ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സൈബര്‍ സുരക്ഷാ ആപ്പ് ആയ സഞ്ചാര്‍ സാഥി പുതിയ ഫോണുകളില്‍ നിര്‍ബന്ധമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍ പാലിച്ചേക്കില്ല. ഇതോടെ ആശങ്കകള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുമെന്ന് കമ്പനിയോട് അടുത്ത വ്യത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ആപ്പിള്‍, സാംസങ്, ഷവോമി തുടങ്ങിയ കമ്പനികളോട് 90 ദിവസത്തിനുള്ളില്‍ പുതിയ ഫോണുകളില്‍ സഞ്ചാര്‍ സാഥി ആപ്പ് പ്രീ ഇന്‍സ്റ്റാള്‍ ചെയ്യാനാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചത്. മോഷ്ടിച്ച ഫോണുകള്‍ ട്രാക്ക് ചെയ്യാനും ബ്ലോക്ക് ചെയ്യാനും ദുരുപയോഗം ചെയ്യുന്നത് തടയാനും ലക്ഷ്യമിട്ടുള്ളതാണ് ആപ്പ്. എന്നാല്‍ ഈ നിര്‍ദേശം പാലിക്കാന്‍ ആപ്പിളിന് ആലോചനയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ലോകത്തെവിടെയും അത്തരം വ്യവസ്ഥകള്‍ കമ്പനി പാലിക്കുന്നില്ലെന്ന് കാണിച്ച് സര്‍ക്കാരിനെ ആശങ്ക അറിയിക്കാനാണ് ആപ്പിളിന്റെ പദ്ധതിയെന്നും കമ്പനിയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
കമ്പനിയുടെ ഐഒഎസ് എക്കോസിസ്റ്റത്തിന് എതിരാണ് ഈ നിര്‍ദേശം. ഇത് സ്വകാര്യത ലംഘിക്കുന്നതിനും സുരക്ഷാ പ്രശ്നങ്ങള്‍ക്കും കാരണമാകുമെന്നാണ് കമ്പനി പറയുന്നത്. ഇത് ഒരു ചുറ്റിക എടുക്കുന്നത് പോലെ സിമ്പിള്‍ അല്ല. ഇതൊരു ഡബിള്‍ ബാരല്‍ തോക്ക് പോലെയാണെന്നും കമ്പനി ചൂണ്ടിക്കാണിക്കുന്നു. വിഷയത്തില്‍ ആപ്പിള്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
പുതിയ ഫോണുകളില്‍ സൈബര്‍ സുരക്ഷാ ആപ്പായ സഞ്ചാര്‍ സാഥി നിര്‍ബന്ധമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം വിവാദമായ പശ്ചാത്തലത്തില്‍ വിശദീകരണവുമായി കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ രംഗത്തുവന്നിരുന്നു. ആപ്പ് വേണ്ടെങ്കില്‍ ഉപയോക്താക്കള്‍ക്ക് ഡിലീറ്റ് ചെയ്യാനാകുമെന്നും സൈബര്‍ സുരക്ഷ മുന്‍നിര്‍ത്തിയാണ് പുതിയ നിര്‍ദേശമെന്നും മന്ത്രി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.