പ്രഥമ ഫിഫ സമാധാന പുരസ്‌കാരം ഡൊണാള്‍ഡ് ട്രംപിന്; കണക്കിലെടുത്തത് യുദ്ധങ്ങള്‍ അവസാനിപ്പിക്കാനുള്ള സംഭാവനകള്‍

പ്രഥമ ഫിഫ സമാധാന പുരസ്‌കാരം ഡൊണാള്‍ഡ് ട്രംപിന്; കണക്കിലെടുത്തത് യുദ്ധങ്ങള്‍ അവസാനിപ്പിക്കാനുള്ള സംഭാവനകള്‍

വാഷിങ്ടണ്‍: പ്രഥമ ഫിഫ സമാധാന പുരസ്‌കാരം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്. ഗാസ സമാധാന പദ്ധതി, റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ശ്രമം എന്നിവ കണക്കിലെടുത്താണ് പുരസ്‌കാരം.

വാഷിങ്ടണില്‍ നടന്ന ചടങ്ങില്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. സ്വര്‍ണക്കപ്പും, മെഡലും, സര്‍ട്ടിഫിക്കറ്റും അടക്കം ഫിഫ പ്രസിഡന്റ് ട്രംപിന് സമ്മാനിച്ചു. തനിക്ക് ലഭിച്ച ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ അംഗീകാരം എന്നാണ് പുരസ്‌കാരത്തെ ട്രംപ് വിശേഷിപ്പിച്ചത്. ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തെയും ട്രംപ് തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. ഇതുപോലെ പല സംഘര്‍ഷങ്ങളും യുദ്ധത്തിലേക്ക് എത്തുന്നതിന് മുമ്പ് അവസാനിപ്പിക്കാന്‍ കഴിഞ്ഞുവെന്ന് അദേഹം അവകാശപ്പെട്ടു.

ദശലക്ഷങ്ങളുടെ ജീവന്‍ രക്ഷിക്കാനായ പ്രവര്‍ത്തനത്തിനാണ് അംഗീകാരം നല്‍കിയതെന്നും ട്രംപ് പറഞ്ഞു. ഇതാദ്യമായാണ് ഫിഫ സമാധാന പുരസ്‌കാരം നല്‍കുന്നത്. വാഷിങ്ടണില്‍ നടന്ന ഫിഫ ലോകകപ്പ് 2026 ന്റെ ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് വേദിയിലാണ് ട്രംപിന് പുരസ്‌കാരം കൈമാറിയത്.

സമാധാനത്തിനായി പ്രവര്‍ത്തിക്കുകയും ലോകമെമ്പാടുമുള്ള ആളുകളെ ഒന്നിപ്പിക്കുകയും ചെയ്യുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി ഫിഫ ഈ വര്‍ഷം ഏര്‍പ്പെടുത്തിയ അവാര്‍ഡിന്റെ ആദ്യ പുരസ്‌കാരമാണിത്. ട്രംപിന്റെ അടുത്ത സുഹൃത്തുകൂടിയാണ് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റീനോ. ഗാസയില്‍ വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിച്ച ട്രംപിന് നൊബേല്‍ പുരസ്‌കാരം ലഭിക്കേണ്ടതായിരുന്നുവെന്ന് ജിയാന്നി മുന്‍പ് പറഞ്ഞിരുന്നു. എന്നാല്‍ ആഗോള ഫുട്‌ബോള്‍ മല്‍സരങ്ങളെ രാഷ്ട്രീയവുമായി ബന്ധിപ്പിക്കുന്നതിനെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.