രാജ്യസഭയില്‍ നടുത്തളത്തില്‍ ഇറങ്ങി മുദ്രാവാക്യം; എ.എ റഹീം ഉള്‍പ്പെടെ 11 എംപിമാര്‍ക്ക് സസ്പെന്‍ഷന്‍

രാജ്യസഭയില്‍ നടുത്തളത്തില്‍ ഇറങ്ങി മുദ്രാവാക്യം; എ.എ റഹീം ഉള്‍പ്പെടെ 11 എംപിമാര്‍ക്ക് സസ്പെന്‍ഷന്‍

ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നും ഉള്‍പ്പടെയുള്ള എംപിമാര്‍ക്ക് രാജ്യസഭയില്‍ സസ്പെന്‍ഷന്‍. സഭയുടെ നടുത്തളത്തില്‍ ഇറങ്ങി മുദ്രാവാക്യം വിളിച്ചതിനെ തുടര്‍ന്നാണ് ഇവരെ സസ്പെന്‍ഡ് ചെയ്തത്. 11 എംപിമാരാണ് നടപടിയ്ക്ക് വിധേയരായത്.

എ.എ റഹീം, വി. ശിവദാസ്, ഇ. സന്തോഷ് കുമാര്‍ എംപി എന്നിവരാണ് സസ്പെന്‍ഡ് ചെയ്യപ്പെട്ട കേരളത്തില്‍ നിന്നുള്ള എംപിമാര്‍. ഇവര്‍ക്ക് പുറമേ തൃണമൂല്‍ എംപിമാരെയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഒരാഴ്ചത്തേക്ക് ആണ് സസ്പെന്‍ഷന്‍.

രാജ്യസഭയില്‍ രാവിലെ മുതല്‍ തന്നെ പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധം ആരംഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് സഭാ നടപടികള്‍ മുന്നോട്ട് കൊണ്ടു പോകാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ പിരിഞ്ഞ സഭ ഉച്ചയ്ക്ക് വീണ്ടും ചേര്‍ന്നിരുന്നു. അപ്പോഴാണ് എംപിമാര്‍ മുദ്രാവാക്യം മുഴക്കി സഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചത്.

കഴിഞ്ഞ ദിവസം ലോക്സഭയിലും എംപിമാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി കാട്ടിയ കേരളത്തില്‍ നിന്നുള്ള നാല് കോണ്‍ഗ്രസ് എംപിമാരെയാണ് സസ്പെന്‍ഡ് ചെയ്തത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.