'തോക്കിന്‍ മുനയില്‍ നിര്‍ത്തി ഒരു കരാറിലും ഒപ്പിടീക്കാനാകില്ല': തീരുവ ഭീഷണിക്ക് ഇന്ത്യ വഴങ്ങില്ലെന്ന് പീയുഷ് ഗോയല്‍

'തോക്കിന്‍ മുനയില്‍ നിര്‍ത്തി  ഒരു കരാറിലും ഒപ്പിടീക്കാനാകില്ല': തീരുവ ഭീഷണിക്ക് ഇന്ത്യ വഴങ്ങില്ലെന്ന് പീയുഷ് ഗോയല്‍

ന്യൂഡല്‍ഹി: സമ്മര്‍ദ്ദത്തിന് വഴങ്ങി അമേരിക്കയുമായുള്ള വ്യാപാര കരാറില്‍ ഒപ്പുവെക്കാന്‍ ഇന്ത്യ തയ്യാറാകില്ലെന്ന് കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍. നിലവില്‍ നടക്കുന്ന ചര്‍ച്ചകള്‍ പ്രകാരം കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടു പോകാന്‍ ഇന്ത്യ തയ്യാറാണെന്നും എന്നാല്‍ സമയപരിധി വച്ചുള്ള നീക്കങ്ങള്‍ക്കില്ലെന്നും ഗോയല്‍ പറഞ്ഞു.

'ഞങ്ങള്‍ അമേരിക്കയുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്, എന്നാല്‍ തിടുക്കത്തിലോ സമയപരിധി വച്ചോ ഭീഷണിക്ക് വഴങ്ങിയോ കരാറുകളില്‍ ഏര്‍പ്പെടാറില്ല. ഞങ്ങളുടെ തലയ്ക്കു നേരെ തോക്കുചൂണ്ടിയുള്ള കരാറുകളും സാധ്യമാകില്ല'- വെള്ളിയാഴ്ച ജര്‍മനിയിലെ ബെര്‍ലിന്‍ ഗ്ലോബല്‍ ഡയലോഗില്‍ സംസാരിക്കവെ അദേഹം പറഞ്ഞു.

ഇന്നത്തെ കാലത്ത് വ്യാപാര ചര്‍ച്ചകള്‍ സമയപരിധികളെയും തീരുവകളെയും ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നതെന്ന് മോഡറേറ്റര്‍ സൂചിപ്പിച്ചപ്പോള്‍, ഇന്ത്യയുടെ സമീപനം താല്‍ക്കാലിക സമ്മര്‍ദ്ദങ്ങളിലല്ല, ദീര്‍ഘകാല കാഴ്ചപ്പാടുകളില്‍ അധിഷ്ഠിതമാണെന്ന് ഗോയല്‍ മറുപടി നല്‍കി.

'ഇന്ത്യ ഒരിക്കലും തിടുക്കത്തിലോ താല്‍ക്കാലിക സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയോ തീരുമാനങ്ങള്‍ എടുക്കില്ല. ഞങ്ങള്‍ക്ക് മേല്‍ തീരുവ ചുമത്തിയാല്‍ ഞങ്ങള്‍ അത് അംഗീകരിക്കും. അതിനെ എങ്ങനെ മറികടക്കാമെന്ന് നോക്കും. ഞങ്ങള്‍ പുതിയ വിപണികള്‍ തിരയുകയാണ്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്കുള്ളില്‍ ശക്തമായ ഡിമാന്‍ഡ് വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നു'- അദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത് ഗണ്യമായി കുറയ്ക്കാന്‍ സമ്മതിച്ചുവെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ അവകാശവാദങ്ങള്‍ക്കിടയിലാണ് പീയുഷ് ഗോയലിന്റെ പരാമര്‍ശം എന്നതും ശ്രദ്ധേയം.

റഷ്യന്‍ എണ്ണയുടെ ഇറക്കുമതി ഇന്ത്യ തുടരുന്നതുമായി ബന്ധപ്പെടുത്തി ചുമത്തിയ 25 ശതമാനം അധിക തീരുവ ഉള്‍പ്പെടെ ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് നിലവില്‍ 50 ശതമാനമാണ് അമേരിക്ക ചുമത്തിയ തീരുവ.

അതേസമയം വിലക്കിഴിവില്‍ ലഭിക്കുന്ന റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നത് കുറയ്ക്കണമെന്ന് അമേരിക്കയും യൂറോപ്യന്‍ യൂണിയനും ബ്രിട്ടനും ഇന്ത്യയോട് ആവശ്യപ്പെടുന്നുണ്ട്. ഈ വ്യാപാരം ഉക്രെയ്‌നിലെ റഷ്യന്‍ യുദ്ധത്തിന് സാമ്പത്തിക സഹായം നല്‍കുന്നുവെന്നാണ് അവരുടെ വാദം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.