വിദേശ തീവ്രവാദിയെ രാജ്യം വിടാന്‍ മുഖ്യമന്ത്രി സഹായിച്ചു; പിണറായിക്കെതിരേ ഗുരുതര വെളിപ്പെടുത്തലുമായി സ്വപ്‌ന സുരേഷ്

വിദേശ തീവ്രവാദിയെ രാജ്യം വിടാന്‍ മുഖ്യമന്ത്രി സഹായിച്ചു; പിണറായിക്കെതിരേ ഗുരുതര വെളിപ്പെടുത്തലുമായി സ്വപ്‌ന സുരേഷ്

കൊച്ചി: സാറ്റലൈറ്റ് ഫോണുമായി കൊച്ചി എയര്‍പോര്‍ട്ടില്‍ പിടിയിലായ യുഎഇ പൗരനെ വിട്ടയ്ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് ഇടപെട്ടെന്ന ഗുരുതര വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷ്. ഈജിപ്ത് സ്വദേശിയായ ഒരു തീവ്രവാദിയെ ആണ് രാജ്യം വിടാന്‍ പിണറായി വിജയന്‍ സഹായിച്ചതെന്ന് സ്വപ്ന പറഞ്ഞു.

സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ: കോണ്‍സുലേറ്റില്‍ കോള്‍ വന്നു. ഒരു യുഎഇ പൗരന്‍ പിടിക്കപ്പെട്ടു. നെടുമ്പാശേരി പൊലീസിന്റെ കൈകളിലാണെന്ന് പറഞ്ഞു. കോണ്‍സുല്‍ ജനറല്‍ എന്നെ വിളിച്ച് മുഖ്യമന്ത്രിയെ വിളിച്ച് സംസാരിക്കാനാവശ്യപ്പെട്ടു. ഇങ്ങനെയുള്ള കാര്യങ്ങള്‍ വരുമ്പോള്‍ തന്നെ വിളിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ടെന്നും കോണ്‍സുല്‍ ജനറല്‍ പറഞ്ഞു.


ഞാന്‍ ശിവശങ്കര്‍ സാറിനെ വിളിച്ച് കാര്യങ്ങള്‍ അവതരിപ്പിച്ചു. മുഖ്യമന്ത്രിയോട് സംസാരിച്ചിട്ട് കാര്യം അറിയിക്കാമെന്ന് ശിവശങ്കര്‍ പറഞ്ഞു. 10 മിനിട്ടിനുള്ളില്‍ അദ്ദേഹം തിരികെ വിളിച്ചു. മുഖ്യമന്ത്രിയോട് സംസാരിച്ചെന്നും വേണ്ട നടപടികള്‍ എടുത്തെന്നും പറഞ്ഞു. ഈജിപ്തില്‍ ജനിച്ച യുഎഇ പൗരനാണ് ഇയാള്‍. അബുദാബിയില്‍ നിന്നാണ് വന്നത്.

ഒമാന്‍ എയര്‍വേയ്‌സ് വിമാനം വഴി രക്ഷപ്പെടാന്‍ ശ്രമിച്ചു. പിആര്‍ഒ ആവശ്യപ്പെട്ടതനുസരിച്ച് ഒരു സത്യവാങ്മൂലം ഞാന്‍ എഴുതി കോണ്‍സുല്‍ ജനറലിനെക്കൊണ്ട് ഒപ്പിടീപ്പിച്ച് വാട്‌സാപ്പില്‍ അയച്ചുനല്‍കി. നാലിന് അറസ്റ്റ് ചെയ്ത ആള്‍ ആറുവരെ കസ്റ്റഡിയിലായിരുന്നു. ആറിന് ഈ സത്യവാങ്മൂലം ഉപയോഗിച്ച് ഇയാളെ റിലീസ് ചെയ്തു. ഏഴിന് ഇയാളെ തിരികെ അയച്ചു.

ഒരു തീവ്രവാദിയെ രാജ്യം വിടാന്‍ മുഖ്യമന്ത്രിയും ശിവശങ്കറും സഹായിച്ചു. യുഎഇയെയും തീവ്രവാദികളെയും മുഖ്യമന്ത്രി പിന്തുണയ്ക്കുന്നത് മകള്‍ വീണയുടെ ബിസിനസ് മെച്ചപ്പെടുത്താനാണെന്നും സ്വപ്‌ന ആരോപിച്ചു. സ്വപ്‌നയുടെ പുതിയ ആരോപണം ബിജെപിയും കോണ്‍ഗ്രസും ഏറ്റെടുത്തിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.