'ചങ്ങലക്കു ഭ്രാന്തുപിടിച്ചാല്‍' ഇത് കേരളത്തില്‍ പ്രചുരപ്രചാരത്തിലുള്ള ഒരു പഴചൊല്ലാണ്. പണ്ട് കാലങ്ങളില്‍ ചിത്തഭ്രമം വന്നവരെ ചങ്ങലക്കിട്ടാണ് നിയന്ത്രിച്ചിരുന്നത്. എന്നാല്‍ ആ ചങ്ങലക്കുകൂടെ ഭ്രാന്തുപിടിച്ചാലോ? നിയന്ത്രിക്കാന്‍ കടമയുള്ളവര്‍ തന്നെ നിയന്ത്രണംവിട്ടു പെരുമാറുന്ന ദുരിതകാലത്തെയെയാണ് ഈ പഴമൊഴി അര്‍ത്ഥമാക്കുന്നത്.
ചങ്ങലകള്‍ക്ക് ഭ്രാന്ത് പിടിക്കുന്ന ദുരിത കാലത്തുകൂടെയാണോ കേരളം കടന്നുപോകുന്നത് എന്ന് തോന്നും വിധമാണ് നമുക്ക് ചുറ്റും ഓരോ ദിവസവും വാര്‍ത്തകള്‍ നിറയുന്നത്. അതിലേറ്റവും ഗൗരവമായത് പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബുമായി ബന്ധപ്പെട്ട വിഷയമാണ്. ഈ വിഷയം വിവാദമായ ആദ്യ ദിവസങ്ങളില്‍ തന്നെ കുട്ടിയുടെ രക്ഷിതാവുമായി ചര്‍ച്ച നടത്തി സ്‌കൂള്‍ നിയമനങ്ങള്‍ക്ക് വിധേയപ്പെട്ട് മുന്നോട്ട് പോകാന്‍ അവര്‍ തയ്യാറായതാണ്.
എന്നാല്‍ വിഷയത്തില്‍ സംഭവിച്ച സമവായവും അനുരഞ്ചനവും അപ്പാടെ തകര്‍ത്ത് വിഷയം കലുഷിതമാക്കിയത് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ ചില പ്രസ്താവനകളാണ്.
'വിദ്യാര്‍ത്ഥിനിക്ക് ഹിജാബ് ധരിച്ചുകൊണ്ട് തുടര്‍ പഠനത്തിന് അനുമതി നല്‍കണം, മാനേജ്‌മെന്റിന്റെ ഭാഗത്ത് ഗുരുതര വീഴ്ച്ച ഉണ്ടായി, കുട്ടിയ്ക്ക് തുടര്‍ന്ന് പഠിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായതിന് സ്‌കൂള്‍ സമാധാനം പറയണം, തട്ടമിട്ട കന്യാസ്ത്രി തട്ടമിടുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ സംസാരിക്കുന്നു എന്നിങ്ങനെ ആയിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവനകള്‍.
താന്‍ പറയുന്നതിന്റെ യുക്തിരാഹിത്യവും അത് സൃഷ്ടിക്കാവുന്ന പ്രത്യാഘാതങ്ങളും ബഹു. മന്ത്രിയ്ക്ക് മനസിലാകുന്നില്ല എന്നത് കഷ്ട്ടമാണ്. മന്ത്രിയെ ഇത്തരത്തില്‍ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് റിപ്പോര്‍ട്ട് നല്‍കിയ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഗൂഢ ലക്ഷ്യങ്ങളും അന്വേഷണ വിധേയമാക്കേണ്ടതാണ്.
ഇപ്പോളിതാ, ഏറ്റവും അവസാനമായി വിദ്യാര്‍ത്ഥിനിയെ സ്‌കൂള്‍ മാറ്റുകയാണെന്ന രക്ഷകര്‍ത്താവിന്റെ അറിയിപ്പും മുസ്ലിം സംഘടനാ വക്താക്കളുടെ പ്രതിഷേധ പ്രസ്താവനകളും പുറത്തുവന്നിട്ടുണ്ട്. രമ്യമായി പരിഹരിച്ച ഒരു വിഷയത്തെ വിവേകമില്ലാത്ത വാക്കുകള്‍ കൊണ്ട് എങ്ങനെ വീണ്ടും വഷളാക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ബഹു. മന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായ വിവാദ പ്രസ്താവനകള്‍.
ഇദേഹം എന്താണ് ലക്ഷ്യം വയ്ക്കുന്നത്? വര്‍ഗീയ സംഘര്‍ഷമാണോ? അതോ ഈ സര്‍ക്കാരിന്റെ തലക്കുമീതെ നില്‍ക്കുന്ന വിവാദങ്ങളില്‍ നിന്നും അഴിമതിക്കഥകളില്‍ നിന്നും പൊതുശ്രദ്ധ തിരിക്കുന്നതിനുള്ള രാഷ്ട്രീയ ഗിമ്മിക്കോ?
എന്തായാലും ഭ്രാന്തുപിടിച്ച ചങ്ങലകള്‍ ഇനി എന്തെല്ലാം പൊല്ലാപ്പുകളാണാവോ ഉണ്ടാക്കാന്‍ പോകുന്നത്? പൊതുസമൂഹം വലിയ ജാഗ്രതയും സംയമനവും കാണിക്കേണ്ട സമയമാണിത്. മത താല്‍പര്യങ്ങള്‍ നമ്മുടെ പൊതു ഇടങ്ങളുടെ സ്വച്ഛതയ്ക്ക് ഭംഗം വരുത്താതെയും ഇരിക്കട്ടെ. വിഷയം ബഹു. കോടതിയുടെ പരിഗണയിലാണ്. കോടതിയും നിയമവും തീരുമാനിക്കട്ടെ ഇനി കാര്യങ്ങള്‍.
വിദ്യാര്‍ത്ഥിയുടെയും സ്‌കൂളിന്റെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. അതുകൊണ്ട് സ്ഥാപിത താല്‍പര്യക്കാരെ നമുക്ക് അകറ്റിനിര്‍ത്താം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.