ലോകമനസാക്ഷിയെ നടുക്കി സുഡാനിലെ കൂട്ടക്കൊല: വെടിയേറ്റവരുടെ മേൽ വാഹനം ഓടിച്ചുകയറ്റി; രക്ഷപ്പെട്ടവരുടെ നടുക്കുന്ന വെളിപ്പെടുത്തൽ

ലോകമനസാക്ഷിയെ നടുക്കി സുഡാനിലെ കൂട്ടക്കൊല: വെടിയേറ്റവരുടെ മേൽ വാഹനം ഓടിച്ചുകയറ്റി; രക്ഷപ്പെട്ടവരുടെ നടുക്കുന്ന വെളിപ്പെടുത്തൽ

സുഡാൻ : ലോകമനസാക്ഷിയെ ഞെട്ടിച്ച കൂട്ടക്കൊലപാതകത്തിനാണ് സുഡാനിലെ എൽ-ഫാഷർ നഗരം സാക്ഷ്യം വഹിച്ചത്. ആഭ്യന്തര യുദ്ധത്തിലെ ഏറ്റവും ക്രൂരമായ അധ്യായമായി മാറിയ എൽ-ഫാഷർ സംഭവത്തിൽനിന്ന് രക്ഷപ്പെട്ടവരുടെ വെളിപ്പെടുത്തലുകൾ നടുക്കമുളവാക്കുന്നതാണ്.

18 മാസത്തെ ഉപരോധത്തിനുശേഷം നഗരം പിടിച്ചെടുത്ത അർദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് നടത്തിയ ക്രൂരതകളാണ് ബിബിസി റിപ്പോർട്ടിലൂടെ പുറത്തുവന്നിരിക്കുന്നത്. അതിജീവിച്ചവരുടെ കഥകൾ തേടി വടക്കൻ സുഡാനിലെ മരുഭൂമിയിലെ ടെന്റ് ക്യാമ്പിലെത്തിയ ബിബിസി സംഘത്തോടാണ് ഇവർ ഭീകരാനുഭവങ്ങൾ പങ്കുവെച്ചത്.

ആർഎസ്എഫ് സൈനികർ സാധാരണക്കാരെയും പ്രായമായവരെയും നിരത്തിനിർത്തി വെടിയുതിർത്ത ശേഷമുള്ള കൊടും ക്രൂരതയാണ് അലി എന്നയാൾ വെളിപ്പെടുത്തിയത്. "വെടിയേറ്റവർ ആരും ജീവനോടെ രക്ഷപ്പെടാതിരിക്കാൻ ആർഎസ്എഫ് സംഘം കാറുകളുമായി വന്ന് വെടിയേറ്റു കിടക്കുന്നവരുടെ ശരീരത്തിന് മുകളിലൂടെ ഓടിച്ചു കയറ്റി. ഞാൻ സാധ്യമായപ്പോഴെല്ലാം ഓടി രക്ഷപ്പെട്ടു, ചിലപ്പോൾ നിലത്തുകൂടി ഇഴഞ്ഞുനീങ്ങുകയോ ഒളിക്കുകയോ ചെയ്തു."- അലി പറഞ്ഞു.

കൂട്ടക്കൊലകൾ കൺമുൻപിൽ കണ്ടതിന്റെ ഭീകരത ആദം എന്നയാൾ പങ്കുവെച്ചു. "ഇവിടേക്കുള്ള വഴി മുഴുവൻ മൃതദേഹങ്ങൾ കൊണ്ട് നിറഞ്ഞിരുന്നു. ചില മൃതദേഹങ്ങൾ രണ്ടോ മൂന്നോ ദിവസമായി റോഡിൽ തുറസ്സായ സ്ഥലത്ത് കിടക്കുന്നുണ്ടായിരുന്നു. അവർ സ്ത്രീകളെ മരത്തിന് പിന്നിൽ കൊണ്ടുപോകും, ​​അല്ലെങ്കിൽ നമ്മുടെ കാഴ്ചയിൽ നിന്ന് വളരെ ദൂരെ കൊണ്ടുപോകും. അപ്പോഴും ആ സ്ത്രീയുടെ നിലവിളി കേൾക്കാം. എന്നെ സഹായിക്കൂ... എന്നെ സഹായിക്കൂ...'" – ആദം വെളിപ്പെടുത്തി.

എൽ-ഫാഷറിൽ നിന്ന് രക്ഷപ്പെട്ടവർ അടുത്തതായി എന്ത് സംഭവിക്കുമെന്ന ഭീതിയിലാണ്. ഒരു നല്ല നാളെയെ സ്വപ്നം കണ്ടുകൊണ്ട് അവർ ദുരിത ക്യാമ്പുകളിൽ ജീവിതം തള്ളിനീക്കുകയാണ്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.