ജെയ്ഷെയുടെ വനിതാ വിഭാഗത്തിലേക്ക് അയ്യായിരം പേരെ റിക്രൂട്ട് ചെയ്‌തെന്ന് അവകാശവാദം; 'മരിച്ചാല്‍ നേരേ സ്വര്‍ഗത്തിലേക്കെന്ന്' മസൂദിന്റെ വാഗ്ദാനം

ജെയ്ഷെയുടെ വനിതാ വിഭാഗത്തിലേക്ക് അയ്യായിരം പേരെ റിക്രൂട്ട് ചെയ്‌തെന്ന് അവകാശവാദം; 'മരിച്ചാല്‍ നേരേ സ്വര്‍ഗത്തിലേക്കെന്ന്' മസൂദിന്റെ വാഗ്ദാനം

ഇസ്ലമാബാദ്: പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഇസ്ലാമിക ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ വനിതാ വിഭാഗത്തിലേക്ക് 5,000 പേരെ റിക്രൂട്ട് ചെയ്തതായി സംഘടനയുടെ സ്ഥാപകനും തലവനുമായ മസൂദ് അസറിന്റെ അവകാശവാദം.

ജെയ്‌ഷെ മുഹമ്മദിന്റെ വനിതാ വിഭാഗമായ ജമാ അത്ത്-ഉല്‍-മോമിനാത്തില്‍ അംഗങ്ങളായവരെ ചാവേര്‍ ആക്രമണങ്ങള്‍ക്കായി പരിശീലിപ്പിക്കുകയും ഇവരില്‍ ഭീകര വാദം വളര്‍ത്തുകയും ചെയ്യുന്നതായാണ് റിപ്പോര്‍ട്ട്.

മസൂദ് അസറിന്റെ സഹോദരി സയീദയുടെ നേതൃത്വത്തിലാണ് ജമാ അത്ത്-ഉല്‍-മോമിനാത്ത് രൂപവല്‍കരിച്ചിരിക്കുന്നത്. വനിതാ വിഭാഗത്തിലൂടെ ഭീകര സംഘടനയുടെ സാന്നിധ്യം ശക്തിപ്പെടുത്താനാണ് ലക്ഷ്യമിടുന്നത് എന്നാണ് സൂചന.

സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച ഒരു പോസ്റ്റിലാണ് മസൂദ് അസര്‍ ഇതസംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. കഴിഞ്ഞ ആഴ്ചകളില്‍ അയ്യായിരത്തില്‍ അധികം സ്ത്രീകള്‍ ജമാ അത്ത്-ഉല്‍-മോമിനാത്തില്‍ ചേര്‍ന്നതായും റിക്രൂട്ട്‌മെന്റും പരിശീലനവും സുഗമമാക്കുന്നതിന് പാക് അധിനിവേശ കാശ്മീരില്‍ ജില്ലാ തലത്തിലുള്ള യൂണിറ്റുകള്‍ സ്ഥാപിക്കാനും മസൂദ് അസര്‍ ആഹ്വാനം ചെയ്തു.

ഓരോ ജില്ലയ്ക്കും വനിതാ മേധാവി അഥവാ 'മുന്‍തസിമ' നയിക്കുന്ന ഒരു പ്രത്യേക ആസ്ഥാനം ഉണ്ടാകും. ഗ്രൂപ്പില്‍ ചേര്‍ന്ന പല സ്ത്രീകളും ജമാ അത്ത്-ഉല്‍-മോമിനാത്തില്‍ അംഗമായതിലൂടെ തങ്ങള്‍ക്ക് ഒരു ലക്ഷ്യബോധം ഉണ്ടാകുകയും അവരുടെ വിശ്വാസം ശക്തമാകുകയും ചെയ്തുവെന്ന് പറഞ്ഞതായി മസൂദ് അസറിന്റെ പോസ്റ്റില്‍ അവകാശപ്പെട്ടിരുന്നു.

ജെയ്‌ഷെ മുഹമ്മദിന്റെ വനിതാ വിഭാഗത്തിന്റെ രൂപീകരണം പാക് ഭീകര സംഘടനയിലെ ശ്രദ്ധേയമായ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. ഭീകര പ്രവര്‍ത്തനങ്ങളില്‍ സ്ത്രീകള്‍ പുതിയ മുഖങ്ങളായി ഉയര്‍ന്നു വരുന്നു എന്നാണ് ഈ മാറ്റത്തെ വിദഗ്ധര്‍ വിശകലനം ചെയ്യുന്നത്.

ജെയ്‌ഷെയുടെ ശത്രുക്കളെ നേരിടാന്‍ സ്ത്രീകളെ റിക്രൂട്ട് ചെയ്യാനും പരിശീലിപ്പിക്കാനും വിന്യസിക്കാനുമുള്ള ഒരു വിശദമായ പദ്ധതി ആവിഷ്‌കരിക്കുന്നതായുള്ള മസൂദ് അസറിന്റെ ഓഡിയോ സന്ദേശം ഒക്ടോബറിലാണ് പുറത്തുവന്നത്. സംഘടനയുടെ ഭാഗമാകുന്ന ഏത് സ്ത്രീയും 'മരണ ശേഷം നേരിട്ട് സ്വര്‍ഗത്തില്‍ പോകും' എന്നും മസൂദ് അസര്‍ വാഗ്ദാനം ചെയ്തിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.