റെയ്‌സീന കുന്നില്‍ വീണ്ടും വള കിലുക്കം; ദ്രൗപതി ഇനി രാഷ്ട്രപതി

റെയ്‌സീന കുന്നില്‍ വീണ്ടും വള കിലുക്കം; ദ്രൗപതി ഇനി രാഷ്ട്രപതി

ന്യൂഡല്‍ഹി: സ്വതന്ത്ര ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ഒഡീഷയില്‍ നിന്നുള്ള പട്ടിക വര്‍ഗ സമുദായത്തില്‍പ്പെട്ട ദ്രൗപതി മുര്‍മു തെരഞ്ഞെടുക്കപ്പെട്ടു. പ്രതിപക്ഷ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയെ പരാജയപ്പെടുത്തിയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ദ്രൗപതി മുര്‍മു റെയ്‌സീനാ കുന്നിന്റെ പടവുകള്‍ കയറുന്നത്.

മുര്‍മുവിന്റെ വോട്ട് മൂല്യം 6,76,803 കടന്നപ്പോള്‍ 3,80,177 ആണ് യസ്വന്ത് സിന്‍ഹയ്ക്ക് കിട്ടിയത്. 17 പ്രതിപക്ഷ എംപിമാരും 104 എംഎല്‍എമാരും മുര്‍മുവിന് വോട്ട് ചെയ്തുവെന്നത് ശ്രദ്ധേയമാണ്.


എംപിമാരുടെ വോട്ടുകളില്‍ 540 പേരുടെ വോട്ട് മുര്‍മുവിന് ലഭിച്ചപ്പോള്‍ 208 വോട്ടുകള്‍ മാത്രമാണ് സിന്‍ഹയ്ക്ക് ലഭിച്ചത്. 763 എംപിമാരാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്തിയത്. എട്ടു പേര്‍ വോട്ട് ചെയ്തില്ല. 15 വോട്ടുകള്‍ അസാധുവായി. എംപിമാരുടെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ദ്രൗപതി മുര്‍മുവിന് 3,78,000 വോട്ടുമൂല്യം ലഭിച്ചു. 1,45,000 ആണ് യശ്വന്ത് സിന്‍ഹയ്ക്ക് ലഭിച്ച എംപിമാരുടെ വോട്ടുമൂല്യം.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 4025 എംഎല്‍എമാരും വോട്ടു രേഖപ്പെടുത്തി. ആകെ വോട്ടിങ് 99.18 ശതമാനമായിരുന്നു. കേരളം, ഗുജറാത്ത്, കര്‍ണാടക, മധ്യപ്രദേശ്, തമിഴ്നാട്, ഗോവ, ഛത്തീസ്ഗഡ് അടക്കം പത്ത് സംസ്ഥാനങ്ങളില്‍ നൂറു ശതമാനം വോട്ടും രേഖപ്പെടുത്തി. 21,280 ആണ് കേരളത്തില്‍ നിന്നുള്ള എംഎല്‍എമാരുടെ ആകെ വോട്ടു മൂല്യം.

വിവിധ നിയമസഭകളില്‍ നിന്നുള്ള ബാലറ്റു പെട്ടികള്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി പാര്‍ലമെന്റിലെത്തിച്ചു. വരണാധികാരിയായ രാജ്യസഭാ സെക്രട്ടറി ജനറല്‍ പി.സി. മോഡിയുടെ നേതൃത്വത്തിലാണ് വോട്ടെണ്ണല്‍ നടന്നത്.

ഇന്ത്യയിലെ ആദ്യത്തെ ഗോത്രവര്‍ഗ പ്രസിഡണ്ട്... രണ്ടാമത്തെ വനിതാ രാഷ്ട്രപതി... ദ്രൗപതി മുര്‍മുവെന്ന ഗോത്ര വിഭാഗത്തില്‍ നിന്നുള്ള ഒരു സാധാരണ സ്ത്രീ കഠിനമായ വഴികള്‍ പിന്നിട്ട് രാഷ്ട്രപതി ഭവനിലേക്ക് എത്തുമ്പോള്‍ അത് ഇന്ത്യയെന്ന ജനാധിപത്യ രാഷ്ട്രത്തിന്റെ കൂടെ നേട്ടമാണ്.

ഒഡീഷയിലെ മയൂര്‍ഗഞ്ച് ജില്ലയിലെ ബൈദ്പോസി ഗ്രാമത്തില്‍ 1958 ജൂണ്‍ 20 നാണ് ദ്രൗപതി മുര്‍മു ജനിച്ചത്. ബിരാഞ്ചി നാരായണ്‍ ടുഡു എന്നാണ് പിതാവിന്റെ പേര്. ഗോത്രവര്‍ഗ വിഭാഗമായ സന്താള്‍ വിഭാഗത്തില്‍ പെട്ട വ്യക്തിയാണ് ദ്രൗപതി മുര്‍മു. സ്വന്തം ജില്ലയില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ദ്രൗപതി ഭുവനേശ്വറിലെ രമാദേവി മഹിളാ മഹാവിദ്യാലയത്തില്‍ നിന്ന് ബിരുദവുമെടുത്തു.

