മുംബൈ ഭീകരാക്രമണം: സൂത്രധാരനായ ലഷ്‌കര്‍ ഭീകരന് 15 വര്‍ഷം തടവുശിക്ഷ വിധിച്ച് പാക് കോടതി

മുംബൈ ഭീകരാക്രമണം: സൂത്രധാരനായ ലഷ്‌കര്‍ ഭീകരന് 15 വര്‍ഷം തടവുശിക്ഷ വിധിച്ച് പാക് കോടതി

ഇസ്‍ലാമാബാദ്: മുംബൈ ഭീകരാ​ക്രമണത്തിൽ 166 പേര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ സൂത്രധാരനായ ലഷ്‌കര്‍ ഭീകരന് 15 വര്‍ഷത്തെ ശിക്ഷ വിധിച്ച്‌ പാകിസ്ഥാനിലെ ഭീകര വിരുദ്ധ കോടതി.

ലശ്കര്‍ ഭീകരനായ സാജിദ് മജീദ് മിറിനാണ് 15 വര്‍ഷത്തെ തടവും നാല് ലക്ഷം രൂപ പിഴയും വിധിച്ചത്.
ഇന്ത്യയില്‍ ആക്രമണം നടത്താന്‍ ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കിയ കേസിലാണ് ഞായറാഴ്ച ഭീകരവിരുദ്ധ കോടതി വിധി പ്രസ്താവിച്ചത്.

166 പേര്‍ കൊല്ലപ്പെട്ട 2008 ൽ നടന്ന മുംബൈ ഭീകരാ​ക്രമണത്തിന്റെ സൂത്രധാരനാണ് ലശ്കര്‍ ഭീകരനായ സാജിദ് മജീദ്. കഴിഞ്ഞ ഏപ്രിലില്‍ പാക് ഭീകര വിരുദ്ധ സേനയുടെ പിടിയിലായത് മുതല്‍ ഇയാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

മുംബൈ ഭീകരീക്രമണത്തിൽ പങ്കുള്ള സാജിദ് ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുള്ളയാളാണ്. ആക്രമണത്തിന്റെ ‘പ്രോജക്റ്റ് മാനേജർ’ എന്നാണ് മിറിനെ വിളിച്ചിരുന്നത്. വ്യാജ പേരിലുള്ള പാസ്പോർട്ട് ഉപയോഗിച്ച് 2005 ൽ മിർ ഇന്ത്യ സന്ദർശിച്ചിരുന്നു. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ഹാഫിസ് സയീദിനെ തീവ്രവാദത്തിന് സാമ്പത്തിക സഹായം നൽകിയ കേസിൽ ലാഹോർ എടിസി 68 വർഷം തടവിന് ശിക്ഷിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.