റെയ്ക്ജാവിക്: ആഗോള താപനത്തിൻ്റെ ഫലമായി ഇതുവരെ കൊതുകുകളില്ലെന്ന് കരുതിയ ഐസ്‍ലൻഡിൽ ആദ്യമായി കൊതുകുകളുടെ സാന്നിധ്യം കണ്ടെത്തിയതായി ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചു. ഐസ്‌ലൻഡ് നാച്ചുറൽ സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ എന്റമോളജിസ്റ്റ് മത്തിയാസ് ആൽഫ്രഡ്‌സൺ ആണ് കൊതുകുകളുടെ കണ്ടെത്തൽ സ്ഥിരീകരിച്ചത്. കുലിസെറ്റ ആനുലാറ്റ (Culiseta annulata) ഇനത്തിലെ മൂന്ന് കൊതുകുകളെയാണ് കണ്ടെത്തിയതെന്ന് ആൽഫ്രഡ്‌സൺ വ്യക്തമാക്കി.
റെയ്ക്ജാവിക്കിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ വടക്കുമാറി ക്ജോസ് എന്ന പ്രദേശത്താണ് കൊതുകുകളെ കണ്ടെത്തിയത്. രണ്ട് പെൺ കൊതുകുകളെയും ഒരു ആൺ കൊതുകിനെയുമാണ് കണ്ടെത്തിയത്. വിശദമായ പരിശോധനയിൽ കുലിസെറ്റ ആനുലാറ്റ എന്ന വിഭാഗത്തിൽപ്പെട്ടവയാണെന്ന് സ്ഥിരീകരിച്ചു. ശൈത്യകാലത്തും അതിജീവിക്കാൻ കഴിവുള്ള ചുരുക്കം ചില കൊതുക് വിഭാഗങ്ങളിൽ ഒന്നാണ് ഇവ.
കണ്ടെത്തിയ കൊതുകുകളെ ഐസ്‌ലൻഡിക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറൽ ഹിസ്റ്ററിയിൽ എത്തിക്കുകയും പ്രാണികളെക്കുറിച്ച് പഠിക്കുന്ന മത്തിയാസ് ഇവ കൊതുകുകൾ ആണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. യൂറോപ്പിന്റെയും വടക്കേ ആഫ്രിക്കയുടെയും ചില ഭാഗങ്ങളിൽ കുലിസെറ്റ ആനുലാറ്റ വിഭാഗത്തിലുള്ള കൊതുകുകളെ സാധാരണയായി കാണാറുണ്ട്.
എന്നാൽ എങ്ങനെയാണ് ഇവ ഐസ്‌ലാൻഡിൽ എത്തിയതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കപ്പലുകളിലൂടെയോ ഷിപ്പിങ് കണ്ടെയ്‌നറുകളിലൂടെയോ ആയിരിക്കാം കൊതുകുകൾ രാജ്യത്ത് പ്രവേശിച്ചതെന്നാണ് ഗവേഷകൻ കരുതുന്നത്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല.