മെല്‍ബണ്‍: യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ലോകത്തെ ഏറ്റവും വലിയ പവിഴപ്പുറ്റ് മേഖലയായ ഗ്രേറ്റ് ബാരിയര്‍ റീഫ് നാശത്തിന്റെ വക്കിലെന്ന് റിപ്പോര്‍ട്ട്. റീഫിന്റെ ഓസ്‌ട്രേലിയന്‍ മേഖലയില്‍ മാസ് ബ്ലീച്ചിംഗിന് വിധേയമായി പവിഴപ്പുറ്റുകളുടെ ആവരണം നഷ്ടപ്പെടുന്നതായി ഓസ്ട്രേലിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മറൈന്‍ സയന്‍സസ് (എയിംസ്) നടത്തിയ പഠന റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.
കഴിഞ്ഞ മാര്‍ച്ചില്‍ യുനെസ്‌കോ വിദഗ്ധര്‍ നടത്തിയ സന്ദര്‍ശനത്തെത്തുടര്‍ന്ന് ഗ്രേറ്റ് ബാരിയര്‍ റീഫിനെ അപകടത്തിലാകുന്ന പൈതൃക മേഖലയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണോ എന്ന് ആലോചിക്കുന്നതിനിടെയാണ് റിപ്പോര്‍ട്ട്. പവിഴപ്പുറ്റിന്റെ പുനരുജ്ജീവനം അജണ്ടയില്‍ ഉള്‍പ്പെടുത്തിയ ലോക പൈതൃക സമിതി യോഗം ജൂണില്‍ റഷ്യയില്‍ നടത്താനിരുന്നെങ്കിലും മാറ്റിവച്ചു.
റീഫിന്റെ മധ്യ, വടക്കന്‍ മേഖലയേക്കാള്‍ വിനാശകരമാണ് തെക്കന്‍ മേഖലയിലെ പവിഴപ്പുറ്റ് സമൂഹമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവിടെയാണ് പവിഴപ്പുറ്റുകളുടെ ആവരണം നഷ്ടപ്പെടുന്നത്. ഇത് അതിവേഗം നടക്കുന്നതിനാല്‍ റീഫ് കൂടുതല്‍ ദുര്‍ബലമാണെന്ന് എയിംസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പോള്‍ ഹാര്‍ഡിസ്റ്റി പ്രസ്താവനയില്‍ പറഞ്ഞു.
വടക്കന്‍ മേഖലയില്‍ പവിഴപ്പുറ്റ് ശോഷണം 26 ല്‍ നിന്ന് 36 ശതമാനമായി. മധ്യമേഖലയില്‍ 12 ശതമാനത്തില്‍ നിന്ന് 33 ശതമാനമായും ശോഷണം വളര്‍ന്നു. തെക്കന്‍ മേഖലയില്‍ 34 ശതമാനം പവിഴപ്പുറ്റുകളുടെ ആവരണത്തിന് നാശം സംഭവിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ചൂട്, സമ്മര്‍ദ്ദം, കടല്‍ക്ഷോഭം, മാലിന്യം എന്നീ കാരണങ്ങള്‍ മൂലമാണ് ശോഷണം സംഭവിക്കുന്നതെന്നാണ് പഠനം പറയുന്നത്. ഇപ്പോഴത്തെ നിലയില്‍ കാര്യങ്ങള്‍ കൈവിട്ട് പോയിട്ടില്ലെന്നും അടിയന്തിരമായി വീണ്ടെടുക്കല്‍ മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ ഗ്രേറ്റ് ബാരിയര്‍ റീഫ് പുനരുജീവനം സാധ്യമാക്കാമെന്നും ഹാര്‍ഡിസ്റ്റി പറഞ്ഞു.