പിന്‍വാതില്‍ നിയമന വിവാദം: പ്രിയ വര്‍ഗീസിന്റെ ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡെപ്യൂട്ടേഷന്‍ കാലാവധി നീട്ടി

പിന്‍വാതില്‍ നിയമന വിവാദം: പ്രിയ വര്‍ഗീസിന്റെ ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡെപ്യൂട്ടേഷന്‍ കാലാവധി നീട്ടി

തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ ഡെപ്യൂട്ടേഷന്‍ നീട്ടി. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടി ഡയറക്ടര്‍ പദവിയാണ് നീട്ടിയത്. ഒരു വര്‍ഷത്തേക്കാണ് ഡെപ്യൂട്ടേഷന്‍ നീട്ടിയത്. പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാലയില്‍ ഒന്നാം റാങ്കോടെ അസോസിയേറ്റ് പ്രൊഫസറായി തെരഞ്ഞെടുത്തത് വിവാദമായിരുന്നു.

ഈ വിഷയത്തില്‍ ഗവര്‍ണര്‍ വിശദീകരണം ചോദിച്ചതോടെ നിയമന ഉത്തരവ് നല്‍കാതിരിക്കെയാണ് ഡെപ്യൂട്ടേഷന്‍ നീട്ടി നല്‍കിയത്. കണ്ണൂര്‍ സര്‍വകലാശാല വി.സിയോടാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിശദീകരണം തേടിയിരിക്കുന്നത്.

നിലവില്‍ കേരള വര്‍മ കോളജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ആണ് പ്രിയ. അസോസിയേറ്റ് പ്രൊഫസര്‍ നിയമനം ലഭിച്ചാല്‍ പ്രിയയ്ക്ക് ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡയറക്ടര്‍ നിയമനം കിട്ടും.

കണ്ണൂര്‍ സര്‍വകലാശാലയില്‍ മലയാളം വിഭാഗത്തില്‍ പ്രിയ വര്‍ഗീസിന് അസോസിയേറ്റ് പ്രൊഫസര്‍ പദവിയില്‍ ഒന്നാം റാങ്ക് നല്‍കിയുളള പട്ടിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗീകരിച്ചിരുന്നു. എന്നാല്‍ അടിസ്ഥാന യോഗ്യതയായ എട്ടു വര്‍ഷത്തെ അധ്യാപന പരിചയം ഇല്ലെന്ന് ആക്ഷേപമുയര്‍ന്നു. ഇതോടെ സിപിഎം നേതാവിന്റെ ഭാര്യയെ പിന്‍വാതില്‍ വഴി നിയമിക്കാന്‍ ശ്രമിച്ചതായി ആക്ഷേപമുയരുകയും വിവാദമാവുകയുമായിരുന്നു.

ഗവേഷണ ബിരുദവും എട്ടു വര്‍ഷം അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലുള്ള അധ്യാപന പരിചയവുമാണ് യു.ജി.സി വ്യവസ്ഥയനുസരിച്ച് അസോസിയേറ്റ് പ്രൊഫസറുടെ യോഗ്യത. കണ്ണൂര്‍ സര്‍വകലാശാല പുറത്തിറക്കിയ വിജ്ഞാപനത്തിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. എന്നാല്‍, 2012-ല്‍ തൃശൂര്‍ കേരളവര്‍മ കോളജില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമനം നേടിയ പ്രിയ വര്‍ഗീസ് സര്‍വീസിലിരിക്കെ മൂന്നു വര്‍ഷത്തെ അവധിയെടുത്ത് ഗവേഷണം നടത്തിയാണ് പി.എച്ച്.ഡി നേടിയത്. ഗവേഷണം കഴിഞ്ഞ് 2019ലാണ് സര്‍വീസില്‍ തിരിച്ചുകയറുന്നത്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.