ചരിത്രം പിറന്നു; ദ്രൗപതി മുര്‍മു രാഷ്ട്രപതി കസേരയില്‍

ചരിത്രം പിറന്നു; ദ്രൗപതി മുര്‍മു രാഷ്ട്രപതി കസേരയില്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു സ്ഥാനമേറ്റു. ഇന്ന് രാവിലെ 10.14 ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. തുടര്‍ന്ന് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് തന്റെ കസേരയില്‍ നിന്നു മാറി പുതിയ രാഷ്ട്രപതിയെ ഇരുത്തി. സത്യപ്രതിജ്ഞാ രജിസ്റ്ററില്‍ രാഷ്ട്രപതി ഒപ്പിട്ടു.

സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതി രാംനാഥ് കോവിന്ദിനൊപ്പമാണ് നിയുക്ത രാഷ്ട്രപതി പാര്‍ലമെന്റില്‍ എത്തിയത്. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന സത്യപ്രതിജ്ഞച്ചടങ്ങില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോഡി, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, കേന്ദ്രമന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, വിദേശരാജ്യങ്ങളുടെ നയതന്ത്ര മേധാവികള്‍, മൂന്നു സേനകളുടെയും മേധാവികള്‍, പാര്‍ലമെന്റംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പാര്‍ലമെന്റിന്റെ പരിസരത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. പാര്‍ലമെന്റിന്റെ പരിസരങ്ങളിലുള്ള മുപ്പതോളം കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഉച്ചയ്ക്ക് രണ്ടുമണിവരെ അവധി നല്‍കിയിട്ടുണ്ട്. രാവിലെ ആറുമണിമുതല്‍ ഈ കെട്ടിടങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിലയുറപ്പിച്ചിരുന്നു.

റായ്സിന കുന്നിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്നീ നേട്ടങ്ങളും ദ്രൗപദി മുര്‍മുവിനാണ്. രാഷ്ട്രപതിയാകുന്ന രണ്ടാമത്തെ വനിത എന്നതിന് പുറമെ ഗോത്രവര്‍ഗ വിഭാഗത്തില്‍ നിന്നുമുള്ള ആദ്യ രാഷ്ട്രപതി എന്ന പെരുമ കൂടിയുണ്ട് മുര്‍മുവിന്. സത്യപ്രതിജ്ഞയ്ക്ക് മുന്‍പായി രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിക്ക് ദ്രൗപതി മുര്‍മു ആദരമര്‍പ്പിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.