തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണത്തില്‍ ക്രൈംബ്രാഞ്ച് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. എകെജി സെന്റര്‍ ആക്രമണം നടന്ന് ഒരു മാസം പിന്നിടുമ്പോഴാണ് അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് സംഘം എത്തുന്നത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
കേസ് 23 ദിവസം അന്വേഷിച്ചത് പ്രത്യേക അന്വേഷണ സംഘമാണ്. എന്നാല്‍ ഇവര്‍ക്ക് പ്രതികളെ കണ്ടെത്താന്‍ ആകാത്ത സാഹചര്യത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. എകെജി സെന്ററിലെത്തി സ്ഥലപരിശോധന നടത്തിയ സംഘം അന്നത്തെ സംഭവം പുനരാവിഷ്‌കരിക്കാനും സാധ്യതയുണ്ട്. പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തവരെ ക്രൈംബ്രാഞ്ച് സംഘം വീണ്ടും വിളിച്ചു വരുത്തിയേക്കും.
സ്‌ഫോടക വസ്തു പതിച്ച ഗേറ്റിന്റെ തൂണില്‍ ചെറിയ പാടുപോലും അവശേഷിക്കുന്നില്ല. എങ്കിലും സൂഷ്മ പരിശോധന നടത്തിയാണ് അന്വേഷണത്തിന് തുടക്കം. മഹസര്‍ തയാറാക്കുന്നതിന്റെ ഭാഗമായി ഗേറ്റില്‍ നിന്ന് റോഡുകളിലേക്കും അക്രമിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞ സി.സി.ടി. വി ക്യാമറകളിലേക്കുമുള്ള ദൂരം അളന്ന് തിട്ടപ്പെടുത്തി.
അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പൊലീസ് ഇതുവരെ നടത്തിയതും കണ്ടെത്തിയതുമായ കാര്യങ്ങള്‍ വിലയിരുത്തിയ ശേഷം അന്വേഷണ രീതി നിശ്ചയിക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം.