയും കടലാഴങ്ങളില്‍ ആണ്ടു പോയ മഹാ ദുരന്തത്തിന്റെ ചരിത്രം.

113 വര്‍ഷം മുന്‍പാണത്... കൃത്യമായി പറഞ്ഞാല്‍ 1912 ഏപ്രില്‍ 14 ന്. 1500 ലേറെ ആളുകളുമായി ഇംഗ്ലണ്ടിലെ സൗതാംപ്ടണില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് കന്നിയാത്ര പോയ ടൈറ്റാനിക് എന്ന അത്യാഢംബര കപ്പല്‍ കൂറ്റന്‍ മഞ്ഞു പാളിയില്‍ ഇടിച്ച് തകര്‍ന്ന ദിവസം. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ മുങ്ങിപ്പോയ ആ കപ്പലിലെ യാത്രക്കാരായിരുന്നു ഇസിഡോര്‍ സ്ട്രോസും ഭാര്യ ഐഡയും.

ഇസിഡോര്‍ സ്ട്രോസിന്റെ മൃതദേഹത്തില്‍ നിന്നായിരുന്നു പോക്കറ്റ് വാച്ച് കണ്ടെത്തിയത്. അറ്റ്ലാന്റിക് സമുദ്രത്തില്‍ ടൈറ്റാനിക് മുങ്ങിയ സമയത്തിന് സമാനമായി പുലര്‍ച്ചെ 2:20 ന് പ്രവര്‍ത്തനം നിലച്ച നിലയിലായിരുന്നു വാച്ച്.

1888 ല്‍ നാല്‍പത്തിമൂന്നാം ജന്മ ദിനത്തില്‍ സ്ട്രോസിന്റെ ഭാര്യ ഐഡ തന്റെ പിയതമന് സമ്മാനമായി നല്‍കിയതായിരുന്നു സ്ട്രോസ് എന്ന് പേരെഴുതിയ ആ സ്വര്‍ണ പോക്കറ്റ് വാച്ച്. ദുരന്തത്തില്‍ മരിച്ച സ്ട്രോസിന്റെ മൃതദേഹം കണ്ടെത്തിയെങ്കിലും ഐഡയെ കണ്ടെത്താനായില്ല.

അപകടത്തിന് ശേഷം ഭൗതിക ശേഷിപ്പായി വാച്ച് സ്ട്രോസ് കുടുംബത്തിന്റെ പക്കല്‍ തിരിച്ചെത്തി. കുടുംബത്തിലെ മൂന്നാം തലമുറയില്‍പ്പെട്ട കെന്നത്ത് ഹോളിസ്റ്റര്‍ സ്ട്രോസ് ആണ് പിന്നീട് വാച്ച് നന്നാക്കി സൂക്ഷിച്ചത്. വ്യവസായിയായിരുന്ന കെന്നത്ത് ഹോളിസ്റ്റര്‍ 1991 ല്‍ മരിച്ചു. ബ്രിട്ടനിലെ ഹെന്റി ഓള്‍റിഡ്ജ് ആന്‍സണ്‍ എന്ന ലേല കമ്പനിയാണ് കഴിഞ്ഞ ദിവസം വാച്ച് വന്‍ തുകയ്ക്ക് ലേലത്തില്‍ വിറ്റത്.

ടൈറ്റാനിക്ക് അപകടത്തില്‍ നിന്നും നിന്ന് 700 പേരെ രക്ഷപ്പെടുത്തിയ കാര്‍പാത്തിയ എന്ന കപ്പലിന്റെ ക്യാപ്റ്റന് സമ്മാനമായി ലഭിച്ച സ്വര്‍ണ പോക്കറ്റ് വാച്ചും കമ്പനി നേരത്തെ ലേലം ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ലേലത്തില്‍ 15.6 ലക്ഷം പൗണ്ടിനാണ് (ഏകദേശം 18 കോടി രൂപ) വാച്ച് വിറ്റു പോയത്. ലഭിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.