'വെള്ള നിറത്തിന് പ്രാധാന്യം'; ദ്രൗപതി മുര്‍മു സത്യപ്രതിജ്ഞാ ചടങ്ങില്‍ ധരിച്ചിരുന്ന സാരി ശ്രദ്ധയാകർഷിക്കുന്നു: സന്താലി സാരിയുടെ പ്രത്യേകതകൾ നോക്കാം

'വെള്ള നിറത്തിന് പ്രാധാന്യം'; ദ്രൗപതി മുര്‍മു സത്യപ്രതിജ്ഞാ ചടങ്ങില്‍ ധരിച്ചിരുന്ന സാരി ശ്രദ്ധയാകർഷിക്കുന്നു: സന്താലി സാരിയുടെ പ്രത്യേകതകൾ നോക്കാം

ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി സ്ഥാനമേറ്റ ദ്രൗപതി മുര്‍മു സത്യപ്രതിജ്ഞാ ചടങ്ങില്‍ ധരിച്ചിരുന്ന സാരി എല്ലാവരുടെയും ശ്രദ്ധയാകർഷിച്ച് ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ്. തൂവെള്ള നിറത്തില്‍ പച്ചയും പിങ്കും ബോര്‍ഡര്‍ വരുന്ന സന്താലി സാരിയായിരുന്നു ദ്രൗപതി ചടങ്ങിൽ ധരിച്ചിരുന്നത്.

സഹോദരന്റെ ഭാര്യ സുക്രിയാണ് ആ സാരി ദ്രൗപതി മുര്‍മുവിന് സമ്മാനിച്ചത്. പരമ്പാരാഗത വസ്ത്രമായ സന്താലി സാരിയ്ക്ക് നിരവധി പ്രത്യേകതകളുണ്ട്. സന്താലി ഗോത്രവര്‍ഗക്കാരുടെ പ്രധാന ഉത്സവങ്ങളിലൊന്നായ 'ബഹ'യിലാണ് ഈ വസ്ത്രം അവര്‍ പ്രധാനമായും ധരിക്കുന്നത്. മതപരമായ ആഘോഷങ്ങള്‍ക്ക് മാത്രമല്ല മറ്റ് മംഗളകര്‍മങ്ങള്‍ക്കും സന്താലി വസ്ത്രം ധരിക്കാറുണ്ട്. പുരുഷന്മാരും സ്ത്രീകളും ഒരുപോലെ ഉപയോഗിക്കുന്ന വസ്ത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.

ഒഡീഷയിലെ മയൂര്‍ഭഞ്ജിലെ സന്താലി വിഭാഗത്തില്‍പ്പെട്ടവര്‍ ധരിക്കുന്ന ഈ വസ്ത്രം വെള്ള നിറത്തിന് പ്രാധാന്യം നല്‍കിയാണ് ഡിസൈന്‍ ചെയ്യുന്നത്. കൈത്തറിയിലൂടെയാണ് സന്താലി സാരി നെയ്തെടുക്കുന്നത്. പരമ്പരാഗതമായ ഡിസൈനുകളായിരിക്കും ഇവയില്‍ കൂടുതലും ഉള്‍പ്പെടുത്തുന്നത്. വലിയ ബോര്‍ഡറും ഈ സാരിയുടെ പ്രത്യേകതയാണ്. ആകര്‍ഷകമായ ഡിസൈനില്‍ വരുന്ന സന്താലി വസ്ത്രം പുരുഷന്മാരും ധോത്തിയായി ഉപയോഗിക്കാറുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.