അവേക്ക് അയര്‍ലണ്ട് 2025 ന് ഡബ്ലിനില്‍ തുടക്കമായി

അവേക്ക് അയര്‍ലണ്ട് 2025 ന് ഡബ്ലിനില്‍ തുടക്കമായി

ഡബ്ലിന്‍: സീറോ മലബാര്‍ യൂത്ത് മൂവ്മെന്റ് (SMYM) അയര്‍ലണ്ടിന്റെ നാഷണല്‍ കോണ്‍ഫ്രന്‍സ് അവേക്ക് അയര്‍ലണ്ട് 2025(AWAKE IRELAND 2025)ന് ഡബ്ലിനില്‍ തുടക്കമായി.ഒക്ടോബര്‍ 25, 26, 27 തിയതികളിലായി മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന അവേക്ക് അയര്‍ലണ്ട് ഡബ്ലിന്‍ സിറ്റി യൂണിവേഴ്സിറ്റിയിലെ (DCU) സെന്റ് പാട്രിക്‌സ് സ്‌പോര്‍ട്സ് ഹാളില്‍ വെച്ചാണ് നടത്തപ്പെടുന്നത്.

16 മുതല്‍ 30 വയസ് വരെയുള്ള സീറോ മലബാര്‍ യുവജനങ്ങളെ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ഈ ത്രിദിന ആത്മീയ സമ്മേളനം, വിശ്വാസ പുനരുജ്ജീവനത്തിനും ആത്മീയ ഉണര്‍വിനും നൂതന വഴിത്തിരിവാണെന്ന് സംഘാടകര്‍ വ്യക്തമാക്കി. റിപ്പബ്ലിക് ഓഫ് അയര്‍ലണ്ടിലേയും നോര്‍ത്തേണ്‍ അയര്‍ലണ്ടിലേയും 38 കുര്‍ബാന സെന്ററുകളില്‍ നിന്നുള്ള 350 ല്‍ അധികം യുവജനങ്ങള്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

നേതൃ പരിശീലന സെഷനുകള്‍, ആരാധനാ അനുഭവങ്ങള്‍ എന്നിവയിലൂടെ യുവാക്കളെ യഥാര്‍ത്ഥ ക്രിസ്തീയ ജീവിതത്തിലേക്ക് ആഴത്തില്‍ നയിക്കുക എന്ന ഉദ്ദേശത്തോടെ രൂപകല്‍പന ചെയ്തിരിക്കുന്ന പരിപാടിക്ക് സീറോ മലബാര്‍ അയര്‍ലണ്ട് ഡബ്ലിന്‍ റീജിയണ്‍ ആണ് ആതിഥ്യം വഹിക്കുന്നത്.

സീറോ മലബാര്‍ സഭയുടെ യൂറോപ്യന്‍ അപ്പസ്തോലിക് വിസിറ്റേറ്ററായ ബിഷപ്പ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്, മോട്ടിവേഷന്‍ സ്പീക്കറും യുവജന പ്രഭാഷകനുമായ ജോസഫ് അന്നക്കുട്ടി ജോസഫ്, ഫാ. ബിനോജ് മുളവരിക്കല്‍, അമേരിക്കയിലെ ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ യൂത്ത് ഡയറക്ടര്‍ ഫാ. മെല്‍വിന്‍ പോള്‍, കത്തോലിക്കാ റാപ്പ് സംഗീത രംഗത്തെ ശ്രദ്ധേയനായ പ്രോഡിഗില്‍ എന്നിവരും വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.

മൂന്ന് ദിവസങ്ങളിലായി ആത്മീയ സെഷനുകള്‍, ഹൃദയ സ്പര്‍ശിയായ സംഗീതം, വര്‍ക്ക്‌ഷോപ്പുകള്‍, ദിവ്യകാരുണ്യ ആരാധന എന്നിവ ഒരുക്കിയിട്ടുണ്ട്. സീറോ മലബാര്‍ സഭയുടെ സമ്പന്നമായ ലിറ്റര്‍ജിക്കല്‍ പാരമ്പര്യത്തിന്റെ പശ്ചാത്തലത്തില്‍ ക്രിസ്തുവിനോട് ആഴത്തിലുള്ള ആത്മബന്ധം കണ്ടെത്താന്‍ യുവാക്കളെ സഹായിക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം.

'അവേക്ക് അയര്‍ലണ്ട് 2025' എന്ന ആത്മീയ ഉത്സവം, യുവാക്കളുടെ ആത്മീയ വളര്‍ച്ചയ്ക്കും വ്യക്തിത്വ വികസനത്തിനും വാതായനമാകുമെന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നു. അയര്‍ലണ്ട് സീറോ മലബാര്‍ സഭ നാഷണല്‍ കോര്‍ഡിനേറ്റര്‍ ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിന്റേയും, എസ്. എം. വൈ. എം നാഷണല്‍ ഡയറക്ടര്‍ ഫാ. ബൈജു ഡേവിസ് കണ്ണമ്പിള്ളിയുടേയും നേതൃത്വത്തില്‍ നാഷണല്‍ പാസ്റ്ററല്‍ കൗണ്‍സില്‍, ഡബ്ലിന്‍ റീജിയണല്‍ കമ്മറ്റി, എസ്.എം.വൈ.എം നാഷണല്‍ ടീം എന്നിവരുടെ സഹകരണത്തോടെ അവേക്ക് അയര്‍ലണ്ട് 2025 നുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി സംഘാടകര്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.