തിരുവനന്തപുരം: പ്‌ളസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ച വെബ്‌സൈറ്റിന്റെ സര്‍വര്‍ തകരാര്‍ ഇന്നലെയും പലവട്ടം ആവര്‍ത്തിച്ചത് വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കി. ഓപ്ഷനുകളില്‍ മാറ്റം വരുത്തി പ്രവേശനം ഉറപ്പാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ സമയപരിധി ഇന്നു വൈകിട്ട് അഞ്ചു മണിക്ക് അവസാനിക്കാനിരിക്കേയാണ് അടിക്കടി തകരാര്‍ സംഭവിച്ചത്.
ഡേറ്റാ സെന്റര്‍, ഐ.ടി മിഷന്‍, എന്‍.ഐ.സി എന്നിവ കൂടുതല്‍ സര്‍വറുകള്‍ സജ്ജമാക്കി ഇന്നലെ രാവിലെ പ്രശ്‌നം പരിഹരിച്ചിരുന്നു. എന്നിട്ടും രാവിലെ പതിനൊന്നോടെ വീണ്ടും തകരാറിലാവുകയായിരുന്നു. ഉച്ചയോടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് തടസം കൂടാതെ സൈറ്റ് നോക്കാനായത്. ഓപ്ഷനുകളില്‍ വരുത്തിയ മാറ്റങ്ങള്‍ സര്‍വര്‍ തകരാര്‍ കാരണം രേഖകളില്‍ വരാതെ പോകുമോയെന്ന ആശങ്കയിലായിരുന്നു വിദ്യാര്‍ത്ഥികള്‍.
അതേസമയം തകരാര്‍ പരിഹരിച്ചതിനാല്‍ സമയം നീട്ടിനല്‍കേണ്ടതില്ലെന്നാണ് അധികൃതരുടെ തീരുമാനം. ഓഗസ്റ്റ് മൂന്നിന് ആദ്യ അലോട്ട്‌മെന്റ് പ്രഖ്യാപിക്കും. അന്നും കുട്ടികള്‍ കൂട്ടത്തോടെ പരിശോധന നടത്തുമ്പോള്‍ സര്‍വര്‍ തകരാര്‍ സംഭവിക്കുമെന്ന് ആശങ്കയുണ്ട്. എന്നാല്‍ ആവശ്യമായ സര്‍വറുകള്‍ ഒരുക്കിയിട്ടുണ്ടെന്നാണ് അധികൃതരുടെ വാദം.
ഇന്നലെ രാത്രി 7.30 വരെ 2,67,326 പേര്‍ അലോട്ട്‌മെന്റ് പരിശോധിച്ചു. അവരില്‍,99,0153 പേര്‍ ഓപ്ഷനുകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. മുഴുവന്‍ എ പ്‌ളസ് നേടിയ കുട്ടികളിലേറെയും ട്രയല്‍ അലോട്ട്‌മെന്റില്‍ ഇടം നേടിയിട്ടുണ്ട്. ആദ്യ ഓപ്ഷനായി കൊടുത്ത സ്‌കൂള്‍ പലര്‍ക്കും ലഭിച്ചിട്ടുണ്ട്.
നാലു സെര്‍വറുകളില്‍ ഒരേസമയം ഒരു ലക്ഷത്തിലേറെ പേര്‍ കയറിയതാണ് പ്രശ്‌നത്തിന് കാരണമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. സര്‍വര്‍ തകരാര്‍ ഉണ്ടായതിനാല്‍ തിരുത്തല്‍ വരുത്താനുള്ള തീയതി നീട്ടുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.
ഒരാള്‍ ഫോണില്‍ സംസാരിക്കുമ്പോള്‍ മറ്റൊരാള്‍ വിളിച്ചാല്‍ കിട്ടില്ലല്ലോ. ഒരുപാട് വിദ്യാര്‍ത്ഥികള്‍ ഒന്നിച്ച് സൈറ്റില്‍ കയറിയതാണ് പ്രശ്‌നമായത്. പ്രവേശന നടപടികള്‍ സുഗമമായി നടക്കും. ഇത്തവണ ആദ്യം തന്നെ അധിക ബാച്ചിലേക്ക് പ്രവേശനം നടക്കും. അര്‍ഹതയുള്ള എല്ലാവര്‍ക്കും പ്രവേശനം ഉറപ്പാണെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.