പാട്‌ന: ബിഹാറില്‍ പ്രത്യേക സമഗ്ര പരിശോധനയ്ക്ക് ശേഷമുള്ള അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്ക് പ്രകാരം 7.42 കോടി വോട്ടര്‍മാരാണ് അന്തിമ വോട്ടര്‍ പട്ടികയില്‍ ഉള്ളത്.
ഓഗസ്റ്റ് ഒന്നിന് പ്രസിദ്ധീകരിച്ച കരട് പട്ടികയില്‍ 7.24 കോടി വോട്ടര്‍മാരായിരുന്നു ഉണ്ടായിരുന്നത്. 7.89 കോടി വോട്ടമാരായിരുന്നു ജൂണ്‍ മാസത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 65 ലക്ഷം പേരെ ഒഴിവാക്കിയ ശേഷമായിരുന്നു ഓഗസ്റ്റില്‍ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചത്. ഇതിന് പിന്നാലെ തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ വലിയ തോതില്‍ വിവാദങ്ങളും പ്രതിപക്ഷ ആരോപണങ്ങളും ഉയര്‍ന്നിരുന്നു.
പുതിയ കണക്ക് പ്രകാരം 21.53 ലക്ഷം വോട്ടര്‍മാരെയാണ് അധികം ചേര്‍ത്തിരിക്കുന്നത്. ഓഗസ്റ്റില്‍ ആദ്യം പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് 3.66 ലക്ഷം പേരെ ഒഴിവാക്കിയിട്ടുണ്ട്. എസ്‌ഐആറിന് മുമ്പുള്ള വോട്ടര്‍ പട്ടികയില്‍ നിന്ന് 48 ലക്ഷം പേരെ ഒഴിവാക്കിയതായാണ് കണക്കില്‍ നിന്ന് വ്യക്തമാകുന്നത്. വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണവുമായി (എസ്‌ഐആര്‍) ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്.
ഒക്ടോബര്‍ ഏഴിന് എസ്‌ഐആറുമായി ബന്ധപ്പെട്ട കേസുകള്‍ സുപ്രീം കോടതി പരിഗണിക്കും. ആധാര്‍ അടക്കമുള്ള രേഖകള്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് പരിഗണിക്കണമെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെ ആദ്യം തിരഞ്ഞെടുപ്പ് കമ്മിഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. ആധാര്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള രേഖയാക്കാന്‍ സാധിക്കില്ലെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീം കോടതിയില്‍ വാദിച്ചത്. എന്നാല്‍ സുപ്രീം കോടതി ഇത് അംഗീകരിച്ചിരുന്നില്ല.
എസ്‌ഐആറുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി അന്തിമ വാദത്തിനായി പരിഗണിക്കുന്നതിന് മുമ്പ് തന്നെ ബിഹാറില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ അടക്കമുള്ളവര്‍ ഒക്ടോബര്‍ നാല്, അഞ്ച് തിയതികളില്‍ ബിഹാര്‍ സന്ദര്‍ശിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.