ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ ചര്‍ച്ചയില്‍ എട്ട് കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. തൊഴില്‍, കുടിയേറ്റം എന്നിവയില്‍ രണ്ട് കരാറുകളില്‍ ഒപ്പു വെച്ചു. ആരോഗ്യം, ഷിപ്പിങ് എന്നീ മേഖലകളിലും ഇരു രാജ്യങ്ങളും ഒപ്പു വെച്ചിട്ടുണ്ട്.
റഷ്യയില്‍ നിന്ന് ഇന്ത്യ കൂടുതല്‍ രാസവളം വാങ്ങുന്നതിലും ധാരണയായി. 2030 വരെയുള്ള സമഗ്ര സാമ്പത്തിക സഹകരണ പദ്ധതിക്കും ധാരണയായിട്ടുണ്ട്. സ്വതന്ത്ര വ്യാപാര കരാറിനുള്ള ശ്രമം തുടരുന്നതായും സംയുക്തമായി യൂറിയ ഉല്‍പാദനത്തിന് ധാരണയായതായും സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ മോഡി അറിയിച്ചു.
സൈനികേതര ആണവോര്‍ജ രംഗത്ത് സഹകരണം കൂട്ടും. റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷം തീര്‍ക്കാനുള്ള എല്ലാ ശ്രമങ്ങളെയും സ്വാഗതം ചെയ്യുന്നു. ഇതിന് എല്ലാ സഹകരണവും നല്‍കാന്‍ ഇന്ത്യ തയാറാണെന്നും ഭീകരവാദത്തെ ഒന്നിച്ച് നേരിടുമെന്നും ഹൈദരാബാദ് ഹൗസില്‍ നടന്ന വാര്‍ഷിക ഉച്ചകോടിക്കും ഉഭയകക്ഷി ചര്‍ച്ചയ്ക്കും ശേഷം പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം ഇന്ത്യയില്‍ നല്‍കി ഊഷ്മള സ്വീകരണത്തിന് നന്ദി പറഞ്ഞ പുടിന്‍ ചര്‍ച്ചകള്‍ ഫലപ്രദമായെന്നും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുമെന്നും സുരക്ഷ, വ്യാപാരം, സാമ്പത്തിക, സൈനിക മേഖലകളില്‍ സഹകരണം ശക്തമാക്കാന്‍ കരാറുകള്‍ ഒപ്പിട്ടതായും പുടിന്‍ അറിയിച്ചു.
കൂടംകുളം ആണവോര്‍ജ നിലയ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സഹകരിക്കും. ലോകത്തിലെ തന്നെ ഏറ്റവും വലിയ ആണവോര്‍ജ നിലയങ്ങളിലൊന്നാണിത്. ചെറു ആണവ റിയാക്ടറുകള്‍ ഉണ്ടാക്കാനും സഹകരണം ശക്തമാക്കുമെന്ന് പുടിന്‍ പറഞ്ഞു.
റഷ്യന്‍ ടിവി ചാനല്‍ ഇന്ന് മുതല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും പുടിന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇത് സാംസ്‌കാരികമായ പരസ്പര സഹകരണത്തില്‍ നിര്‍ണായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ കരാറുകളിലൂടെ ഇന്ത്യ-റഷ്യ ബന്ധം കൂടുതല്‍ ശക്തമാക്കുമെന്നും ഇരു നേതാക്കളും വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.