ഇടുക്കി അണക്കെട്ടിലെ എല്ലാ ഷട്ടറുകളും താഴ്ത്തി; മുല്ലപ്പെരിയാറിലും മഴ കുറഞ്ഞു

ഇടുക്കി അണക്കെട്ടിലെ എല്ലാ ഷട്ടറുകളും താഴ്ത്തി; മുല്ലപ്പെരിയാറിലും മഴ കുറഞ്ഞു

ചെറുതോണി: നീരൊഴുക്ക് കുറഞ്ഞതോടെ ഇടുക്കി അണക്കെട്ടിലെ എല്ലാ ഷട്ടറുകളും അടച്ചു. ജലനിരപ്പും നീരൊഴുക്കും കുറഞ്ഞതിനെ തുടര്‍ന്നാണ് ഷട്ടറുകള്‍ അടച്ചത്. കനത്ത മഴയില്‍ നീരൊഴുക്ക് ശക്തമാകുകയും ജലനിരപ്പ് ഉയരുകയും ചെയ്തതിനെ തുടര്‍ന്ന് ഏഴാം തീയതിയാണ് ഇടുക്കി ഡാം തുറന്നത്.

കഴിഞ്ഞ അഞ്ചു ദിവസമായി ഇടുക്കിയുടെ വൃഷ്ടി പ്രദേശത്ത് മഴ കുറവാണ്. ജലനിരപ്പും നീരൊഴുക്കും കുറഞ്ഞതിനെ തുടര്‍ന്ന് ഇന്ന് രാവിലെ തുറന്നു വച്ചിരുന്ന അവസാന ഷട്ടറും അടയ്ക്കുകയായിരുന്നു. 40 സെന്റിമീറ്റര്‍ ഉയര്‍ത്തിവച്ച് 30,000 ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കിയിരുന്നത്. മുല്ലപ്പെരിയാര്‍ ഡാമിലും ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്.

നിലവില്‍ 2386.74 അടി ആണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. റൂള്‍ കര്‍വ് അനുസരിച്ച് 2386. 81 അടി വെള്ളം അണക്കെട്ടില്‍ സംഭരിക്കാന്‍ കഴിയും. കനത്ത മഴയില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു വിട്ടതിനെ തുടര്‍ന്നാണ് ദിവസങ്ങള്‍ക്ക് മുന്‍പ് ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് പെട്ടെന്ന് തന്നെ ഉയര്‍ന്നത്. ഇതിന് പുറമേ വൃഷ്ടി പ്രദേശത്ത് മഴ ശക്തമായതും ഇടുക്കി അണക്കെട്ടിലെ നീരൊഴുക്ക് വര്‍ധിപ്പിച്ചു.

കഴിഞ്ഞ മൂന്നു ദിവസമായി ഇടുക്കി ജില്ലയില്‍ മഴ കാര്യമായി പെയ്യുന്നില്ല. ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ ആരംഭിച്ചിരുന്ന ദുരിതാശ്വാസ ക്യാമ്പുകള്‍ പലതും പിരിച്ചു വിടുകയും ചെയ്തിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.