വീണ്ടും ഏറ്റുമുട്ടലിലേക്ക്... കേരള വി.സി നിയമനം; സര്‍ക്കാരിനെ മറികടന്ന് ഗവര്‍ണര്‍ കമ്മിറ്റിയുണ്ടാക്കി

വീണ്ടും ഏറ്റുമുട്ടലിലേക്ക്... കേരള വി.സി നിയമനം; സര്‍ക്കാരിനെ മറികടന്ന് ഗവര്‍ണര്‍ കമ്മിറ്റിയുണ്ടാക്കി

തിരുവനന്തപുരം: ഒരിടവേളയ്ക്കു ശേഷം സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ഏറ്റുമുട്ടലിന് കളമൊരുങ്ങുന്നു. കേരളസര്‍വകലാശാലാ വി.സി. നിയമനത്തിലാണ് കൊമ്പുകോര്‍ക്കുന്നത്. ചാന്‍സലറുടെയും യു.ജി.സി.യുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി വി.സി. നിര്‍ണയസമിതിക്ക് ഗവര്‍ണര്‍ രൂപംനല്‍കി.

വി.സി. നിയമനത്തില്‍ ചാന്‍സലറെന്ന നിലയിലുള്ള ഗവര്‍ണറുടെ അധികാരം കുറയ്ക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കാനിരിക്കെയാണ് ഗവര്‍ണറുടെ നീക്കം. കേരള സര്‍വകലാശാലാ പ്രതിനിധിയെ നിശ്ചയിക്കുന്ന മുറയ്ക്ക് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയാണ് സമിതിയെ നിയമിച്ച് രാജ്ഭവന്‍ വിജ്ഞാപനം പുറത്തിറക്കിയത്.

കേരള സര്‍വകലാശാലയുടെ പ്രതിനിധിയായി ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ ഡോ. വി.കെ. രാമചന്ദ്രനെ സെനറ്റ് നേരത്തേ തിരഞ്ഞെടുത്തിരുന്നു. എന്നാല്‍, ഈ വിവരം ഗവര്‍ണറെ അറിയിച്ചിരുന്നില്ല. പകരം സെനറ്റ് തിരഞ്ഞെടുത്ത ഡോ. രാമചന്ദ്രന് സമിതിയംഗമായി പ്രവര്‍ത്തിക്കാന്‍ അസൗകര്യമുണ്ടെന്ന് കാണിച്ചുള്ള ഒരു കത്ത് വെള്ളിയാഴ്ച സര്‍വകലാശാല ഗവര്‍ണര്‍ക്ക് നല്‍കി.

പുതിയ അംഗത്തെ തിരഞ്ഞെടുക്കാന്‍ സ്വാഭാവികമായും രണ്ടുമൂന്ന് ആഴ്ചയെടുക്കാം. ഈ സമയത്തിനുള്ളില്‍ വി.സി. നിയമനത്തിലുള്ള ഗവര്‍ണറുടെ അധികാരം പരിമിതപ്പെടുത്തുന്ന ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ കൊണ്ടുവരുമെന്നാണ് രാജ്ഭവന്റെ വിലയിരുത്തല്‍.

സമിതിയിലേക്കുള്ള ചാന്‍സലറുടെ പ്രതിനിധിയെ സര്‍ക്കാര്‍ നിശ്ചയിക്കുമെന്നും മൂന്നംഗസമിതി ഭൂരിപക്ഷാഭിപ്രായ പ്രകാരം നല്‍കുന്ന പേര് ഗവര്‍ണര്‍ അംഗീകരിക്കണമെന്നും വ്യവസ്ഥ ചെയ്യുന്നതാണ് അണിയറയില്‍ ഒരുങ്ങുന്ന ഓര്‍ഡിനന്‍സ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.