വിമാനത്താവളത്തിലേക്ക് പോകുന്നതിനു മുമ്പ് https://goindigo.in/check-flight-status.html എന്ന വെബ്സൈറ്റില്‍ പുതിയ സ്റ്റാറ്റസ് പരിശോധിക്കണം.
ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാനങ്ങള്‍ റദ്ദാക്കിയത് മൂലമുള്ള പ്രതിസന്ധി എത്രയും വേഗം പരിഹരിക്കാന്‍ ശ്രമം നടത്തുമെന്ന് സിഇഒ പീറ്റര്‍ എല്‍ബേഴ്‌സ്. ഡിസംബര്‍ പത്തിനും 15 നും ഇടയില്‍ പൂര്‍വ സ്ഥിതിയിലേക്ക് എത്താന്‍ സാധിക്കും. യാത്രക്കാര്‍ സഹകരിക്കണമെന്നും പീറ്റര്‍ എല്‍ബേഴ്‌സ് ആവശ്യപ്പെട്ടു. അടുത്ത രണ്ട് മൂന്ന് ദിവസങ്ങള്‍ കൂടി റദ്ദാക്കല്‍ തുടരുമെന്നും അദേഹം പറഞ്ഞു.
പ്രതിസന്ധിയില്‍ മാപ്പ് പറഞ്ഞ എല്‍ബേഴ്‌സ് പ്രശ്‌നം പരിഹരിക്കാന്‍ ത്രിതല നടപടികള്‍ സ്വീകരിച്ചതായും അറിയിച്ചു. സമൂഹ മാധ്യമങ്ങളിലൂടെ യാത്രക്കാര്‍ക്ക് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കും. . നിര്‍ദേശം പിന്‍വലിച്ച ഡിജിസിഎ തീരുമാനം സ്വാഗതാര്‍ഹമെന്നും സിഇഒ പറഞ്ഞു.
പൈലറ്റുമാരുടെ ഡ്യൂട്ടി സമയത്തിലെ നിബന്ധന ഡിജിസിഎ പിന്‍വലിച്ചു. പ്രതിവാര വിശ്രമത്തിന് പകരം അവധി ആക്കരുതെന്ന നിര്‍ദേശമാണ് പിന്‍വലിച്ചത്. വിമാന കമ്പനികളുടെ പരാതിയെ തുടര്‍ന്നാണ് നടപടി. പൈലറ്റുമാരുടെ ഡ്യൂട്ടിസമയ നിബന്ധന പരിഷ്‌ക്കരണം കാരണം ഇന്‍ഡിഗോയുടെ 600ല്‍ അധികം സര്‍വീസുകള്‍ ഇന്ന് മുടങ്ങിയിരുന്നു.
കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് നവംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്ന പുതുക്കിയ ഫ്‌ളൈറ്റ് ഡ്യൂട്ടി സമയ പരിധി (എഫ്ഡിടിഎല്‍) മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടം നടപ്പാക്കുന്നതിലെ ബുദ്ധിമുട്ടുകളാണ് തടസങ്ങള്‍ക്ക് കാരണമെന്ന് ഇന്‍ഡിഗോ ഡിജിസിഎയെ അറിയിച്ചു. രണ്ടാം ഘട്ട എഫ്ഡിടിഎല്‍ മാനദണ്ഡങ്ങള്‍ക്കാവശ്യമായ പൈലറ്റുമാരുടെ എണ്ണം പ്രതീക്ഷിച്ചതിലും കൂടുതലാണെന്നും ഇന്‍ഡിഗോ അവകാശപ്പെട്ടു.
ക്യാബിന്‍ ക്രൂ പ്രശ്നങ്ങള്‍, സാങ്കേതിക തടസങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി കാരണങ്ങളാണ് വിമാനങ്ങള്‍ റദ്ദാക്കാന്‍ കാരണമായി കമ്പനി ചൂണ്ടിക്കാട്ടുന്നത്. ഡല്‍ഹിയില്‍ മാത്രം 150 വിമാനങ്ങളാണ് ഇന്‍ഡിഗോ റദ്ദാക്കിയത്. മുംബൈയില്‍ 118, ബംഗളൂരുവില്‍ 100, ഹൈദരാബാദില്‍ 75, കൊല്‍ക്കത്തയില്‍ 35, ചെന്നൈ 26, ഗോവ 11 എന്നിങ്ങനെ സര്‍വീസുകള്‍ റദ്ദാക്കി. മറ്റ് വിമാനത്താവളങ്ങളിലും സമാന പ്രശ്‌നം നേരിട്ടു.
കഴിഞ്ഞ രണ്ട് ദിവസമായി ഇന്‍ഡിഗോയുടെ നെറ്റ് വര്‍ക്കിലും പ്രവര്‍ത്തനങ്ങളിലും വ്യാപകമായ തടസങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ബുദ്ധിമുട്ട് ബാധിച്ച എല്ലാ ഉപയോക്താക്കളോടും വ്യവസായ പങ്കാളികളോടും ക്ഷമ ചോദിക്കുന്നതായും ഇന്‍ഡിഗോ പ്രസ്താവനയില്‍ പറഞ്ഞു.
ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങളിലെ മാറ്റങ്ങളെക്കുറിച്ച് യാത്രക്കാരെ അറിയിക്കുന്നത് തുടരും. വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് https://goindigo.in/check-flight-status.html എന്ന വെബ്സൈറ്റില്‍ പുതിയ സ്റ്റാറ്റസ് പരിശോധിക്കണമെന്നും കമ്പനി വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.