കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 20 നും വോട്ടെണ്ണല്‍ 22 നും നടക്കും. വിജ്ഞാപനം ജൂലൈ 26 ന് പുറപ്പെടുവിക്കും. അന്നുമുതല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. ഓഗസ്റ്റ് രണ്ടു വരെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കും. സൂക്ഷ്മ പരിശോധന മൂന്നിനു നടക്കും. പത്രിക ഓഗസ്റ്റ് അഞ്ചു വരെ പിന്‍വലിക്കാം.
2020 ഡിസംബറില്‍ സംസ്ഥാനത്തെ 1200 തദ്ദേശസ്ഥാപനങ്ങളില്‍ മട്ടന്നൂര്‍ നഗരസഭ ഒഴികെ പൊതുതിരഞ്ഞെടുപ്പ് നടന്നിരുന്നു. മട്ടന്നൂര്‍ നഗരസഭയുടെ കാലാവധി 2022 സെപ്റ്റംബര്‍ 10 നാണ് കഴിയുന്നത്. പുതിയ കൗണ്‍സിലര്‍മാര്‍ സെപ്റ്റംബര്‍ 11 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. നഗരസഭയില്‍ ആകെ 35 വാര്‍ഡുകളും 38812 വോട്ടര്‍മാരുമുണ്ട്.
18 വാര്‍ഡുകള്‍ സ്ത്രീകള്‍ക്കും ഒരെണ്ണം പട്ടികജാതിക്കും സംവരണം ചെയ്തിട്ടുണ്ട്. വോട്ടര്‍മാരില്‍ 18200 പുരുഷന്‍മാരും 20610 സ്ത്രീകളും 2 ട്രാന്‍സ്ജെന്‍ഡറുമുണ്ട്.
പുതിയ കൗണ്‍സിലിന്റെ ചെയര്‍പേഴ്സണ്‍, ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ തിരഞ്ഞെടുപ്പ് തീയതി കമ്മീഷന്‍ പിന്നീട് അറിയിക്കും. ആറ് സ്റ്റാന്റിംഗ് കമ്മിറ്റികളിലെ അംഗങ്ങളെയും ചെയര്‍മാന്‍മാരെയും അതിനുശേഷം തിരഞ്ഞെടുക്കും.