ഇന്ത്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വ്യത്യസ്തമാകുന്നത് എങ്ങനെ ?

ഇന്ത്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വ്യത്യസ്തമാകുന്നത് എങ്ങനെ ?

രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഭരണ കാലാവധി ജൂലൈ 25ന് അവസാനിക്കുന്ന വേളയില്‍ ഭരണകക്ഷിയും പ്രതിപക്ഷവും പുതിയ രാഷ്ട്രപതി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. എന്‍.ഡി.എ സ്ഥാനാര്‍ഥിയായി ദ്രൗപതി മുര്‍മുവും പ്രതിപക്ഷ സ്ഥാനാര്‍ഥിയായി യശ്വന്ത് സിന്‍ഹയുമാണ് മത്സര രംഗത്ത്. ജൂലൈ 18നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്. രാജ്യസഭാ സെക്രട്ടറി ജനറലാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വരണാധികാരി. 21ന് ഫലപ്രഖ്യാപനം. പുതിയ രാഷ്ട്രപതി ജൂലൈ 25ന് സത്യപ്രതിജ്ഞ ചെയ്യും.

ഭരണഘടനയുടെ 62ാം അനുച്ഛേദം അനുസരിച്ച് നിലവിലുള്ള രാഷ്ട്രപതി സ്ഥാനമൊഴിയുന്നതിനു മുമ്പു തന്നെ പുതിയ രാഷ്ട്രപതിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് നടത്തണം. ഭരണഘടനയുടെ 324ാം അനുച്ഛേദം 1952ലെ രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പു നിയമം അനുസരിച്ച് രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ മേല്‍നോട്ടവും നിയന്ത്രണവും കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനായിരിക്കും.

ഔദ്യോഗിക പദവിയില്‍ പ്രവേശിച്ച തീയതി മുതല്‍ അഞ്ച് വര്‍ഷത്തേക്കാണ് രാഷ്ട്രപതി അധികാരമേല്‍ക്കുക. കാലാവധി അവസാനിച്ചാലും അദ്ദേഹത്തിന്റെ പിന്‍ഗാമി ഓഫിസില്‍ പ്രവേശിക്കുന്നതുവരെ രാഷ്ട്രപതിക്ക് തുടരാനാകും. നിലവിലെ സാഹചര്യത്തില്‍ ഭരണകക്ഷിയായ എന്‍.ഡി.എയ്ക്ക് തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാനുള്ള ഭൂരിപക്ഷമുണ്ട്.

ഇന്ത്യയുടെ സര്‍വ്വ സൈന്യാധിപനായ രാഷ്ട്രപതിയെ എങ്ങനെയാണ് തെരഞ്ഞെടുക്കുന്നത് എന്നത് പലര്‍ക്കും വ്യക്തമല്ല. മറ്റ് തെരഞ്ഞെടുപ്പുകള്‍ പോലെയല്ല രാഷ്ട്രപതി തെരഞ്ഞെടുപ്പ്. ഒട്ടനവധി പ്രത്യേകതകളുള്ള ഇന്ത്യന്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്നത് എങ്ങനെയാണെന്ന് അറിയാം.

ആര്‍ക്കെല്ലാം വോട്ട് ചെയ്യാം?

എം.പിമാരെയും എം.എല്‍.എമാരെയും പോലെ ജനങ്ങള്‍ നേരിട്ടല്ല രാഷ്ട്രപതിയെ തെരഞ്ഞെടുക്കുക. പാര്‍ലമെന്റിലെയും സംസ്ഥാന നിയമസഭകളിലേയും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ചേര്‍ന്നാണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. ഒരു ഇലക്ടറല്‍ കോളജിനാണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കാന്‍ അവസരം. ലോകസഭ, രാജ്യസഭ, സംസ്ഥാനങ്ങളിലെ നിയമസഭകള്‍, ഡല്‍ഹി, പുതുച്ചേരി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമസഭാംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് ഇലക്ടറല്‍ കോളജ്.
പാര്‍ലമെന്റിലെയും നിയമസഭകളിലെയും നോമിനേറ്റഡ് അംഗങ്ങള്‍ക്ക് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുള്ള അധികാരമില്ല. ഇവര്‍ ജനങ്ങളാല്‍ നേരിട്ട് തെരഞ്ഞെടുക്കപ്പെട്ടവരല്ല എന്നതാണ് കാരണം.

ഇത്തവണത്തെ വോട്ടുകള്‍ എത്ര?

ഇത്തവണ 4,033 എംഎല്‍എമാരും 776 എംപിമാരും അടക്കം ആകെ 4,809 വോട്ടര്‍മാരാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുക.

വോട്ടെടുപ്പ് എവിടെയെല്ലാം?