ഔദ്യോഗിക ജീവിതം തുടങ്ങിയത് അധ്യാപികയായി

രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് അധ്യാപികയായാണ് അവര്‍ ഔദ്യോഗിക ജീവിതം തുടങ്ങിയത്. രാജ്ഗംഗ്പൂരിലെ ശ്രീ അരബിന്ദോ ഇന്റഗ്രല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ പിന്നീട് അസിസ്റ്റന്റ് പ്രൊഫസറായി. 1979 മുതല്‍ 1983 വരെ ഒഡീഷയിലെ ജലസേചന വകുപ്പില്‍ ജൂനിയര്‍ അസിസ്റ്റന്റായും ജോലി ചെയ്തു. എന്നാല്‍ 1983 ല്‍ തന്റെ മക്കളെ നോക്കുന്നതിനായി ജോലിയില്‍ നിന്നും രാജി വയ്ക്കുകയായിരുന്നു.

പിന്നീടാണ് മുര്‍മു രാഷ്ട്രീയത്തിലേക്ക് കാലെടുത്തു വയ്ക്കുന്നത്. ഒഡീഷയിലെ ട്രൈബല്‍ രാഷ്ട്രീയത്തില്‍ തിളങ്ങാന്‍ സൗമ്യമായി സംസാരിക്കുന്ന മുര്‍മുവിന് സാധിച്ചു. 2000 ല്‍ ഒഡീഷ നിയമസഭയിലേക്ക് വന്‍ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു. 2000 മുതല്‍ 2004 വരെ സംസ്ഥാന വാണിജ്യ, ഗതാഗത, മത്സ്യ-മൃഗവിഭവ വികസന വകുപ്പ് മന്ത്രിയായിരുന്നു.

ഒഡീഷ നിയമസഭയുടെ മികച്ച എംഎല്‍എക്കുള്ള അവാര്‍ഡ് 2007 ല്‍ മുര്‍മുവിനെ തേടി എത്തി. 2009 ല്‍ ബിജെഡി ഉയര്‍ത്തിയ വെല്ലുവിളിയ്ക്കെതിരെ ബിജെപി പരാജയപ്പെട്ടപ്പോഴും ദ്രൗപദി മുര്‍മുവിന് വിജയിക്കാന്‍ കഴിഞ്ഞു. 2015 ല്‍ ജാര്‍ഖണ്ഡിന്റെ ആദ്യ വനിതാ ഗവര്‍ണറായി മുര്‍മു സത്യപ്രതിജ്ഞ ചെയ്തു. ഈ സ്ഥാനത്ത് കാലാവധി തികച്ച ഒരേയൊരാളും മുര്‍മു തന്നെ.

വ്യക്തി ജീവിതത്തിലെ വലിയ നഷ്ടങ്ങള്‍

വലിയ മുള്‍പാതകള്‍ പിന്നിട്ടാണ് മുര്‍മു ജീവിതം കെട്ടിപ്പടുത്തത്. ദരിദ്രമായ ചുറ്റുപാടില്‍ ജനിച്ച അവര്‍ കഠിനാധ്വാനം കൊണ്ടാണ് ഓരോ വഴിയും പിന്നിട്ടത്. 2009 ല്‍ ഒരു അപകടത്തില്‍ മുര്‍മുവിന് മകനെ നഷ്ടമായി. 2013 ല്‍ രണ്ടാമത്തെ മകനെയും വിധി തട്ടിയെടുത്തു. തൊട്ടടുത്ത വര്‍ഷം ഭര്‍ത്താവും മരണമടഞ്ഞു. ഒന്നിന് പിറകേ ഒന്നായി മൂന്ന് മരണങ്ങള്‍ അവരുടെ ജീവിതത്തെ ഏറെ വിഷമകരമായ അവസ്ഥയിലെത്തിച്ചു.

തനിക്കുണ്ടായ ഈ നഷ്ടങ്ങളെ കുറിച്ച് ഒരു അഭിമുഖത്തില്‍ മുര്‍മു അഭിപ്രായപ്പെട്ടത് ഇപ്രകാരമാണ്. 'ഞാന്‍ ജീവിതത്തില്‍ നിരവധി ഉയര്‍ച്ച താഴ്ചകള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. എനിക്ക് എന്റെ രണ്ട് മക്കളെയും ഭര്‍ത്താവിനെയും നഷ്ടപ്പെട്ടു. ഞാന്‍ പൂര്‍ണമായും തകര്‍ന്നുപോയി. പക്ഷേ ജീവിതം തുടരാനുള്ള ശക്തി ദൈവം എനിക്ക് നല്‍കി. ജനങ്ങളെ സേവിക്കുക എന്നാതായിരുന്നു ലക്ഷ്യം.' രണ്ട് ആണ്‍മക്കളും ഭര്‍ത്താവും മരിച്ച മുര്‍മുവിന് പിന്നീട് ജീവിതത്തില്‍ കൂട്ടായി ഉണ്ടായിരുന്നത് ഏക മകളായിരുന്നു.

കെ.ആര്‍ നാരായണനും എ.പി.ജെ അബ്ദുള്‍ കലാമിനും ശേഷം രാഷ്ട്രപതിയായി ഒരു പിന്നോക്ക സമുദായത്തിലെ സാധാരണക്കാരി വരുമ്പോള്‍ അത് രാഷ്ട്രീയത്തിന് അതീതമായി ഓരോ ഇന്ത്യക്കാരനും അഭിമാന നിമിഷമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.