ന്യൂഡല്‍ഹി: രാജ്യത്ത് പുതുതായി പുറത്തിറങ്ങുന്ന സ്മാര്‍ട്ട് ഫോണുകളില്‍ സൈബര്‍ സുരക്ഷ മുന്‍നിര്‍ത്തി 'സഞ്ചാര്‍ സാഥി' ആപ്പ് ഇന്‍ബില്‍റ്റായി ഉള്‍പ്പെടുത്താനുള്ള തീരുമാനത്തില്‍ വിശദീകരണവുമായി കേന്ദ്ര ടെലികമ്യൂണിക്കേഷന്‍ വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. 'സഞ്ചാര്‍ സാഥി' ആപ്പ് ഉപയോക്താക്കളുടെ ഫോണുകളില്‍ നിര്‍ബന്ധമല്ലെന്ന് അദേഹം വ്യക്തമാക്കി.
എല്ലാ ഫോണുകളിലും നിര്‍ബന്ധമായും മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് സര്‍ക്കാര്‍ മൊബൈല്‍ നിര്‍മാണ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയെങ്കിലും സഞ്ചാര്‍ സാഥി ആപ്പ് ഉപയോക്താവിന് ഡിലീറ്റ് ചെയ്യാന്‍ കഴിയുമെന്ന് മന്ത്രി വ്യക്തമാക്കി. സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കള്‍ക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം സ്വകാര്യത സംബന്ധിച്ച് വ്യാപക ആശങ്കകള്‍ ഉടലെടുത്ത സാഹചര്യത്തിലാണ് കേന്ദ്ര മന്ത്രി തന്നെ വിശദീകരണവുമായയെത്തിയത്.
'രാജ്യത്ത് വില്‍ക്കുന്ന ഫോണുകളുടെ ആധികാരികത പരിശോധിക്കുന്നതിനും ഫോണ്‍ നഷ്ടപ്പെട്ടാല്‍ ട്രാക്ക് ചെയ്യുന്നതിനും വേണ്ടിയുള്ള ഒരു മാര്‍ഗമായാണ് സര്‍ക്കാര്‍ ഈ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഇത് ആളുകളുടെ സുരക്ഷിതത്വ ബോധം വര്‍ധിപ്പിക്കും. ജനങ്ങളുടെ ഡാറ്റ സുരക്ഷിതമായിരിക്കും. കൂടാതെ ഉറപ്പാക്കേണ്ട പൗര സംരക്ഷണത്തിന്റെ എല്ലാ വശങ്ങളും ഡിജിറ്റലായി സംരക്ഷിക്കപ്പെടും'- ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
രാജ്യത്ത് പുതുതായി പുറത്തിറങ്ങുന്ന സ്മാര്‍ട്ട് ഫോണുകളില്‍ സൈബര്‍ സുരക്ഷ മുന്‍നിര്‍ത്തി കേന്ദ്ര സര്‍ക്കാരിന്റെ 'സഞ്ചാര്‍ സാഥി' ആപ്പ് ഇന്‍ബില്‍റ്റായി ഉള്‍പ്പെടുത്താന്‍ കേന്ദ്രം മൊബൈല്‍ നിര്‍മാണ കമ്പനികള്‍ക്ക് കഴിഞ്ഞ ദിവസമാണ് നിര്‍ദേശം നല്‍കിയത്. ഈ ആപ്പ് ഉപയോക്താക്കള്‍ ഡിലീറ്റ് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്ന നിര്‍ദേശം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
രാജ്യത്ത് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള തട്ടിപ്പുകള്‍ പെരുകി വരുന്ന സാഹചര്യത്തില്‍ അവയുടെ ഐഎംഇഐ നമ്പറുമായി ബന്ധിപ്പിച്ച് പ്രവര്‍ത്തിക്കുന്ന ആപ്പാണ് സഞ്ചാര്‍ സാഥി. 2024 ജനുവരിയിലാണ് ഇതവതരിപ്പിച്ചത്. ഈ പ്ലാറ്റ്‌ഫോമുപയോഗിച്ച് ഇതുവരെ നഷ്ടമായ ഏഴുലക്ഷത്തോളം ഫോണുകള്‍ കണ്ടെത്താന്‍കഴിഞ്ഞതായാണ് സര്‍ക്കാര്‍ കണക്കുകള്‍. ഒക്ടോബറില്‍ മാത്രം 50,000 ഫോണുകള്‍ കണ്ടെത്തിയതായും പറയുന്നു.
രാജ്യത്തെ പ്രധാന മൊബൈല്‍ ഫോണ്‍ ഉല്‍പാദകരായ ആപ്പിള്‍, സാംസങ്, ഷവോമി, വിവോ, ഒപ്പോ എന്നിവ നിര്‍ബന്ധമായും നിബന്ധന പാലിക്കണമെന്നായിന്നു നിര്‍ദേശം. നവംബര്‍ 28 നാണ് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. നിലവില്‍ വിതരണ ഘട്ടത്തിലുള്ള ഫോണുകളില്‍ സോഫ്റ്റ് വെയര്‍ അപ്‌ഡേഷന്റെ സമയത്ത് ആപ്പ് ഉള്‍പ്പെടുത്തണം. കമ്പനികള്‍ക്ക് പ്രത്യേകമായാണ് ഉത്തരവ് കൈമാറിയിരിക്കുന്നതെന്നാണ് അറിയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.