'ഇത് നീതിയുള്ള സമൂഹമല്ല': ലോകത്തെ മൂന്നിലൊന്ന് സ്ത്രീകളും പങ്കാളിയില്‍ നിന്നോ അല്ലാതെയോ ലൈംഗികാതിക്രമം നേരിടുന്നുവെന്ന് ഡബ്ല്യുഎച്ച്ഒ

'ഇത് നീതിയുള്ള സമൂഹമല്ല': ലോകത്തെ മൂന്നിലൊന്ന് സ്ത്രീകളും പങ്കാളിയില്‍ നിന്നോ അല്ലാതെയോ ലൈംഗികാതിക്രമം നേരിടുന്നുവെന്ന് ഡബ്ല്യുഎച്ച്ഒ

ജനീവ: ലോകത്തെ മൂന്നിലൊന്ന് സ്ത്രീകളും പങ്കാളിയില്‍ നിന്നോ മറ്റുള്ളവരില്‍ നിന്നോ ലൈംഗികാതിക്രമം നേരിടുന്നതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ)യുടെ റിപ്പോര്‍ട്ട്.

ഇത്തരത്തില്‍ ലോക ജനസംഖ്യയുടെ പകുതിയോളം പേര്‍ ഭീതിയില്‍ കഴിയുമ്പോള്‍ അതിനെ ആരോഗ്യകരമായ സമൂഹമെന്നോ നീതിയുള്ള സമൂഹമെന്നോ വിളിക്കാന്‍ കഴിയില്ലെന്നും ഐക്യരാഷ്ട്ര സംഘടനയുടെ ആരോഗ്യ ഏജന്‍സിയായ ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

ലോകത്തെ 84 കോടി സ്ത്രീകളും തങ്ങളുടെ ജീവിത കാലത്ത് പങ്കാളിയില്‍ നിന്നുള്ള പീഡനമോ അല്ലെങ്കില്‍ മറ്റുള്ളവരില്‍ നിന്നുള്ള ലൈംഗികാതിക്രമമോ നേരിട്ടിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടന പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്.

കഴിഞ്ഞ വര്‍ഷം മാത്രം 31.6 കോടി സ്ത്രീകളാണ് ജീവിത പങ്കാളിയില്‍ നിന്ന് ശാരീരികമോ ലൈംഗികമോ ആയ അതിക്രമം നേരിട്ടത്. 15 വയസിന് മുകളില്‍ പ്രായമുള്ള ആകെ സ്ത്രീകളുടെ 11 ശതമാനമാണ് ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്ത്രീകളോടുള്ള അതിക്രമത്തില്‍ മാറ്റമുണ്ടാകുന്നതിന്റെ നിരക്ക് വളരെ കുറവാണ്. ജീവിത പങ്കാളിയില്‍ നിന്നുള്ള പീഡനങ്ങളില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ പ്രതിവര്‍ഷം 0.2 ശതമാനത്തിന്റെ കുറവ് മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂവെന്നും ഡബ്ല്യുഎച്ച്ഒ കൂട്ടിച്ചേര്‍ത്തു.

പങ്കാളിയില്‍ നിന്നല്ലാതെയുള്ള ലൈംഗികാതിക്രമം ഇതാദ്യമായാണ് ഡബ്ല്യുഎച്ച്ഒ തങ്ങളുടെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുന്നത്. പതിനഞ്ച് വയസിന് മുകളില്‍ പ്രായമുള്ള 26.3 കോടി സ്ത്രീകളാണ് പങ്കാളികളല്ലാത്തവരില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ടതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

നാണക്കേടും ഭയവും മൂലം ഭൂരിഭാഗം കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല. 168 രാജ്യങ്ങളിലെ 2000 മുതല്‍ 2023 വരെയുള്ള വിവരങ്ങള്‍ ശേഖരിച്ച് അപഗ്രഥനം ചെയ്താണ് ഡബ്ല്യുഎച്ച്ഒ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.