അപകട നിരക്ക് ഉയരുന്നു; വ്യോമസേന മിഗ് 21 സൂപ്പര്‍ സോണിക് വിമാനങ്ങള്‍ പിന്‍വലിക്കുന്നു

അപകട നിരക്ക് ഉയരുന്നു; വ്യോമസേന മിഗ് 21 സൂപ്പര്‍ സോണിക് വിമാനങ്ങള്‍ പിന്‍വലിക്കുന്നു

ന്യൂഡല്‍ഹി: അപകടങ്ങള്‍ തുടര്‍ക്കഥയായതോടെ മിഗ് 21 സൂപ്പര്‍ സോണിക് വിമാനങ്ങള്‍ പിന്‍വലിക്കാനൊരുങ്ങി വ്യോമസേന. സിംഗിള്‍ എന്‍ജിന്റെ നാല് സ്‌ക്വാര്‍ഡനും പിന്‍വലിക്കാനാണ് വ്യോമസേനയുടെ തീരുമാനം. ഈ സെപ്റ്റംബര്‍ മുതല്‍ നടപടികള്‍ ആരംഭിക്കും. 2025 ഓടെ നടപടികള്‍ പൂര്‍ത്തിയാക്കും.

1969 ലാണ് മിഗ് 21 സൂപ്പര്‍സോണിക് വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായത്. അപകടനിരക്ക് ഉയരുന്ന സാഹചര്യത്തിലാണ് വിമാനങ്ങള്‍ പിന്‍വലിക്കുന്നത്. 1960കള്‍ മുതല്‍ 872 മിഗ് 21 വിമാനങ്ങളില്‍ 400 ലധികം എണ്ണം അപകടങ്ങളില്‍പ്പെട്ട് നശിച്ചു. മിഗ് 21 വിമാനങ്ങളുടെ അപകടങ്ങളില്‍ 200ലധികം പൈലറ്റുമാരും അന്‍പതോളം യാത്രക്കാരും ഇതുവരെ മരിച്ചു.

ഈ മാസം 28ന് മിഗിന്റെ ട്രെയിനര്‍ വിമാനം രാജസ്ഥാനിലെ ബാര്‍മറില്‍ തകര്‍ന്നുവീണിരുന്നു. പരിശീലന പറക്കലിനിടെയാണ് അപകടം. രണ്ട് പൈലറ്റുമാരും മരിച്ചു. അപകടത്തിന്റെ കാരണം വ്യോമസേന അന്വേഷിച്ചുവരികയാണ്. മിഗ് 21 ഉപയോഗിക്കുന്നതിനെതിരേ മുന്‍ സൈനിക മേധാവികളും രംഗത്തെത്തിയിരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.