കൊല്ലം: കൊട്ടിയത്ത് നിര്‍മാണത്തിലിരുന്ന ദേശീയ പാതയുടെ ഒരു ഭാഗം ഇടിഞ്ഞു താഴ്ന്ന് സര്‍വീസ് റോഡ് പൂര്‍ണമായി തകര്‍ന്നു. സ്‌കൂള്‍ ബസ് ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ കുടുങ്ങി. കൊട്ടിയം മൈലക്കാടിന് സമീപമാണ് സംഭവം.
സര്‍വീസ് റോഡിന്റെ ഒരു ഭാഗമാകെ വിണ്ടു കീറിയ അവസ്ഥയിലാണ്. സ്‌കൂള്‍ ബസിലുണ്ടായിരുന്ന കുട്ടികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. സ്ഥലത്ത് ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തി. വാഹനങ്ങള്‍ തീരദേശ പാത വഴി തിരിച്ചു വിടുന്നുണ്ട്. സംഭവത്തില്‍ അടിയന്തര അന്വേഷണത്തിന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉത്തരവിട്ടിട്ടുണ്ട്.
ദേശീയ പാത അതോറിറ്റി അധികൃതരില്‍ നിന്ന് വിശദീകരണം തേടാനാണ് നിര്‍ദേശം. എന്താണ് സംഭവിച്ചതെന്ന് സാങ്കേതിക വിദഗ്ദരെ നിയോഗിച്ച് പഠിക്കുമെന്നാണ് ദേശീയപാത അതോറിറ്റിയുടെ വിശദീകരണം. ദേശീയപാത പ്രോജക്ട് ഡയറക്ടറും സൈറ്റ് എഞ്ചിനീയര്‍മാരും സ്ഥലത്തെത്തിയിട്ടുണ്ട്.

സംഭവത്തില്‍ ദേശീയ പാതയുടെ നിര്‍മാണം നടത്തുന്ന ശിവാലയ എന്ന കമ്പനിക്കെതിരെ പ്രദേശവാസികള്‍ ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. അശാസ്ത്രീയമായാണ് നിര്‍മാണം നടത്തുന്നതെന്നാണ് ആരോപണം.
ഇതിനെതിരെ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി കൊടുത്തെങ്കിലും ഫലമുണ്ടായില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. മാസങ്ങള്‍ക്ക് മുമ്പ് മലപ്പുറം കൂരിയാടും ദേശീയ പാത ഇതുപോലെ തകര്‍ന്നിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.