തൊടുപുഴ: ഇടുക്കി ജില്ലയിലെ ഉറുമ്പിക്കര മലകളില്‍ നിന്ന് പുതിയൊരു സസ്യയിനത്തെ കണ്ടെത്തി. ഇക്‌സോറ ഗാഡ്ഗിലിയാന എന്നു നാമകരണം ചെയ്ത സസ്യമാണ് കണ്ടെത്തിയത്. മനോഹരമായ വെളുത്ത പൂക്കളോടു കൂടിയ ചെറിയ വൃക്ഷമാണിത്.
സമുദ്ര നിരപ്പില്‍ നിന്ന് 1200 മീറ്റര്‍ ഉയരത്തില്‍ പുല്‍മേടുകള്‍ക്കിടയില്‍ കാണപ്പെടുന്ന ഒറ്റപ്പെട്ട ചോല വനങ്ങളാണ് ഇവയുടെ ആവാസ കേന്ദ്രം. പത്തനംതിട്ട തുരുത്തിക്കാട് ബിഎഎ കോളജ് സസ്യശാസ്ത്ര അധ്യാപകരായ ഡോ. അനൂപ് പി ബാലന്‍, എ.ജെ റോബി എന്നിവരടങ്ങിയ ഗവേഷക സംഘമാണ് പുതിയ സസ്യത്തെ കണ്ടെത്തിയത്.
കേരളത്തില്‍ ഉരുള്‍പൊട്ടല്‍ സാധ്യത ഏറെയുള്ള അതീവ പരിസ്ഥിതി ലോല മേഖലയിലാണ് ഉറുമ്പിക്കര മലകള്‍ സ്ഥിതി ചെയ്യുന്നത്. പശ്ചിമ ഘട്ടത്തിന്റെ സംരക്ഷണത്തിനായി പ്രൊഫ. മാധവ് ഗാഡ്ഗില്‍ നല്‍കിയ സംഭാവനകളെ ആദരിച്ചാണ് പുതിയ ചെടിക്ക് അദേഹത്തിന്റെ പേര് കൂടി ഉള്‍പ്പെടുത്തി നല്‍കിയതെന്ന് ഗവേഷകര്‍ അറിയിച്ചു. പുതിയ കണ്ടെത്തല്‍ സംബന്ധിച്ച പഠനം ഫ്രാന്‍സില്‍ നിന്നുള്ള രാജ്യാന്തര ജേണലായ ആഡാന്‍ സോണിയ പ്രസിദ്ധീകരിച്ചു.