ഇഡിക്ക് നല്‍കിയിരിക്കുന്ന സവിശേഷ അധികാരങ്ങള്‍ പിന്‍വലിക്കാനാകില്ല; ഹര്‍ജികള്‍ തള്ളി സുപ്രീംകോടതി

ഇഡിക്ക് നല്‍കിയിരിക്കുന്ന സവിശേഷ അധികാരങ്ങള്‍ പിന്‍വലിക്കാനാകില്ല; ഹര്‍ജികള്‍ തള്ളി സുപ്രീംകോടതി

ന്യൂഡല്‍ഹി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നല്‍കിയ സവിശേഷ അധികാരങ്ങള്‍ ശരിവച്ച് സുപ്രീംകോടതി. ഇഡിക്ക് നല്‍കിയിരിക്കുന്ന അധികാരങ്ങള്‍ക്കെതിരേ സമര്‍പ്പിച്ച ഹര്‍ജികളിലാണ് സുപ്രീംകോടതിയുടെ തീര്‍പ്പു കല്‍പ്പിക്കല്‍. ഇഡിക്ക് സംശയം തോന്നുന്ന ഏത് സ്ഥലത്തും പരിശോധന നടത്താനുള്ള അധികാരത്തില്‍ ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി.

2002 ലെ കള്ളപ്പണ വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ സുപ്രധാന വകുപ്പുകളും ഇഡിയുടെ വിശാല അധികാരവും ചോദ്യംചെയ്തു കൊണ്ടുള്ള ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ണായകമായ ഉത്തരവ്.

ഇഡി കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ കുറ്റാരോപിതന് ഇസിഐആര്‍ നല്‍കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം സുപ്രീം കോടതി നിരാകരിച്ചു. ഇസിഐആര്‍ നല്‍കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി.

എന്‍ഫോഴ്സ്മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് എഫ്ഐആറിന് സമമല്ലെന്നും ഇത് ഇഡിയുടെ ഇന്റേണല്‍ ഡോക്യുമെന്റ് മാത്രമാണെന്നും കോടതി വ്യക്തമാക്കി. എഫ്ഐആറുമായി ബന്ധപ്പെട്ട സിആര്‍പിസി വ്യവസ്ഥകള്‍ ഇസിഐആറിന് ബാധകമല്ല.

കേസില്‍ പ്രതി ചേര്‍ത്തയാള്‍ക്ക് ഇസിഐആര്‍ നല്‍കണമെന്നത് നിര്‍ബന്ധമല്ല. എന്നാല്‍ വ്യക്തികള്‍ക്ക് കോടതിയെ സമീപിച്ച് ഇത് ആവശ്യപ്പെടാവുന്നതാണെന്നും കോടതി വ്യക്തമാക്കി. അറസ്റ്റിനും സ്വത്ത് കണ്ടുകെട്ടാനും ഇഡിക്ക് അധികാരമുണ്ടെന്നു കോടതി വ്യക്തമാക്കി. 242 ഹര്‍ജികളിലാണ് സുപ്രീംകോടതി വിധി പറഞ്ഞത്.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ സുപ്രധാന വ്യവസ്ഥകള്‍ ചോദ്യം ചെയ്തായിരുന്നു ഭൂരിഭാഗം ഹര്‍ജികളും. ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. അടുത്ത കാലത്ത് നടന്ന ഇഡി പരിശോധനകള്‍ രാഷ്ട്രീയപ്രേരിതമാണെന്ന ആരോപണങ്ങള്‍ക്കിടെയാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.