വിലക്കയറ്റത്തിനെതിരെ ലോക്സഭയില്‍ പ്രതിഷേധം; പ്രതാപനും രമ്യയുമടക്കം നാല് കോണ്‍ഗ്രസ് എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

വിലക്കയറ്റത്തിനെതിരെ ലോക്സഭയില്‍ പ്രതിഷേധം; പ്രതാപനും രമ്യയുമടക്കം നാല്  കോണ്‍ഗ്രസ് എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍


ന്യൂഡല്‍ഹി: വിലക്കയറ്റത്തിനെതിരെ ലോക്സഭയില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ച നാല് കോണ്‍ഗ്രസ് എം.പിമാര്‍ക്ക് സസ്പെന്‍ഷന്‍. രമ്യ ഹരിദാസ്, ടി.എന്‍ പ്രതാപന്‍, മാണിക്കം ടാഗോര്‍, ജ്യോതി മണി എന്നിവര്‍ക്കെതിരെയാണ് നടപടി.

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തീരും വരെയാണ് കോണ്‍ഗ്രസ് എം.പിമാരെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. വിലക്കയറ്റ വിഷയത്തിലെ പ്രതിഷേധത്തെത്തുടര്‍ന്ന് ലോകസഭ പിരിഞ്ഞു. ജി.എസ്.ടിയിലും വിലക്കയറ്റത്തിലും ചര്‍ച്ച വേണമെന്നതായിരുന്നു എം.പിമാരുടെ ആവശ്യം.

കഴിഞ്ഞ നാല് സഭാ സമ്മേളനത്തിലും സമാന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചെങ്കിലും സ്പീക്കര്‍ അംഗീകരിച്ചിരുന്നില്ല. സഭയ്ക്ക് പുറത്ത് ചര്‍ച്ച വേണമെന്ന ആവശ്യവും പരിഗണിച്ചിരുന്നില്ല. ഇതോടെയാണ് പ്ലക്കാര്‍ഡുകളേന്തി എം.പിമാര്‍ പ്രതിഷേധിച്ചത്.

തുടര്‍ന്ന് സ്പീക്കറുടെ ഇരിപ്പിടത്തിലേക്ക് എംപിമാര്‍ നീങ്ങിയത് നിയമ വിരുദ്ധമാണെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി ആരോപിച്ചു. പിന്നാലെയാണ് സസ്‌പെന്‍ഷന്‍ നടപടിയുണ്ടായത്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.