കോവിഡ്; ഓസ്‌ട്രേലിയയില്‍ വയോജന പരിചരണരംഗത്ത് കടുത്ത പ്രതിസന്ധി; 6000 വയോധികര്‍ രോഗബാധിതര്‍

കോവിഡ്; ഓസ്‌ട്രേലിയയില്‍ വയോജന പരിചരണരംഗത്ത് കടുത്ത പ്രതിസന്ധി; 6000 വയോധികര്‍ രോഗബാധിതര്‍

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ ഏറ്റവുമധികം പ്രതിസന്ധി നേരിടുന്നത് വയോജന പരിചരണ കേന്ദ്രങ്ങള്‍. ഇത്തരം കേന്ദ്രങ്ങളിലെ ആറായിരത്തോളം അന്തേവാസികള്‍ രോഗബാധിരായപ്പോള്‍ 3,400 ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ രൂക്ഷമായ കോവിഡ് തരംഗത്തില്‍നിന്ന് പ്രായമായവരെ രക്ഷിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വയോജന പരിചരണ മേഖലയിലുള്ളവര്‍ ആവശ്യപ്പെട്ടു.

രാജ്യത്ത് 1,013 കേന്ദ്രങ്ങളിലായി 6,000 വയോധികരും അവരെ പരിചരിക്കുന്ന 3,400 ജീവനക്കാരും കോവിഡ് ബാധിതരായതായി ഏജ്ഡ് ആന്‍ഡ് കമ്മ്യൂണിറ്റി കെയര്‍ പ്രൊവൈഡേഴ്സ് അസോസിയേഷന്‍ അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ച വരെയുള്ള കണക്കാണിത്.

10 മുതല്‍ 15% വരെ ജീവനക്കാര്‍ ഇതിനകം വീടുകളില്‍ ക്വാറന്റീനിലാണെന്നും വരും ആഴ്ചകളില്‍ ഇത് മറ്റു ജീവനക്കാര്‍ക്കു മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടാക്കുമെന്നും അസോസിയേഷന്റെ ഇടക്കാല ചീഫ് എക്‌സിക്യൂട്ടീവ് പോള്‍ സാഡ്ലര്‍ പറഞ്ഞു. ഇതുകൂടാതെ വരും ദിവസങ്ങളില്‍ മൂന്നില്‍ രണ്ട് ഭാഗം ഏജ്ഡ് കെയര്‍ ഹോമുകളെയും കോവിഡ് വ്യാപനം ബാധിക്കുമെന്ന ആശങ്കയും പോള്‍ സാഡ്ലര്‍ പങ്കുവച്ചു.

കഴിഞ്ഞ ആഴ്ച 114 പേര്‍ മരണപ്പെട്ടത് ഉള്‍പ്പെടെ ഈ വര്‍ഷം ഇതുവരെ 2,301 വയോധികര്‍ക്ക് കോവിഡ് മൂലം ജീവന്‍ നഷ്ടമായതായി പോള്‍ സാഡ്ലര്‍ പറഞ്ഞു. ഈ ഘട്ടത്തില്‍ ജീവനക്കാരുടെ മേല്‍ അമിത സമ്മര്‍ദമുണ്ടാകാതിരിക്കാനുള്ള നടപടികള്‍ ഫെഡറല്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വയോജന പരിചരണ കേന്ദ്രങ്ങളിലെ ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാനും കോവിഡ് വ്യാപനം രൂക്ഷമായാലുണ്ടാകുന്ന പ്രതിസന്ധി നേരിടാനും പ്രായമായവരുടെ പരിചരണത്തിനായി റോയല്‍ കമ്മീഷന്‍ ശിപാര്‍ശ ചെയ്ത പരിഷ്‌കാരങ്ങള്‍ നടപ്പാക്കാനും ഫെഡറല്‍ സര്‍ക്കാര്‍ തയാറാകണം. കോവിഡ് കേസുകള്‍ കുത്തനെ ഉയരുകയും ആശുപത്രികള്‍ നിറഞ്ഞു കവിയുകയും ചെയ്ത സാഹചര്യത്തില്‍ വരും ദിവസങ്ങള്‍ വയോധികരെ സംബന്ധിച്ച് നിര്‍ണായകമാണ്.

പ്രായമായവരുടെ സംരക്ഷണത്തിന് മുന്‍ഗണന നല്‍കാനും അവരെ സംരക്ഷിക്കുന്ന ജീവനക്കാര്‍ക്കു വേണ്ട പിന്തുണ നല്‍കാനും പോള്‍ സാഡ്ലര്‍ സര്‍ക്കാരിനോടഭ്യര്‍ഥിച്ചു.

അതേസമയം, ഓസ്ട്രേലിയയില്‍ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11,000 കവിഞ്ഞു.

ശനിയാഴ്ച മാത്രം രാജ്യത്ത് 102 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. വിക്ടോറിയ സംസ്ഥാനത്താണ് ഏറ്റവും കൂടുതല്‍ മരണം രേഖപ്പെടുത്തിയത് - 44. ന്യൂ സൗത്ത് വെയില്‍സ് - 41, ക്വീന്‍സ്ലാന്‍ഡ് എട്ട്, സൗത്ത് ഓസ്ട്രേലിയ, ഓസ്‌ട്രേലിയ കാപ്പിറ്റല്‍ ടെറിട്ടറി - മൂന്ന്, പടിഞ്ഞാറന്‍ ഓസ്ട്രേലിയ - രണ്ട് എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിലെ മരണനിരക്ക്.

ടാസ്മാനിയയില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ നോര്‍ത്തേണ്‍ ടെറിട്ടറിയില്‍ കോവിഡ് മരണം ഒന്നും രേഖപ്പെടുത്തിയില്ല.

ശനിയാഴ്ച വരെ, ഓസ്ട്രേലിയന്‍ ജനസംഖ്യയുടെ 71 ശതമാനത്തിലധികം പേര്‍ക്ക് മൂന്നോ അതിലധികമോ കോവിഡ് പ്രതിരോധ വാക്‌സിനുകള്‍ ലഭിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.