കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: അനില്‍ അംബാനിയുടെ 1120 കോടിയുടെ ആസ്തികള്‍ ഇഡി കണ്ടുകെട്ടി

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: അനില്‍ അംബാനിയുടെ 1120 കോടിയുടെ ആസ്തികള്‍ ഇഡി കണ്ടുകെട്ടി

മുംബൈ: റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയുടെ 1120 കോടി രൂപയുടെ ആസ്തികള്‍ കൂടിഎന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. അനില്‍ അംബാനിയുടെ കമ്പനികള്‍ക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്റെ തുടര്‍ച്ചയായാണ് നടപടി. മുംബൈയിലെ റിലയന്‍സ് സെന്റര്‍, ഒരു ഗസ്റ്റ് ഹൗസ്, ചില താമസ സ്ഥലങ്ങള്‍, ചെന്നൈയിലെ 231 പ്ലോട്ടുകള്‍ എന്നിവ കണ്ടുകെട്ടിയവയില്‍പ്പെടുന്നു.

റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡ് (ആര്‍എച്ച്എഫ്എല്‍), റിലയന്‍സ് കൊമേഴ്സ്യല്‍ ഫിനാന്‍സ് ലിമിറ്റഡ് (ആര്‍സിഎഫ്എല്‍) എന്നിവയുടെ ഉടമസ്ഥതയിലുള്ളവയാണ് ഈ സ്വത്തുക്കള്‍. യെസ് ബാങ്കിലെ ഒരു തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള അന്വേഷണമാണ് ഇതെന്നാണ് ഇഡി വ്യക്തമാക്കുന്നത്. നേരത്തേ അനില്‍ അംബാനിയുടെ ബിസിനസ് ഗ്രൂപ്പിന്റെ 8997 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി മരവിപ്പിച്ചിരുന്നു.

പുതിയ നടപടികൂടി ആയതോടെ മൊത്തം 10,117 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമ പ്രകാരം താല്‍കാലികമായി കണ്ടുകെട്ടിയ 18 സ്ഥാവര സ്വത്തുക്കളില്‍ ബല്ലാര്‍ഡ് എസ്റ്റേറ്റിലെ റിലയന്‍സ് സെന്റര്‍, അന്ധേരി ഈസ്റ്റിലെ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ ഒരു വാണിജ്യ ഓഫീസ് കെട്ടിടം, സാന്റാക്രൂസിലെ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ താമസ സൗകര്യങ്ങളും ഒരു ഗസ്റ്റ് ഹൗസും ഉള്‍പ്പെടുന്നു. ഇവയെല്ലാം മുംബൈയിലാണ് സ്ഥിതി ചെയ്യുന്നത്.

റിലയന്‍സ് വാല്യൂ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ചെന്നൈയിലെ 231 വസ്തുക്കളും ഏഴ് ഫ്ളാറ്റുകളും ഇതേ ഉത്തരവിന്റെ ഭാഗമായിത്തന്നെയാണ് കണ്ടുകെട്ടിയത്. കണ്ടുകെട്ടിയ സ്വത്തുക്കളില്‍ സ്ഥിര നിക്ഷേപങ്ങള്‍, ബാങ്ക് നിക്ഷേപങ്ങള്‍, റിലയന്‍സ് അനില്‍ അംബാനി ഗ്രൂപ്പിന്റെ ഓഹരികള്‍ എന്നിവ ഉള്‍പ്പെടുന്നു. കണ്ടുകെട്ടലിന്റെ ആകെ മൂല്യം 1120 കോടിയാണ്.

എന്നാല്‍ റിലയന്‍സ് ഗ്രൂപ്പിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ അംബാനി ഇടപെടല്‍ നടത്തിയിരുന്നില്ലെന്നാണ് കമ്പനികള്‍ ആവര്‍ത്തിച്ച് പറയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.