തൃശൂര്‍: ആദ്യത്തെ കുഞ്ഞ് ജനിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് അപകടത്തില്‍പ്പെട്ട് അച്ഛന്‍ മരിച്ചു. തൃശൂര്‍ വെസ്റ്റ് മങ്ങാട് പൂവത്തൂര്‍ വീട്ടില്‍ ബാലകൃഷ്ണന്റെ മകന്‍ ശരത് (30) ആണ് ബൈക്ക് അപകടത്തില്‍ മരിച്ചത്. സുഹൃത്ത് ചൂല്‍പ്പുറത്ത് അനുരാഗ് (19) ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്.
ഭാര്യയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വീട്ടില്‍ നിന്ന് സാധനങ്ങള്‍ എടുത്ത് ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഇന്നലെ ഉച്ചയോടെ ശരത്തിന് ആണ്‍കുഞ്ഞ് പിറന്നു.
മൂന്ന് വര്‍ഷം മുന്‍പാണ് ശരത്തും നമിതയും വിവാഹിതരായത്. പ്രസവത്തിനായി കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് നമിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ആദ്യത്തെ കുഞ്ഞിനെ കാത്തിരുന്ന കുടുംബത്തിനരികിലേക്ക് എത്തിയത് ശരത്തിന്റെ മരണവാര്‍ത്തയായിരുന്നു. ഓപ്പറേഷന്‍ തിയേറ്ററിലേക്ക് കയറ്റുമ്പോഴും നമിത ഭര്‍ത്താവിനെ അന്വേഷിച്ചിരുന്നു. ശരത് മരിച്ച വിവരം നമിതയെ അറിയിച്ചിട്ടില്ല.
പഴഞ്ഞ ചിറയ്ക്കല്‍ സെന്ററില്‍ മൊബൈല്‍ ഫോണ്‍ കട നടത്തുന്ന ശരത് ഇന്നലെ പുലര്‍ച്ചെ സുഹൃത്തിന്റെ വാഹനത്തില്‍ ആശുപത്രിയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ശരത്തും സുഹൃത്ത് അനുരാഗും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് വെട്ടികടവ് റോഡില്‍ പള്ളിക്ക് സമീപത്തുള്ള പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. നിര്‍മാണം പൂര്‍ത്തിയാകാത്ത റോഡില്‍ മെറ്റലിട്ട ഭാഗത്ത് വെച്ചായിരുന്നു അപകടം. നാട്ടുകാര്‍ ചേര്‍ന്ന് ഇവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.