എംപിമാര്‍ക്ക് പാര്‍ലമെന്റിനുള്ളിലും എംഎല്‍എ മാര്‍ക്ക് നിയമസഭാ മന്ദിരത്തിലും വോട്ട് ചെയ്യാന്‍ സാധിക്കും. തെരഞ്ഞെടുപ്പില്‍ ഒരു എംപി യുടെ മൂല്യം എന്നത് 700 ആണ്. ഇത്തവണത്തെ ആകെ വോട്ട് മൂല്യം 10,86,431 ആണ്. ഇതില്‍ എംപിമാരുടെ മൂല്യം 5,43,200ഉം, എംഎല്‍എ മാരുടേത് 5,43,231ഉം ആണ്.

ഒരു അംഗത്തിന് എത്ര വോട്ട് ചെയ്യാം?

എല്ലാ ജനങ്ങളെയും പ്രതിനിധീകരിക്കുന്ന വോട്ടിങ് രീതി ആയിരിക്കണം എന്നതിനാല്‍ ഓരോ സംസ്ഥാനത്തെയും ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് വോട്ട് നിശ്ചയിക്കുന്നത്. ഇതനുസരിച്ച് എംഎല്‍എ മാര്‍ക്കും എംപിമാര്‍ക്കും ഒന്നിലധികം വോട്ട് ഉണ്ടാകും. ഒരു സംസ്ഥാനത്തെ മൊത്തം ജനസംഖ്യയെ അവിടുത്തെ തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടെ എണ്ണം കൊണ്ടു ഹരിച്ച് കിട്ടുന്ന സംഖ്യയെ 1000 കൊണ്ട് വീണ്ടും ഹരിച്ചാണ് ഒരു എംഎല്‍എയുടെ വോട്ട് കണക്കാക്കുന്നത്. 1971ലെ സെന്‍സസ് പ്രകാരമുള്ള ജനസംഖ്യയാണ് നിലവില്‍ വോട്ട് കണക്കാക്കാന്‍ ഉപയോഗിക്കുന്നത്. ഇത് 2026വരെ തുടരും.

വിപ്പ് പാടില്ല

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഒരു പ്രത്യേക സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യണം എന്നാവശ്യപ്പെട്ട് അംഗങ്ങള്‍ക്ക് വിപ്പ് നല്‍കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അനുമതിയില്ല.

രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വോട്ടിങ്ങ് എങ്ങനെ?

പതിവ് ബാലറ്റ് വോട്ടിങ് രീതിയില്‍ നിന്നു വ്യത്യസ്തമാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ വോട്ടിങ്. സ്ഥാനാര്‍ത്ഥികളെ വോട്ടര്‍മാര്‍ തങ്ങളുടെ പരിഗണന അനുസരിച്ച് ലിസ്റ്റ് ചെയ്യുകയാണ് ചെയ്യുന്നത്. അതേസമയം, ഏറ്റവും കൂടുതല്‍ പ്രഥമ പരിഗണനാ വോട്ടുകള്‍ ലഭിക്കുന്നയാള്‍ ജയിക്കില്ല. കാരണം തെരഞ്ഞെടുക്കപ്പെടാന്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് വേണ്ട വോട്ടുകള്‍ എത്രയാണെന്ന് മറ്റൊരു രീതിയിലാണ് തീരുമാനിക്കുന്നത്. ഇതിന് ക്വോട്ട വോട്ട് എന്നു പറയും.

ക്വോട്ട വോട്ട് നിശ്ചയിക്കുന്നത് എങ്ങനെ?

ആകെ സാധുവായ വോട്ടുകളെ സ്ഥാനാര്‍ത്ഥികളുടെ എണ്ണം കൊണ്ട് ഹരിച്ച് കിട്ടുന്ന സംഖ്യയോട് ഒന്നു കൂട്ടിയാണ് ക്വോട്ട വോട്ട് നിശ്ചയിക്കുന്നത്. ആദ്യഘട്ടത്തില്‍ത്തന്നെ ഒരു സ്ഥാനാര്‍ത്ഥി ക്വോട്ട വോട്ട് നേടുകയാണെങ്കില്‍ ആ സ്ഥാനാര്‍ത്ഥിയെ രാഷ്ട്രപതിയായി തെരഞ്ഞെടുക്കുന്നു.

അതേസമയം ആദ്യഘട്ടത്തില്‍ ആര്‍ക്കും ക്വോട്ട വോട്ട് ലഭിച്ചില്ലെങ്കില്‍ ഏറ്റവും കുറവ് വോട്ട് ലഭിച്ചയാളെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കുകയും അയാളുടെ വോട്ട് മറ്റുള്ളവര്‍ക്ക് അവര്‍ക്ക് ലഭിച്ച രണ്ടാം പരിഗണനയുടെ അടിസ്ഥാനത്തില്‍ വീതിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് കൂടുതല്‍ ക്വോട്ട വോട്ട് ലഭിച്ചയാളെ വിജയിയായി പ്രഖ്യാപിക്കുകയുമാണ് ചെയ്യുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.