കോഴിക്കോട്: പുലര്‍ച്ചെ നടത്തിയ വാഹന പരിശോധനയ്ക്കിടെ പൊലീസിനെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്തു. ഇന്ന് പുലര്‍ച്ചെ കോഴിക്കോടാണ സംഭവം. കസബ പൊലീസ് സ്റ്റേഷനിലെ എസ്ഐ എസ്. അഭിഷേകിനും ഡ്രൈവര്‍ മുഹമ്മദ് സക്കറിയയ്ക്കുമാണ് പരുക്കേറ്റത്.
പൊലീസിനെ ആക്രമിച്ച കോട്ടപ്പറമ്പ് സ്വദേശി വിപിന്‍ പത്മനാഭന്‍, പുതിയാപ്പ സ്വദേശി ശിഹാബ് എന്നിവരെ അറസ്റ്റ് ചെയ്തു. വാഹന പരിശോധനയ്ക്കിടെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന് പൊലീസ് ഇവരോട് കാര്യങ്ങള്‍ തിരക്കിയിരുന്നു. തുടര്‍ന്ന് വാഹനത്തിന്റെ പേപ്പറുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു.
മദ്യലഹരിയിലായിരുന്ന പ്രതികള്‍ കയ്യേറ്റം ചെയ്യുകയായിരുന്നു. എസ്ഐയുടെ കൈയ്ക്കും ഡ്രൈവറുടെ തലയ്ക്കുമാണ് പരുക്കേറ്റത്. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയത് ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. അറസ്റ്റിലായവര്‍ക്കെതിരേ മറ്റ് പൊലീസ് സ്റ്റേഷനുകളിലും സമാനമായ കേസുകളുണ്ട്.