പരസ്യ ലോകത്തെ ഇന്ത്യന്‍ ഇതിഹാസം പിയൂഷ് പാണ്ഡെ അന്തരിച്ചു

പരസ്യ ലോകത്തെ ഇന്ത്യന്‍ ഇതിഹാസം പിയൂഷ് പാണ്ഡെ അന്തരിച്ചു

മുംബൈ: പരസ്യ ലോകത്തെ ഇന്ത്യന്‍ ഇതിഹാസം പീയുഷ് പാണ്ഡെ (70) അന്തരിച്ചു. അണുബാധയെ തുടര്‍ന്ന് ഏറെകാലമായി ചികിത്സയിലായിരുന്നു.

രാജസ്ഥാനിലെ ജയ്പുര്‍ സ്വദേശിയാണ് അദേഹം. പിയൂഷ് പാണ്ഡെയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉള്‍പ്പെടെ ഒട്ടേറെ പേര്‍ അനുശോചിച്ചു.

ഫെവികോള്‍, ഏഷ്യന്‍ പെയിന്റ്സ്, ഹച്ച്, വോഡഫോണ്‍, കാഡ്ബറി, ബജാജ്, പോണ്ട്സ്, ലൂണ മോപ്പഡ്, ഫോര്‍ച്യൂണ്‍ ഓയില്‍ തുടങ്ങിയ ബ്രാന്‍ഡുകള്‍ക്കും ഗുജറാത്ത് ടൂറിസം വകുപ്പ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് വേണ്ടിയും അദേഹം പരസ്യങ്ങള്‍ ചെയ്തു.

സഹോദരന്‍ പ്രസൂണിനൊപ്പം റേഡിയോ ജിംഗിളുകള്‍ക്ക് ശബ്ദം നല്‍കിയായിരുന്നു പരസ്യ മേഖലയിലേക്കുള്ള ചുവടുവെപ്പ്. പിന്നീടിങ്ങോട്ട് 'ഒഗില്‍വി' എന്ന പരസ്യ ഏജന്‍സിയുടെ ഭാഗമായി ഇന്ത്യക്കാരുടെ മനസിനെ തൊട്ട നിരവധി പരസ്യങ്ങളാണ് അദേഹം സൃഷ്ടിച്ചത്. 1982 ല്‍ തന്റെ 27-ാം വയസിലാണ് അദേഹം ഒഗില്‍വിയില്‍ ജോലി ആരംഭിക്കുന്നത്. പിയൂഷ് പാണ്ഡെയുടെ കീഴില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച പരസ്യ ഏജന്‍സിയെന്ന ഖ്യാതി ഒഗില്‍വി സ്വന്തമാക്കി.

2013 ല്‍ ജോണ്‍ എബ്രഹാം നായകനായ മദ്രാസ് കഫെ എന്ന സിനിമയിലൂടെ അഭിനയ രംഗത്തും അരങ്ങേറ്റം നടത്തി. ഭോപാല്‍ എക്‌സ്പ്രസ് എന്ന സിനിമയുടെ സഹതിരക്കഥാകൃത്താണ്. 2016 ല്‍ പത്മശ്രീ അവാര്‍ഡ് നല്‍കി രാജ്യം അദേഹത്തെ ആദരിച്ചു. ഏറെ പ്രശസ്തമായ ദേശീയോദ്ഗ്രഥന പ്രചാരണ ഗാനമായ 'മിലേ സുര്‍ മേരാ തുംഹാര' എന്ന ഇന്ത്യന്‍ ദേശഭക്തി ആല്‍ബം സൃഷ്ടിച്ചത് അദേഹമാണ്.

ഭോപ്പാല്‍ എക്‌സ്പ്രസിന്റെ തിരക്കഥ രചിച്ച അദേഹം പാണ്ഡെമോണിയം (2015) ഓപ്പണ്‍ ഹൗസ്-പീയൂഷ് പാണ്ഡെയോടൊപ്പം (2022) എന്ന രണ്ട് പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. തുടര്‍ച്ചയായി എട്ട് വര്‍ഷം ഇന്ത്യന്‍ പരസ്യ രംഗത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ദി ഇക്കണോമിക് ടൈംസ് അദേഹത്തെ തിരഞ്ഞെടുത്തു. 2000 ല്‍ എല്‍ഐഎ ലെജന്‍ഡ് അവാര്‍ഡും അദേഹത്തെ തേടി എത്തി.

മുംബൈയിലെ ആഡ് ക്ലബ് ഫെവിക്വിക്കിനുള്ള അദേഹത്തിന്റെ പരസ്യത്തെ നൂറ്റാണ്ടിന്റെ പരസ്യമായും കാഡ്ബറിക്കായുള്ള അദേഹത്തിന്റെ വര്‍ക്കുകള്‍ നൂറ്റാണ്ടിന്റെ മികച്ച പരസ്യ ചിത്രങ്ങളായും തിരഞ്ഞെടുത്തിരുന്നു. 2002 ലെ മീഡിയ ഏഷ്യ അവാര്‍ഡുകളില്‍ പാണ്ഡെയെ ഏഷ്യയുടെ ക്രിയേറ്റീവ് പേഴ്സണ്‍ ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുത്തു. കാന്‍സില്‍ ഇരട്ട സ്വര്‍ണവും (കാന്‍സര്‍ പേഷ്യന്റ്‌സ് അസോസിയേഷന്റെ പുകവലി വിരുദ്ധ പ്രചാരണത്തിന്) ലണ്ടന്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡുകളില്‍ ട്രിപ്പിള്‍ ഗ്രാന്‍ഡ് പ്രൈസും നേടിയ ഏക ഇന്ത്യക്കാരനാണ് അദേഹം.

ഒഗില്‍വിയുടെ എക്സിക്യുട്ടീവ് ചെയര്‍മാനായിരിക്കെ 2023 ലാണ് അദേഹം വിരമിക്കുന്നത്. നിതാ പാണ്ഡെയാണ് ഭാര്യ.

നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി പദത്തിലെത്തിച്ച 2014 ലെ 'അബ് കി ബാര്‍ മോഡി സര്‍ക്കാര്‍' (ഇത്തവണ മോഡിയുടെ സര്‍ക്കാര്‍) എന്ന ക്യാമ്പയിനിന്റെ സൂത്രധാരന്‍ പിയൂഷ് പാണ്ഡെയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.