ട്രോഫി കൈമാറാം, പക്ഷേ ഒറ്റ കണ്ടീഷന്‍! ഉപാധിവച്ച് എസിസി ചെയര്‍മാന്‍ മുഹ്‌സിന്‍ നഖ്‌വി; നടപടി കടുപ്പിക്കാനൊരുങ്ങി ബിസിസിഐ

ട്രോഫി കൈമാറാം, പക്ഷേ ഒറ്റ കണ്ടീഷന്‍!  ഉപാധിവച്ച് എസിസി ചെയര്‍മാന്‍ മുഹ്‌സിന്‍ നഖ്‌വി; നടപടി കടുപ്പിക്കാനൊരുങ്ങി ബിസിസിഐ

ദുബായ്: ഇന്ത്യന്‍ ടീമിന് ട്രോഫി കൈമാറാന്‍ ഉപാധിവച്ച് പാക്കിസ്ഥാന്‍ മന്ത്രിയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) ചെയര്‍മാനുമായ മുഹ്‌സിന്‍ നഖ്‌വി. ഫൈനല്‍ കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷവും ട്രോഫിയും മെഡലുകളും എപ്പോള്‍, എങ്ങനെ ഇന്ത്യന്‍ ടീമിന് കൈമാറുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. താരങ്ങളെല്ലാം നാട്ടിലേക്കു മടങ്ങുകയും ചെയ്തു. ഇതിനിടെയാണ് ട്രോഫി കൈമാറാന്‍ നഖ്‌വി ഉപാധി വച്ചതായി റിപ്പോര്‍ട്ടു പുറത്തുവരുന്നത്.

ഒരു ഔപചാരിക ചടങ്ങ് സംഘടിപ്പിച്ചാല്‍ മാത്രമേ സൂര്യകുമാര്‍ യാദവിനും കൂട്ടര്‍ക്കും മെഡലുകള്‍ ലഭിക്കൂ എന്നും അവിടെ വച്ച് താന്‍ തന്നെ ട്രോഫിയും മെഡലുകളും കൈമാറുമെന്നും എസിസി സംഘാടകരെ നഖ്‌വി അറിയിച്ചതായാണ് റിപ്പോര്‍ട്ട്. നിലവിലെ സാഹചര്യത്തില്‍, നഖ്‌വിയില്‍ നിന്ന് ട്രോഫി ഏറ്റുവാങ്ങാന്‍ ബിസിസിഐയോ ഇന്ത്യന്‍ ടീം മാനേജ്‌മെന്റോ തയാറാകില്ലെന്ന് ഉറപ്പായതിനാല്‍ ട്രോഫി വിതരണത്തിലെ അനിശ്ചിതത്വം നീളുമെന്നാണ് സൂചന.

ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ മാനദണ്ഡങ്ങള്‍ പ്രകാരം ഏഷ്യാ കപ്പ് കിരീടം മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് എത്തിക്കേണ്ടതുണ്ട്. എന്നാല്‍ എസിസി പ്രസിഡന്റ് തന്നെ കടുംപിടിത്തം പിടിക്കുന്നതിനാല്‍ ഇക്കാര്യം നീണ്ടേക്കും. ട്രോഫിയും മെഡലുകളും എത്രയും പെട്ടെന്നു കൈമാറണമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് (ബിസിസിഐ) എസിസിയോട് ആവശ്യപ്പെട്ടിരുന്നു. നവംബറില്‍ നടക്കുന്ന രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ കോണ്‍ഫറന്‍സില്‍ നഖ്‌വിക്കെതിരെ നടപടി ആവശ്യപ്പെടുമെന്നും ബിസിസിഐ അറിയിച്ചു.

ഫൈനല്‍ മത്സര ശേഷം മുഹ്‌സിന്‍ നഖ്‌വിയില്‍ നിന്ന് ട്രോഫി വാങ്ങില്ലെന്ന് ഇന്ത്യ നിലപാടെടുത്തതോടെയാണ് സമ്മാന ദാന ചടങ്ങ് അനിശ്ചിതത്വത്തിലായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.