എറണാകുളം-അങ്കമാലി അതിരൂപതയില്‍ സമയ ബന്ധിതമായി പരിഷ്‌കരിച്ച കുര്‍ബാന ക്രമം നടപ്പിലാക്കും: മാര്‍ ജോര്‍ജ് ആലഞ്ചേരി

എറണാകുളം-അങ്കമാലി അതിരൂപതയില്‍ സമയ ബന്ധിതമായി പരിഷ്‌കരിച്ച കുര്‍ബാന ക്രമം നടപ്പിലാക്കും: മാര്‍ ജോര്‍ജ് ആലഞ്ചേരി

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയില്‍ പ്രശ്‌ന പരിഹാരത്തിന് തുടക്കമായെന്ന് മേജര്‍ ആര്‍ച്ചു ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററുടെ നിയമനം ഇതിന്റെ ഭാഗമായാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മാര്‍ താഴത്തിന് കഴിയുമെന്ന് വത്തിക്കാനും സിനഡും പ്രതീക്ഷിക്കുന്നുവെന്നും മാര്‍ ആലഞ്ചേരി കൊച്ചിയില്‍ പറഞ്ഞു.

എറണാകുളം-അങ്കമാലി അതിരൂപതയുടെ എല്ലാ പ്രശ്‌നങ്ങളും ഒറ്റ ദിവസം കൊണ്ട് തീര്‍ക്കാവുന്നതല്ല. പ്രശ്‌ന പരിഹാരത്തിന്റെ തുടക്കമാണ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ നിയമനം. അപ്പോസ്തലിക്ക് അഡ്മിനിട്രേറ്റര്‍ എന്ന നിലയില്‍ വത്തിക്കാനോടും സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പിനോടും ചേര്‍ന്ന് നിന്ന് അതിരൂപതയുടെ പൊതു ഭരണം നിര്‍വഹിക്കുക എന്ന ദൗത്യമാണ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനുള്ളത്.

ഇപ്പോള്‍ തന്നെ 34 രൂപതകളിലും എറണാകുളം-അങ്കമാലി അതിരൂപതയിലെ ഏതാനും ഇടവകകളിലും സിനഡ് അംഗീകരിച്ച കുര്‍ബാന ക്രമം നടപ്പിലാക്കി. ഒരു തീയതി നിശ്ചയിച്ച് ഇവിടെയും പുതുക്കിയ കുര്‍ബാനക്രമം നടപ്പിലാക്കാന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തിന് സാധിക്കും എന്ന് കരുതുന്നതായും മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.

അതേസമയം ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകുമെന്നാണ് പ്രതീഷ. സര്‍ക്കാരില്‍ വിശ്വാസമുണ്ട്. നെഗറ്റീവായ ഒന്നും സര്‍ക്കാരില്‍ നിന്ന് ഉണ്ടായിട്ടില്ലെന്നും മാര്‍ ആലഞ്ചേരി കൂട്ടിച്ചേര്‍ത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.