'വിവാദത്തില്‍പ്പെട്ട വ്യക്തി വകുപ്പില്‍ വരുന്നത് അറിയിച്ചില്ല': ശ്രീ റാം വെങ്കിട്ടരാമന്റെ പുതിയ നിയമനത്തില്‍ അതൃപ്തി അറിയിച്ച് മന്ത്രി ജി.ആര്‍ അനില്‍

'വിവാദത്തില്‍പ്പെട്ട വ്യക്തി വകുപ്പില്‍ വരുന്നത് അറിയിച്ചില്ല': ശ്രീ റാം വെങ്കിട്ടരാമന്റെ പുതിയ നിയമനത്തില്‍ അതൃപ്തി അറിയിച്ച് മന്ത്രി ജി.ആര്‍ അനില്‍

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനം ഇടിച്ചുകൊന്ന കേസിലെ പ്രതി ശ്രീ റാം വെങ്കിട്ടരാമന്റെ പുതിയ നിയമനത്തിലും വിവാദം. വ്യാപക പ്രതിഷേധത്തെതുടര്‍ന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍ സ്ഥാനത്ത് നിന്ന് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. സപ്ലൈകോ ജനറല്‍ മാനേജരായിട്ടായിരുന്നു പുനര്‍ നിയമനം. ഇതിനെതിരെ വകുപ്പ് മന്ത്രി ജി.ആര്‍ അനിലാണ് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.

ചീഫ് സെക്രട്ടറിയുടെ നടപടിയില്‍ മന്ത്രി അതൃപ്തി അറിയിച്ചു. സപ്ലൈകോ ജനറല്‍ മാനേജരാക്കിയത് വകുപ്പ് മന്ത്രി അറിഞ്ഞില്ലെന്നാണ് ആരോപണം. വിവാദത്തില്‍ പെട്ട വ്യക്തി വകുപ്പില്‍ വരുന്നത് അറിയിച്ചില്ല. ചീഫ് സെക്രട്ടറിയുടെ ഏകപക്ഷീയ നടപടിയില്‍ മുഖ്യമന്ത്രിയെ മന്ത്രി അതൃപ്തി അറിയിച്ചു. ചീഫ് സെക്രട്ടറിയുടെ ഇടപെടലിനെതിരെ ഇതിന് മുന്‍പും മന്ത്രിസഭാ യോഗത്തില്‍ മന്ത്രിമാര്‍ പ്രതിഷേധം അറിയിച്ചിരുന്നു.

ആലപ്പുഴ ജില്ലാ കളക്ടര്‍ സ്ഥാനത്ത് നിന്നും ശ്രീറാം വെങ്കിട്ടരാമനെ ഇന്നലെയാണ് മാറ്റിയത്. സപ്ലൈകോ ജനറല്‍ മാനേജറായി നിയമനം നല്‍കിയാണ് കളക്ടര്‍ സ്ഥാനത്ത് നിന്നും ശ്രീറാമിനെ മാറ്റിയത്. സപ്ലൈകോയുടെ കൊച്ചി ഓഫീസിലാവും ശ്രീറാം ഇനി പ്രവര്‍ത്തിക്കേണ്ടത്.

മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീറിനെ മദ്യലഹരിയില്‍ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാമിനെ കളക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റും വരെ സമരം നടത്തുമെന്ന് യുഡിഎഫ് പ്രഖ്യാപിച്ചിരുന്നു. ഓഗസ്റ്റ് ആറിന് കളക്ടറേറ്റിന് മുന്നില്‍ കൂട്ട സത്യാഗ്രഹം നടത്തി പ്രക്ഷോഭ പരിപാടികള്‍ക്ക് തുടക്കമിടാനാണ് യുഡിഎഫ് ആലപ്പുഴ ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നത്. ശ്രീറാം വെങ്കിട്ടരാമിനെ ആലപ്പുഴ ജില്ലാ കളക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റും വരെ പ്രക്ഷോഭം തുടരുമെന്നും യുഡിഎഫ് അറിയിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.