കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്: പ്രതികളുടെ വീട്ടില്‍ ഇഡി റെയ്ഡ്

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്: പ്രതികളുടെ വീട്ടില്‍ ഇഡി റെയ്ഡ്

തൃശൂര്‍: കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് കേസില്‍ നിര്‍ണായക ഇടപെടലുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവരുടെ വീടുകളില്‍ ഇഡി പരിശോധന നടത്തി. മുഖ്യപ്രതി ബിജോയ് ഉള്‍പ്പടെ അഞ്ച് പ്രതികളുടെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. കൊച്ചി യൂണിറ്റിലെ എസിപി രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള 75 അംഗ ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്ക് എത്തിയത്.

രാവിലെ എട്ടുമണിയോണ് ഇഡിയുടെ സംഘം പ്രതികളായ സുനില്‍ കുമാര്‍, ബിജു കരീം, ജില്‍സ്, ബിജോയ് എന്നിവരുടെ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയത്. വലിയ സുരക്ഷാ സന്നാഹത്തിലാണ് പരിശോധന. കേസില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. നിലവില്‍ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.

ബാങ്കില്‍ നിന്നും പ്രതികള്‍ തട്ടിച്ചെടുത്ത പണം ബിനാമി നിക്ഷേപം നടത്തിയതിന്റെ രേഖകള്‍ കണ്ടെത്തുന്നതിനായാണ് പരിശോധന. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 104 കോടി രൂപയുടെ ക്രമക്കേടാണ് നടന്നതെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തട്ടിപ്പ് സംബന്ധിച്ച് ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തിട്ട് ഒരു വര്‍ഷം തികയുകയാണ്. ഇനിയും കുറ്റപത്രം നല്‍കാനായിട്ടില്ല.

കോടികളുടെ തട്ടിപ്പ് നടന്ന കരുവന്നൂരില്‍ പണം തിരികെ കിട്ടാനുള്ള കാത്തിരിപ്പ് തുടരുകയാണ് നിക്ഷേപകര്‍. ഇതുവരെ 28.40 കോടി രൂപ നിക്ഷേപകര്‍ക്ക് മടക്കി നല്‍കിയതായി സഹകരണ മന്ത്രി വി.എന്‍ വാസവന്‍ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.

കേരള ബാങ്കിന്റെ നേതൃത്വത്തില്‍ കണ്‍സോര്‍ഷ്യം രൂപീകരിച്ച് നിക്ഷേപകരുടെ പണം മടക്കി നല്‍കാനുള്ള നീക്കം നടത്തിയെങ്കിലും റിസര്‍വ് ബാങ്ക് ഇടപെട്ടതോടെ അത് മുടങ്ങിയിരുന്നു. കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണവും തുടരുകയാണ്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.